നിള

Classics Others

4.4  

നിള

Classics Others

സത്യഭാമ

സത്യഭാമ

3 mins
336


" നിനക്ക് ഭ്രാന്താണ് ഭാമേ "

നിരതെറ്റിയ മഞ്ഞപ്പല്ലുകൾ കാട്ടിചിരിച്ചയാൾ പറഞ്ഞു. അവളും ചിരിച്ചു.


അതെ സത്യഭാമക്ക് ഭ്രാന്താണ്. ജയചന്ദ്രനെന്ന ഭ്രാന്ത്‌.

ഭാമയുടെ ജയനെന്ന ഭ്രാന്ത്‌.


ഗ്രാമത്തിലെ കൊച്ചു എൽ പി സ്കൂളിലേക്ക് സ്ഥലമാറി വന്ന മലയാളം വാദ്യാർ. മീനെച്ചിയുടെ കുഞ്ഞുമോളെ സ്കൂളിൽ വിടാൻ ചെന്നപ്പോഴാണ് ആദ്യം കണ്ടത്. ഒന്നും തോന്നിയില്ല. പരസ്പരം ഒരു ചിരി. അവിടെ ഒതുങ്ങിയ മുഖപരിചയം.


എങ്കിലും ചങ്കിൽ തറച്ച രൂപം കാണാൻ, വെറുതെ ഒരു പുഞ്ചിരി കൈമാറാൻ അവളെന്നും മീനെച്ചിയുടെ മോളെ കൊഞ്ചിച്ചു സ്കൂളിൽ പോകും.


അവൾക്ക് കുഞ്ഞുങ്ങളെ ഇഷ്ടമല്ലല്ലോ, പിന്നെയെന്തിനു? മറുപടി, അവനെ കാണാൻ.


വായനയിൽ അവൾ പ്രണയിച്ച പല അക്ഷരങ്ങളും അവന്റെ തൂലികയിൽ ഉതിർന്നതായിരുന്നു. അക്ഷരങ്ങളുടെ ലോകത്ത് പച്ചപ്പിടിക്കാത്ത ഒരു സാഹിത്യകാരൻ.


" ഭാമ എന്തേ പോയില്ല? "

കുഞ്ഞിനെ ആക്കിയിട്ടും പോകാതെ നിൽക്കുന്ന അവളോട് ആദ്യമായി ഒരു ചോദ്യം.


" പേരെങ്ങനെ? "


" മോൾ പറഞ്ഞു "

നിസ്സാരമായ സംഭാഷണം. എങ്കിലും അതൊരു കണ്ണുനീരായി.


കേട്ടിട്ടില്ലേ,

    അടർന്നു വീഴുന്ന ഓരോ തുള്ളിയും     

    ഓർമകളാണ്


കേൾക്കാൻ വഴിയില്ല. അവന്റെ വരികൾ കുറിച്ചത് താളുകളില്ല ഭാമയുടെ ഹൃദയത്തിലായിരുന്നു. ആരും അറിഞ്ഞിട്ടുണ്ടാവില്ല." എന്നെ സ്നേഹിക്കുമോ മാഷേ? "

വെറുതെ ഒരുനാൾ ഒരു ചോദ്യം. മൗനമായിരുന്നു മറുപടി.


" എനിക്കിഷ്ടാ "

പതിഞ്ഞൊരു ശബ്ദം. അതിനും മറുപടി ഉണ്ടായില്ല.


" ഞാൻ പോകുന്നു ജയൻ "


" ജയൻ? "

അവനിൽ നിന്ന് സ്വരം ഉയർന്നു. അവളതിനെ അവഗണിച്ചു.


ജയൻ, ഭാമയുടെ ഭ്രാന്തുകളിൽ മറ്റൊന്ന്. എന്നോ സിനിമയിൽ കണ്ട് ആരാധന ഏറിയപ്പോൾ ഉള്ളിൽ ഉറപ്പിച്ചതാഞ് ജയനെപ്പോലൊരാൾ!!!!!


പക്ഷെ വാദ്യാർ ജയനിൽ നിന്നും വ്യത്യസ്തനാണ്. അസാമാന്യ ധൈര്യമൊന്നും കാട്ടാത്ത ഒരാൾ. പുകക്കാൻ അറിയാത്ത ഒരാൾ. ചിരിയോടെ മാത്രം കണ്ട ഒരാൾ. അവനവൾ പേര് നൽകി, ജയൻ.


അല്ല അവന്റെ നാമം അതായിരുന്നു, ജയചന്ദ്രൻ.


എല്ലാവർക്കും ചന്ദ്രൻ, അവൾക്ക് ജയൻ.


എല്ലാവർക്കും ഭാമ, അവനും ഭാമ." ഭാമക്ക് കുങ്കുമപ്പൊട്ടാണ് ചേർച്ച "

കുഞ്ഞിനെ തിരികെ കൂട്ടാൻ ചെന്ന നേരം അവൻ പറഞ്ഞു.


പിന്നീട് അവളിൽ വലിയ കുങ്കുമപ്പൊട്ട് സ്ഥാനം പിടിച്ചു.


" ഭാമ സുന്ദരിയാണ് "

ഇടവഴിയിൽ വെച്ചൊരു സംഭാഷണം. മനം കുളിർത്തു.


വേനലിൽ വിണ്ടുണങ്ങിയ മണ്ണിൽ ചാറ്റലായി തുടങ്ങി പേമാരിയായി മാനം പെയ്തൊഴിഞ്ഞു. അവിടെ വസന്തം വിത്തിട്ടു. അത് കിളിർത്തു, ഇല വന്നു. ശിശിരം അതിനെ കൊഴിയിച്ചു കളഞ്ഞു.


" ഭാമേ നിനക്ക് ഭ്രാന്താണ് "

വീണ്ടുമൊരു സംഭാഷണത്തിൽ അവൻ പറഞ്ഞു. പിന്നീട് ' എന്നെ സ്നേഹിക്കുമോ?' എന്നവൾ ചോദിക്കുമ്പോഴെല്ലാം അവന്റെ സ്ഥിരം പല്ലവിയായി അത് മാറി.


നീണ്ട മുടിയാണ് ഭാമക്ക്, അതിൽ ചെമ്പകപ്പൂവ് സ്ഥാനമേറ്റു. അവളിലും ചെമ്പക വാസന പടർന്നു.


ഋതുക്കൾ മാറി. അവൾ മാത്രം മാറിയില്ല. ഇടക്കെല്ലാം ചോദിക്കും.


" എന്നെ സ്നേഹിക്കുമോ? "


" നിനക്ക് ഭ്രാന്താണ് ഭാമേ "

ഒരേ മറുപടി.


പാടത്ത് വിളവിറക്കുന്ന സമയം. സുമേച്ചിക്ക് ഒപ്പം പാടത്തിറങ്ങി. ആദ്യമായി ഉള്ള അപരിചിതത്വം നൽകുന്ന വീർപ്പുമുട്ടൽ. സമയം കടന്നതും അതില്ലാതെയായി. അരികിൽ കാക്കപ്പൂവിന്റെ ഭംഗിയുള്ള ഒരുവൻ.


കാക്കപ്പൂവ്, അവളുടെ ഇഷ്ട പുഷ്പം!!!!


" എനിക്ക് അർഹതയുണ്ടോ? "

വിളഞ്ഞ പാടവരമ്പിലൂടെ നടക്കുമ്പോൾ അവൻ ചോദിച്ചു.


" ജയന് മാത്രവേ ഉള്ളൂ "

പുഞ്ചിരി ചാലിച്ച മറുപടി.


" പക്ഷെ നിനക്കർഹതയില്ല ഭാമേ "


" അറിയാം "

ശ്വാസത്തള്ളിച്ചയോടെയവൾ പറഞ്ഞു.


വീണ്ടും അവനെ കണ്ടു. ചോദ്യങ്ങളും ഉത്തരങ്ങളും പലതവണ ആവർത്തിച്ചു. അവൾക്കവനൊരു ലഹരി ആയിരുന്നു. ഒരിക്കലും അറിയാത്ത, എന്നാൽ അറിയാൻ കൊതിക്കുന്നൊരു ലഹരി.


          ഷാരോണിലെ

          പനിനീർപ്പൂവാണു ഞാൻ.

          താഴ്വരകളിലെ ലില്ലിപ്പൂവ്

              ( ഉത്തമഗീതം : 2.1 )

എന്നോ വായിച്ചുകേട്ട ബൈബിൾ ഭാഗം. പിന്നീട് നസ്രാണി കൂട്ടുകാരിയിൽ നിന്നും വാങ്ങിവെച്ചവൾ അത് മുഴുവൻ പകർത്തി എടുത്തു. പിന്നീടവ മനഃപാഠമാക്കി.


" ഞാൻ പോകുവാണ് ഭാമേ, ഈ നാടിനെ വിട്ട്, എന്റെ കുട്ടികളെ വിട്ട്, പിന്നെ ഭാമയെ വിട്ട് "

തോട്ടിലെ വെള്ളത്തിൽ തുണി മുക്കി എടുത്തുകൊണ്ടിരുന്നവൾ അവനെ നോക്കി. ഒരു വാക്ക് മിണ്ടാൻ പറ്റുന്നില്ല. വെള്ളത്തിൽ കാലിട്ട് ഇരിക്കുന്നവനെ നിർവികരമായി ഉറ്റുനോക്കി നിന്നു.


" എന്നെ സ്നേഹിച്ചട്ടില്ലേ? "

വീണ്ടുമൊരു ചോദ്യം. അറിയാൻ കൊതി.


" നിനക്ക് ഭ്രാന്താണ് ഭാമേ "

ചിരിയോടെ മറുപടി. പ്രതീക്ഷിച്ചിരുന്നു.


അവൾ യാത്ര അവസാനിപ്പിച്ചപ്പോൾ അവനത് തുടങ്ങി. അവന്റെ മുന്നോട്ടുള്ള യാത്ര അവളുടെ പിന്നോട്ടുള്ള ഓർമ്മകൾ. ജീവിതത്തിലെ കൈപ്പിന് കാഠിന്യമേറി.


" ജയൻ "

രാത്രിയുടെ യാമങ്ങൾ ഓർമകളെ ഒഴുക്കി വിട്ടു.


എനിക്കായി കാത്തിരിക്കുമ്പോൾ നോവണം. നോവ് പറഞ്ഞു തരും ഞാൻ നിനക്കാരെന്നു.

അവന്റെ വരികൾ തന്നെ.


എന്തിനു വാക്കുകളിൽ അവൻ വിരഹം നിറച്ചു.


പ്രണയം വയലിൻ പോലെയാണ്, സ്വന്തമാക്കി മീട്ടിയാൽ ഇമ്പം ഏറും, അല്ലേൽ അതിലൊരു നോവിന്റെ രാഗം കാണും.


അവനിത് ഏത് രീതിയിലാവും? ഭാമയുടെ ചിന്തകൾ അവനിൽ തുടങ്ങി അവനിൽ തന്നെ അവസാനിച്ചു.


" ഞാനൊരു പുഴയാണ് ഭാമ, അതിൽ പലതുമുണ്ട്. നീയറിയാത്ത പലതും "

ജാതിതോട്ടത്തിൽ തന്റെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞ വാക്കുകൾ.


ഭാമ കിടുകിടുത്തു. കാത്തിരിപ്പിന് കണ്ണുനീരിന്റെ ഉപ്പാണ് രുചി.


" ഭാമേ "

ഓർത്തിരുന്ന വിളി. ആ മിഴികളിൽ പിടപ്പ്.


" എന്തേ? "

പരിഭവത്തിൽ നേർത്ത അവളുടെ സ്വരം.


" എന്റെ വിവാഹമാണ് "

ഞെട്ടി. ഒന്നല്ല ഒരായിരം കൂരമ്പ് നെഞ്ചിൽ തറച്ച പോലെ.


" ജയൻ "

അവിശ്വാസത്തോടെയൊരു വിളി.


" പറഞ്ഞില്ലേ അർഹതയില്ലെന്ന് "

അവനതെല്ലാം നിസ്സാരം.


ജനിക്കാൻ കൊതിക്കുന്ന ഉപ്പ് കലർന്ന ജലത്തോട് അരുതെന്ന് പറയാൻ കഴിഞ്ഞില്ല. അത് ഒഴുകിയിരുന്നു.


" സ്നേഹിച്ചിട്ടില്ലേ എന്നെ? "

വീർപ്പുമുട്ടൽ.


" നിനക്ക് ഭ്രാന്താണ് ഭാമേ "

പഴയ മഞ്ഞപ്പല്ല് കാട്ടിയുള്ള ചിരി.


കാണാൻ പാടില്ലായിരുന്നു. അറിയരുതായിരുന്നു.

ഒന്നും വേണ്ടായിരുന്നു.


" ക്ഷമിക്കുമോ എന്നോട്? "

അവന്റെ ചോദ്യം.


" ഒരിക്കലുമില്ല "

നനഞ്ഞ മറുപടി.


" അതെന്തേ സ്നേഹിച്ചതല്ലേ? "


" അത്കൊണ്ട് മാത്രം "

ദേഷ്യവും വെറുപ്പുമില്ല. പക്ഷെ തന്റെ സ്നേഹമറിഞ്ഞിട്ടും........


" നിനക്ക് ഭ്രാന്താണ് ഭാമേ "

ഉറക്കെ ചിരിച്ചവൻ പറഞ്ഞു.


" എന്റെ ഭ്രാന്ത്‌ ജയന് മനസിലാകില്ല "

ആദ്യമായി അതിനൊരു മറുപടി. ജയൻ നിശബ്ദനായി.


കാലം കടന്നു. ഉണങ്ങാൻ കൊതിക്കുന്ന മുറിവുകളെ അതിനനുവദിക്കാതെ ഇടക്കെല്ലാം അവൻ അവളെ സന്ദർശിച്ചു.


" നിന്നെ നോവിക്കാൻ എനിക്ക് ഇഷ്ടമാണ് ഭാമേ "

അവന്റെ ചിരി.


ആർക്കാണ് ഭ്രാന്ത്‌? പ്രണയിച്ചവൾക്കോ? പ്രണിയിക്കപ്പെട്ടവനോ?


അവന്റെ ഓരോ വരവിനും അവൾക്ക് ചോദ്യമുണ്ട്. അവനു ഉത്തരവും.


" എന്നെ സ്നേഹിച്ചുകൂടെ? "


" നിനക്ക് ഭ്രാന്താണ് ഭാമേ "


പ്രണയത്തിൽ വിരഹത്തിന്റെ നീറ്റൽ മാത്രം നെഞ്ചിൽ പേറാൻ വിധിക്കപ്പെട്ടവൾ - സത്യഭാമ


സത്യഭാമ - പക്വതയുള്ളവൾ. ആദ്യകാഴ്ചയിൽ അവനനുഭവപ്പെട്ടത്. പിന്നീട് അവളുടെ പ്രണയം ഒരു ലഹരിയായപ്പോൾ ഒരു ഭ്രാന്തിയായി അവനു മാറി.


ഭാമ വിവാഹിതയായോ? ഒരിക്കലുമില്ല. അവൾ ഒരുവന്റെ ഓർമകളിലാണ്.


നരച്ചു. ക്ഷീണിച്ചു. എങ്കിലും മറന്നില്ല. തേടി എത്തുന്നവനെ കാത്തിരിക്കും. ഇപ്പോഴും ചോദ്യമുണ്ട്.


" എന്നെ എന്നെങ്കിലും സ്നേഹിക്കുമോ? "


പൊട്ടിച്ചിരിയിൽ ഒരു മറുപടി.


" നിനക്ക് ഭ്രാന്താണ് ഭാമേ "അവസാന ദിനം. അവസാന മണിക്കൂറിലെ അവസാന നാഴികയിൽ അവസാന ബുക്കിലെ അവസാന താളിൽ അവളെഴുതി ;


" ഏഴാം ജന്മത്തിലെങ്കിലും എന്നെ സ്നേഹിക്കുമോ? "


അന്നയാൾ ഒരുന്മാദിയെപ്പോൽ പൊട്ടിച്ചിരിച്ചു. ആ ചുണ്ടുകൾ മൊഴിഞ്ഞു ;


" നിനക്ക് ഭ്രാന്താണ് ഭാമേ "      ❤️ അവസാനിച്ചു ❤️
Rate this content
Log in

More malayalam story from നിള

Similar malayalam story from Classics