ABY VARGHESE

Comedy Drama

3.4  

ABY VARGHESE

Comedy Drama

ഒരു തേങ്ങാക്കഥ

ഒരു തേങ്ങാക്കഥ

2 mins
1.3K


അന്നൊരു വ്യാഴാഴ്ച ആയിരുന്നു. ഞങ്ങൾ പഠിക്കുന്ന പള്ളിക്കൂടം ഏകദേശം 18 കിലോമീറ്റർ അകലെയായിരുന്നു. ഗ്രാമങ്ങളിലൂടെയും, ആദിവാസി കുടിലുകൾക്കിടയിലൂടെയുമുള്ള മൺ പാത കഴിഞ്ഞാൽ വനമായി. കല്ലുകളും, പാറകളും നിറഞ്ഞ വഴി. മഴക്കാലമായാൽ ഈ പാറകളിലൊക്കെ വഴുക്കലാണ്. കൂടാതെ, അട്ട മുള്ളനട്ട പാമ്പുകൾ എന്നിങ്ങനെയുള്ള ഉരഗജീവികൾ സസുഖം വാഴുന്ന വനം. ഈ മൺ പാതയിലൂടെയും, വനത്തിലൂടെയുമുള്ള കൂട്ടം കൂട്ടമായി തിരിഞ്ഞു കാൽനടയായിട്ടാണ് സ്‌കൂളിലേക്കുള്ള യാത്ര. വനം കഴിഞ്ഞാൽ വീണ്ടും ജനവാസ മേഖലകളായി. അതിൽ ഉൾപ്പെടുന്നതാണ് പഞ്ചായത്ത് മെമ്പർ ജാനകിയുടെ പത്തേക്കർ സ്ഥലം. നിറയെ തെങ്ങുകളും, റബ്ബർമരങ്ങളും ഒക്കെയുള്ള സ്ഥലം.


ഞാനും, സുധീറും, മണ്ടൻ തോമ എന്ന് വിളിക്കുന്ന തോമസും കൂടെ രണ്ടുമൂന്നു പെൺകുട്ടികളും പള്ളിക്കൂടത്തിൽ നിന്നും വീട്ടിലേയ്ക്കുള്ള വഴിയിൽ, മനസ്സിൽ തോന്നിയൊരാശ. ജാനകിയുടെ പറമ്പിലെ തെങ്ങിനിട്ടെറിഞ്ഞ് ഉന്നം പരീക്ഷിച്ചാലോ? ആദ്യം തേങ്ങ എറിഞ്ഞിടുന്നയാൾക്ക് അടുത്ത ശനിയാഴ്ച ഒരു ഗ്ലാസ്സ് രസ്ന കലക്കിയ വെള്ളം. ഞങ്ങൾ ആൺകുട്ടികൾ മൂന്നുപേരും ആത്മാർത്ഥമായി ഉന്നം പരീക്ഷണം നടത്തിക്കൊണ്ടിരുന്നു, പെൺകുട്ടികൾ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു . ഞങ്ങളുടെ കൂട്ടത്തിൽ കൈക്ക് നല്ല നീളമുള്ള സുധീറിന്റെ ഒരേറിൽ മൂന്ന് കരിക്കുകൾ താഴെ. ഞങ്ങളെല്ലാം കൂടി ആക്രാന്തത്തോടെ അത് തല്ലിപ്പൊട്ടിച്ചു കഴിച്ചുകൊണ്ട് വീട്ടിലേയ്ക്ക് നടന്നു. പതിവുപോലെ അന്നേദിവസവും, പിറ്റേ ദിവസം രാവിലെയും കടന്നുപോയി.


ഞാനന്ന് 7 -)o ക്ലാസ്സിൽ. മൂന്നാമത്തെ പീരിയഡിൽ ശോഭ ടീച്ചർ കണക്ക് പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പീയൂൺ വിശ്വംഭരൻ ക്ലാസിലെത്തി ടീച്ചറോടെന്തോ കുശുകുശുത്തു. തുടർന്ന് ടീച്ചർ ക്ലാസ്സിൽ വിളംബരം ചെയ്തു, ജോണിനെ ഹെഡ്‌മാസ്റ്റർ ഓഫിസിലേക്ക് വിളിക്കുന്നു എന്ന്. ഞാനൊന്നു ഞെട്ടി. ഇതുവരെ ഞാൻ ഓഫിസിൽ കയറിയിട്ടില്ല.ഉള്ളൊന്നു കാളി. നാട്ടുകാരും, കുട്ടികളും "കടുവ" എന്ന് വിളിക്കുന്ന പ്രഭാകരൻ സാറാണ് ഹെഡ്‌മാസ്റ്റർ. ഓഫീസിൽ  കയറിയാൽ അടിയുറപ്പാണ്. എങ്കിലും അടിമേടിക്കാനും മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ എന്നോർത്തു ഒരു മൂളിപ്പാട്ടും പാടി ഓഫീസ് റൂമിലേയ്ക്ക് നടന്നു. ദൂരെ നിന്നേ ഞാൻ കണ്ടു മൂന്ന് ചുവന്ന പാവടക്കാരികൾ (അന്ന് സ്‌കൂളിലെ പെൺകുട്ടികളുടെ യൂണിഫോം മഞ്ഞ ബ്ലൗസും, ചുവന്ന പാവാടായുമാണ്) അവിടെ നിൽക്കുന്നു. എന്തോ പന്തികേട് മണത്തു. കൈകളിൽ വിയർപ്പിന്റെ നനവ്, കാൽവെള്ള വിയർത്തിട്ട് വള്ളിച്ചെരുപ്പിൽ കാലുറയ്ക്കുന്നില്ല.


എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി. ഞാൻ ഒരു നിമിഷം നിന്നു. അകത്തേയ്ക്ക് കയറണോ? അതോ ഗ്രൗണ്ടിൽകൂടി ഓടി അഴുതയാട്ടിൽ ചാടണോ എന്നാലോചിച്ചു നിൽക്കുമ്പോൾ പുറകിൽ നിന്നാരോ എന്നെ അകത്തേയ്ക്ക് തള്ളി. നോക്കുമ്പോൾ വിശ്വംഭരൻ "സാറാ വിളിക്കുന്നേ, അകത്തോട്ട് കേറിക്കോ" എന്ന് ഒരു മയവുമില്ലാതെ പറഞ്ഞു.


ഞാൻ സർവ്വ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു അകത്തേയ്ക്ക് നടന്നു. നോക്കുമ്പോൾ അതാ ഒമ്പതിൽ പഠിക്കുന്ന സുധീറും, എട്ടിൽ പഠിക്കുന്ന തോമയും അവിടെ മേശയുടെ മുന്നിലായി നിൽക്കുന്നു. മേശയ്ക്ക് പിന്നിൽ മൂക്കിന്റെ തുമ്പത്തെ കറുത്ത മറുക് വിറപ്പിച്ച് കടുവാസാർ ഭീമനെപ്പോലെ നിൽക്കുന്നു. "എല്ലാവരും വന്നോ?", "ഉവ്വ്" വിശ്വംഭരൻ എന്ന ആരാച്ചാറിന്റെ മറുപടി.


"ആരാടാ തെങ്ങേലെറിഞ്ഞത്?" എന്ന ചോദ്യം എന്റെ നേർക്കാണെന്നറിഞ്ഞപ്പോൾ തൊണ്ട വറ്റി വരണ്ടു. അറിയാതെ എന്റെ ചൂണ്ടുവിരൽ സുധീറിനു നേരെ നീണ്ടു. "ഇങ്ങു വാടാ" എന്നു വിളിച്ചു സുധീറിനെ ജനാലയ്ക്കലേക്ക് കൊണ്ടുപോയി. "നിങ്ങളും വാടാ" എന്ന് ഞങ്ങളോടും ആജ്ഞാപിച്ച സാർ സുധീറിനോട് ചോദിച്ചു "ഇപ്പോൾ കള്ളനെ കണ്ടോടാ?"


ഞങ്ങൾ എല്ലാവരും ജാനാലയിലൂടെ വെളിയിലേക്ക് നോക്കി. അവിടെയും ഇവിടെയും കണ്ണുകൾ പരാതി.


"ഇതുവരെ കണ്ടില്ലേടാ? സൂക്ഷിച്ചു നോക്ക്." ഞങ്ങൾ വീണ്ടും ജനാലയുടെ അകത്തുകൂടി വെളിയിലേക്ക് നോക്കി. അങ്ങനെ നോക്കുമ്പോൾ. താഴെ ടൗണിൽ ഗ്രേസ് എന്ന ബസ് ആളുകളെ ഇറക്കുന്നു. ഞങ്ങൾ ഇറങ്ങുന്ന ആളുകളെ കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്യുന്നു. ആരെയായിരിക്കാം സാറ് ഉദ്ദേശിച്ചത്? അങ്ങനെ ഞങ്ങൾ കള്ളനെ തിരയുമ്പോൾ സാർ പെൺകുട്ടികളോടു പറയുന്നതു കേൾക്കാം "ആമ്പിള്ളേര് കൊണ്ടുവരുന്നത്  ഞണ്ണാൻ നടക്കുന്നു... നാണമില്ലെടീ നിനക്കൊക്കെ?"


പതുക്കെ മനസ്സിലെ ഭയമൊന്നൊഴിയാൻ തുടങ്ങിയപ്പോൾ പെട്ടെന്നാണ് വെടിപൊട്ടുന്നത് പോലൊരു ശബ്ദം കേട്ടത്. ഞാനും, തോമയും തിരിഞ്ഞു നോക്കുമ്പോൾ സുധീർ കാലിന്റെ പെരുവിരൽ കുത്തി പുറകോട്ടു വളഞ്ഞു നിൽക്കുന്നു.അടുത്തത് എന്റെ ഊഴമായിരിക്കും. എനിക്ക് വീണ്ടും കണ്ണിലിരുട്ട് കയറുന്നതുപോലെ തോന്നി. സാറിന്റെ പരുപരുത്ത ശബ്ദം ആ ഇരുട്ടിനെ മുറിച്ചു.


"ഇങ്ങോട്ടു നോക്കെടാ ആരാ തേങ്ങാ കള്ളനെന്ന്?" ഒരു ചെറിയ മുഖക്കണ്ണാടി ആ ജനാലയിൽ തൂക്കിയിട്ടിരിക്കുന്നു. പച്ച നിറത്തിൽ പ്ലാസ്റ്റിക് ഫ്രെയിമുള്ള ആ കുഞ്ഞു കണ്ണാടി സാറിന്റെ തലമുടി ചീകാനും, മീശ മിനുക്കാനുമായി തൂക്കിയതാണ്. കണ്ണാടി സുധീറിന്റെ മുന്പിലായിരുന്നതുകൊണ്ട് ഞങ്ങളും അവനും എല്ലാം ഒരുപോലെ സാർ ചൂണ്ടിയ ദിശയിലേക്ക് നോക്കി. നോക്കിയവരെല്ലാം കണ്ടു സുധീറിന്റെ മുഖം. ഞങ്ങൾക്ക് ചിരിക്കണോ കരയണോ എന്ന് തോന്നി.Rate this content
Log in

Similar malayalam story from Comedy