Unveiling the Enchanting Journey of a 14-Year-Old & Discover Life's Secrets Through 'My Slice of Life'. Grab it NOW!!
Unveiling the Enchanting Journey of a 14-Year-Old & Discover Life's Secrets Through 'My Slice of Life'. Grab it NOW!!

Annu George

Drama Inspirational

4.5  

Annu George

Drama Inspirational

ചാച്ചി

ചാച്ചി

2 mins
396


രണ്ടാഴ്ച കാലത്തേയ്ക്ക് വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതി എന്ന ലീഡിൻ്റെ വാക്ക് കേട്ട് പെട്ടിയും കിടക്കയും സിസ്റ്റവും വാരിക്കെട്ടി വീട്ടിലേയ്ക്ക് വന്ന മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ച ഓർമ്മയിൽ തെളിയുന്നു. രണ്ടാഴ്ച മൂന്നായി, മൂന്ന് നാലായി... അങ്ങനെ പോയി പോയി ഒരു കൊല്ലത്തോടടുക്കാറായി.


ജോലിസ്ഥലങ്ങൾ വീട്ടിലേയ്ക്ക് പറിച്ചു നട്ടതിൽ പിന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിൽ നിർവൃതി അടയുന്ന പുതുയുഗ മനുഷ്യനെ പറ്റി പലയിടത്തും വായിച്ച് കേട്ടു. പക്ഷേ എന്തു കൊണ്ടോ ഈ ചിന്ത എൻ്റെ തൊണ്ടയിൽ കുടുങ്ങി അകത്തോട്ടോ പുറത്തോട്ടോ എന്നില്ലാതെ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു. കോളുകളുടെയും മീറ്റിങ്ങുകളുടെയും ഇടയിൽ ജോലികളത്രയും 'രാവിലെ' 'രാത്രി' എന്നുള്ള സമയരേഖകൾ ഭേദിച്ച് ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു എന്നതാണ് സത്യം. അതു കൊണ്ട് തന്നെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ഓഫീസ് ജീവിതത്തിൽ നിന്നൊരല്പം ആശ്വാസം കിട്ടുന്നത് വാരാന്ത്യങ്ങളിലാണ്. ആഴ്ചാവസാനമുള്ള ഈ അവധി ദിവസങ്ങളിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളുടെ കുറിപ്പെഴുതിയിടാറുണ്ട്. പതിവ് ശനിയാഴ്ചകൾപ്പോലെ തയ്യാറാക്കിയ കുറിപ്പ് കയ്യിലെടുത്തപ്പോഴാണ് ചുവന്ന വൃത്തത്തിൽ 'ചാച്ചി' എന്ന് കുറിച്ചിട്ടിരുന്നത് കണ്ടത്.


ചാച്ചി എൻ്റെ വല്യപ്പനാണ്. ചെറുപ്പം മുതലേ എൻ്റെ സർവ്വ തല്ലുകൊള്ളിത്തരത്തിനും കൂട്ട് നിൽക്കുന്ന എൻ്റെ അപ്പൻ്റെ അപ്പൻ. കർക്കശക്കാരനായ വല്യപ്പൻ എന്ന പതിവ് സങ്കല്പങ്ങളിൽ നിന്ന് മാറി, എന്തും പറയാവുന്ന ഒരു

കൂട്ടുകാരനെപ്പോലെയായിരുന്നു ചാച്ചി. സ്ക്കൂൾ വിട്ട് വരുന്ന എന്നെ നിറപുഞ്ചിരിയോടെ കാത്ത് നിൽക്കുന്നതു മുതൽ, ഒരോ മണിക്കൂറിലുമുള്ള ഇന്ത്യാവിഷൻ വാർത്തയ്ക്കു മുൻപ് റിമോട്ടിനു വേണ്ടിയുള്ള തല്ല് വരെ - ചാച്ചിയെക്കുറിച്ച് പറയാൻ ഒരുപാടാണ്. 


അടുത്തിടയ്ക്കുണ്ടായ ഒരു വീഴ്ചയ്ക്ക് ശേഷം ചാച്ചി കിടപ്പാണ്. ഇടയ്ക്ക് ചാച്ചി ഉറക്കെ വിളിക്കാറുണ്ട്. തിരക്കിൻ്റെയിടയിൽ പലപ്പോഴും ആ വിളി മറക്കാറാണ് പതിവ്. ജോലി കഴിയുമ്പോഴേയ്ക്കും രാത്രി ആയിട്ടുണ്ടാവും. പിന്നെ പകലെപ്പോഴെങ്കിലും ഒരു നേർച്ച പോലെ പോയി വന്നാലെ ഉള്ളു. തിരക്കുകളൊക്കെ ഒതുക്കി തിരിച്ചു ചെല്ലുമ്പോൾ മറന്നു പോയ മുഖങ്ങളിൽ ഞാനുമുണ്ടാവുമോ എന്നെനിക്ക് പലപ്പോഴും പേടി തോന്നാറുണ്ട്. ഓർമ്മകൾ അസ്തമിച്ച താഴ്‌വരയിൽ പേരില്ലാത്ത മുഖങ്ങളിൽ ഒന്ന് മാത്രമായി ഞാനും മാറിയെങ്കിലോ..?


ഞാൻ പതിയെ ചാച്ചിയുടെ മുറിയിലേക്ക് പോയി. ഉറക്കമാണ്. രാത്രിയിലൊട്ടും ഉറങ്ങിയിട്ടില്ല എന്ന് കെയർ ഗീവർ ചേട്ടൻ പറഞ്ഞു. കുറച്ചുനേരം ഞാൻ ചാച്ചിയെ നോക്കി നിന്നു. ആകെ ക്ഷീണിച്ചു പോയി. കണ്ണുകൾ പാതിയിലേറെ അടഞ്ഞിരിക്കുന്നു. തൊലി ചുക്കിചുളിഞ്ഞിരുന്നു. ഉറക്കമെങ്കിലും ഇടത് കൈ ചെറുതായി വിറയ്ക്കുന്നുണ്ട്. 


ചെറുപ്പത്തിൽ പോലീസ് വണ്ടി തടഞ്ഞ, പിറകേ നടന്ന് അമ്മച്ചിയെ കല്യാണം കഴിച്ച ഒരു ഇരുപതുകാരനെന്ന പൂർവ്വകാലം ചാച്ചിയ്ക്ക് ഉണ്ടായിരുന്നു എന്ന് ചിന്തിക്കാനേ വയ്യ. 5 വർഷം മുൻപ് വരെ കൊടിയും പ്ലാവും കേറി നടന്നിരുന്ന എഴുപതുകാരനും ഇന്നത്തെ ചാച്ചിയിൽ എവിടെയും ബാക്കിയുള്ളതായി തോന്നുന്നില്ല. ഒരു പക്ഷേ നാളെ ഞാനും നിങ്ങളും ഭൂതകാലത്തിന്റെ ഒരു തരി പോലും ശേഷിക്കാതെ പുതിയ ആരെങ്കിലും ആയി മാറില്ല എന്നാര് കണ്ടു?


ജീവിതം കാലപൂർണ്ണതയിൽ ഒരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നെനിക്ക് തോന്നി. ഒന്നിനും ഉത്തരങ്ങളില്ല. കൂടുതൽ കൂടുതൽ ചോദ്യങ്ങൾ മാത്രം. ചാച്ചിയ്ക്കെങ്കിലും ഉത്തരങ്ങൾ കിട്ടിയിട്ടുണ്ടാവുമോ? അതോ ഒരിക്കലും കിട്ടില്ല എന്ന് മനസ്സിലാക്കി പാതി വഴിയിൽ ചോദ്യങ്ങൾ അവസാനിപ്പിച്ചിരിക്കുമോ?


എന്നെ എൻ്റെ ചിന്തകളിൽ നിന്നുണർത്തിക്കൊണ്ട് ചാച്ചി കണ്ണ് തുറന്നു. ഞാൻ ചിരിച്ചുക്കൊണ്ട് ഒരു ഗുഡ് മോർണിങ് പറഞ്ഞു. പ്രയാസപ്പെട്ടെങ്കിലും ഒരു ചെറുപുഞ്ചിരിയോടെ പതിഞ്ഞ സ്വരത്തിൽ ചാച്ചിയും ഒരു ഗുഡ് മോർണിങ് പറഞ്ഞു. ഇപ്പോഴും ആ ചിരി മാത്രം മാറിയിട്ടില്ല.


Rate this content
Log in

More malayalam story from Annu George

Similar malayalam story from Drama