അഞ്ജിതേയം
അഞ്ജിതേയം
വല്ലപ്പോഴുമൊക്കെ ഞങ്ങൾ അന്യോന്യം പിണങ്ങാറുണ്ടായിരുന്നു. പിണക്കത്തിന് വലിയ കാരണങ്ങൾ ഒന്നും വേണ്ടായിരുന്നു. യൗവനം എന്ന നൂലില്ല പട്ടം ഞങ്ങളുടെ കൈകളിൽ നിന്നും എന്നേ വിട്ടുപോയിരുന്നു. പക്ഷെ ഞങ്ങളുടെ ഉള്ളിലെ പഴയ പ്രണയം നിത്യഹരിതമായി നിലകൊണ്ടിരുന്നു. ഒരുവേള ഞങ്ങൾ കൗമാരത്തിലേക്ക് തിരികെ പോയ പോലെ തോന്നി. ആ ലോകത്തു അത്രേം പക്വതയുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളു എന്നതായിരുന്നു വസ്തുത.
അന്നും പതിവുപോലെയായിരുന്നു പിണക്കത്തിന്റെ തുടക്കം. ആ ദിവസം ചെറു പിണക്കത്തെ വലിയ വഴക്കിലേക്ക് നീണ്ടു പോകാൻ എന്റെ വാശി തീരാക്കയത്തിലേക്ക് മനസിനെ വലിച്ചിഴച്ചു കൊണ്ട് പോയി എന്ന് പറയുന്നതാവും കൂടുതൽ ശരി. ഒരു ദിവസത്തിനപ്പുറത്തേയ്ക്ക് ഒരിക്കലും പോകാത്ത ഞങ്ങളുടെ പിണക്കം അന്നാദ്യമായി ഒന്നിലധികം പൂർണചന്ദ്രന്മാരെ ദർശിച്ചു.
അഞ്ജിതയുടെ ഓരോ മെസ്സേജിലും അവൾക്ക് എന്നേ പിരിയാൻ മനസില്ല എന്ന് പറയാതെ പറഞ്ഞെങ്കിലും എന്റെ സങ്കുചിത മനസ്സ് അവൾക്ക് ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയ ഓരോ കാര്യങ്ങളിലും തെറ്റ് കണ്ടെത്തി വീണ്ടും വീണ്ടും ഇളക്കികൊണ്ടിരുന്നു. ചെറിയ സൗന്ദര്യ പിണക്കത്തെ ഇങ്ങനെ വഴക്കായി മാറ്റിയതിന്റെ പങ്കു എനിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു.
"മിണ്ടുമോ", ഏറെ സമയത്തെ ശീതസമരത്തിന്റെ കൊടും തീവ്രതയ്ക്കു ശേഷം അവൾ ഏറ്റം ദൈന്യതയോടെ എന്നോട് ചോദിച്ചു.
അവളുടെ ചോദ്യം വിയർത്തോട്ടിയിരിക്കുന്ന എന്റെ ശരീരത്തിലെ ഓരോ ചെറു രോമങ്ങളെയും തലോടി കൊണ്ട് പോകുന്ന കാറ്റ് പോലെ ആയിരുന്നു. ആ ചോദ്യത്തിന് അത്രമേൽ എന്നിൽ കുളിർമ സമ്മാനിക്കാൻ കഴിയുമായിരുന്നു. ആ കാറ്റ് മന്ത്രിച്ചു "പറ, മിണ്ടുമെന്ന് പറ, മിണ്ടില്ലേ?"
"നിന്നോട് പിണങ്ങാൻ ഈ ജന്മത്ത് എനിക്കാവില്ല അഞ്ജിതാ..."
ഞങ്ങൾ ഏറെ നേരം സംസാരിച്ചു. അന്യോന്യം ഫോണിൽ ആലിംഗനം ചെയ്തു.
"നീയെന്തു ചെയ്യുവാണ് ", അഞ്ജിത ഇടയ്ക്ക് അന്വേഷിച്ചു കൊണ്ടിരുന്നു.
"വെറുതെ "
"എനിക്ക് നിന്നെ കാണണം "
"ഇപ്പോളോ "
"മ് "
"എവിടെ"
"കിടങ്ങാത്ത് ഒരു ദേവി ക്ഷേത്രമുണ്ട്, അവിടുത്തെ ആൽമരച്ചോട്ടിൽ നമുക്ക് അല്പം നേരം ഇരുന്നൂടെ.."
"അതിനു ഞാൻ ക്രിസ്ത്യാനി അല്ലെ, ക്ഷേത്രത്തിൽ കേറാൻ കഴിയുമോ?", എന്റെ മറുപടിക്ക് ആശങ്കയുടെ ധ്വനി ഉണ്ടായിരുന്നു.
"അതിനെന്താ, നീ ക്രിസ്ത്യാനി ആണെന്ന ബോർഡും തൂക്കിയാണോ വരണേ "
"അതെവിടെയാ കിടങ്ങാത്ത്? "
"നിനക്ക് കുന്നിക്കോട് അറിയാമല്ലോ, അവിടെ വന്നാൽ മതി ബാക്കി ഞാൻ നിന്നെ കൊണ്ട് പൊയ്ക്കോളാം "
ചെറു ചാറ്റൽ മഴയുണ്ടായിരുന്നു. പെട്ടന്ന് തന്നെ കുളിച്ചു മുണ്ടും ഷർട്ടും എടുത്തിട്ട് ഇറയത്തെ കലണ്ടറിന്റെ ആണിമേൽ തൂക്കി ഇട്ടിരുന്ന ബൈക്കിന്റെ താക്കോലും എടുത്തു തിടുക്കത്തിൽ ഇറങ്ങാൻ തുടങ്ങി. മഴ നനഞ്ഞു നേരം വൈകി വരുന്ന സമയത്തു ധൃതി വച്ചു പോകുന്നതിന്റെ സംഗത്യം വെളിപ്പെടുത്താൻ അമ്മ നിർബന്ധിച്ചുവെങ്കിലും ഒഴുക്കാൻ മട്ടിലെ ഉടനെ വരാം എന്ന മറുപടിയിൽ മാത്രം ഒതുക്കി എന്റെ ബൈക്ക് ദ്രുതഗതിയിൽ സ്റ്റാർട്ട് ചെയ്തു.
മഴയത്തു നന്നേ വേഗം കുറച്ചു പോകാൻ ആലോചിച്ചുവെങ്കിലും അവളെ കാണാനുള്ള ആഗ്രഹത്തിൽ എന്റെ കൈകൾ ആക്സിലേറ്ററിന്റെ എല്ലാ നിയത്രണങ്ങളെയും കാറ്റിൽ പറത്തി മുന്നേറി.
"എവിടെയെത്തി" അഞ്ജിത ഇടയ്ക്കിടെ വിളിച്ചു.
"കുന്നിക്കോട്"
"അവിടെ എവിടെയാണ് നീ "
"ഇവിടെ തന്നെ, പത്തനാപുരം റോഡിൽ "
"അവിടെ എവിടെയാടാ.. എന്നെ കണ്ടില്ലേ?"
അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കുന്നതിനു മുൻപ് തന്നെ ഞാൻ അവളെ കണ്ടിരുന്നു. ശാലീന സുന്ദരിയായി ഗ്രാമത്തിന്റെ നിഷ്കളങ്ക സൗന്ദര്യം എല്ലാം ആ ശരീരത്തിലേക്ക് ആവാഹിച്ച പോലെ പച്ചനിറത്തിലുള്ള പട്ടുടുപ്പും പാവാടയും ധരിച്ചു റോഡിന്റെ ഒരു വശത്തായി പാർക്ക് ചെയ്തിരിക്കുന്ന അവളുടെ സ്‌കൂറ്ററിൽ ചാരി എന്നേ പ്രതീക്ഷിച്ചു നിൽക്കുന്നു.
ഇൻഡികേറ്റർ തെളിച്ചു വലതു വശത്തേയ്ക് തിരിഞ്ഞ എന്ന കണ്ട അവൾ കൈകൊണ്ട് പിറകെ വരുവാൻ ആംഗ്യം കാട്ടി അവളുടെ വണ്ടി മുന്നോട്ടെടുത്തു. മഴ അപ്പോളും ശമിച്ചിട്ടുണ്ടായിരുന്നില്ല.
ഭൂമിയുടെ പാദരങ്ങളിൽ ജലകണങ്ങൾ കൊണ്ട് അഭിഷേകം ചെയ്യണ പോലെ ആയിരുന്നു ഓരോ മഴത്തുള്ളികളും റോഡിൽ പ്രതീകങ്ങൾ സൃഷ്ടിച്ചത്. അവയ്ക്കുള്ളിലൂടെ പരമാവധി വേഗം കുറിച്ചാണ് അവൾ വണ്ടി ഓടിച്ചിരുന്നത്. തിരക്കുകൾ കുറഞ്ഞ റോഡിന്റെ ഇരു വശങ്ങളിലും വെളിപ്പറമ്പുകൾ തെളിഞ്ഞു. ചിലപ്പോൾ കടകൾ പിന്നെ വീടുകൾ. ഞങ്ങളുടെ വണ്ടികളുടെ വേഗം കൂടിയതേയില്ല. ധൃതിയുള്ള മറ്റു വാഹനങ്ങൾ എന്നേ കടന്നുപോകുന്നതിനായി ഞാൻ നന്നായി സഹകരിച്ചു. എന്റെ ശ്രദ്ധ അവളോടിച്ചു പോകുന്ന വാഹനത്തിൽ മാത്രമായിരുന്നു. അവളുടെ കൈകൾ ആണോ എന്റെ വാഹനത്തെയും നിയന്ത്രിക്കുന്നത് എന്നപോലെ ആയിരുന്നു എന്റെ വാഹനവും നീങ്ങിയിരുന്നത്. ഒരു സ്വപ്നത്തിൽ എന്ന പോലെ...
പ്രധാന റോഡിന്റെ വലതു വശത്തുള്ള ഒറ്റയടി പാതയ്ക്ക് സ്വാഗതം ഓതി നിൽക്കുന്ന കവാടത്തിന്റെ അരികിലായി അവൾ വണ്ടി നിർത്തി. വലത്തേയ്ക്ക് എന്നവൾ ആംഗ്യം കാണിച്ചുകൊണ്ട് വണ്ടി അവൾ ആ പാതയിൽ കൂടി പോകാൻ ആരംഭിച്ചു.
ഇരുവശങ്ങളിലായി പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങളും അവയുടെ തണൽ ഏറ്റുവാങ്ങി അകലേയ്ക്ക് നീണ്ടു കിടക്കുന്ന ആ ചെറു പാതയിലൂടെ ഞങ്ങളുടെ വാഹനങ്ങൾ സഞ്ചരിച്ചു. ചെറു പാതയിൽ നിന്നും ഇടത്തേയ്ക്കു മാറി നീണ്ടു കിടക്കുന്ന മണ്പാതയുടെ അവസാനം ചെന്നെത്തുന്നത് അവൾ പറഞ്ഞ അമ്പലത്തിലേയ്ക് ആയിരുന്നു. അമ്പലത്തിന്റെ അനുസ്യൂതമായ ഊഷ്മള അന്തരീക്ഷത്തിലേയ്ക്ക് ഞങ്ങളെ ആനയിക്കാനായി കാവൽക്കാരെ പോലെ പന്തലിച്ചു നിൽക്കുന്ന രണ്ടു പേരാലുകൾ.
അവർ എന്നേ അമ്പലത്തിന്റെ നടയിലേയ്ക് ക്ഷണിച്ചു എന്ന് കേൾക്കുമ്പോൾ അത്ഭുതമായി തോന്നിയേക്കാം. പക്ഷെ, ഭീമാകാരമായ ആ പേരാലുകൾ പൊടുന്നനെ വേഷം മാറി ഒറ്റകച്ചയിൽ ഈറനോടെ പടവിൽ നിന്നും കയറി വരുന്ന അപ്സരസ്സുകൾ പോലെ രൂപാന്തരം വന്നു. അവർ അടുത്ത് വന്നു അഴിഞ്ഞ മുടിയിഴകൾ കുടഞ്ഞു. മുടിയിഴകൾക്കുള്ളിൽ ഒളിച്ചിരുന്ന ജലകണങ്ങൾ ഒരു നീർതുള്ളിയായി എന്റെ ശരീരത്തിലേയ്ക്ക് പതിച്ചു. അനിർവചനീയമായ ഒരു കുളിർമ എനിക്കത് സമ്മാനിച്ചു. കൂടെ പരിഭ്രാന്തിയും. യക്ഷി കഥകളും, പാലമരചോടുകളിൽ യുഗന്തരങ്ങളായി മോക്ഷത്തിനായി കാത്തിരിക്കുന്ന ശപത്താൽ ഭൂമിയിൽ പതിച്ച ദേവകന്യകകളാണോ, അതോ എന്റെ വെറും ഭാവനാ സൃഷ്ടിയാണോ എന്ന് അപ്പോഴും ഇപ്പോഴുമെനിക്ക് സംശയമുണ്ട്. പക്ഷെ അന്ന് ഞാൻ ആ കാഴ്ചയും പാലപ്പൂവിന്റെ മണവും ശ്വസിച്ചുവെന്നുള്ളത് അത്ഭുതമാണ്. കിടങ്ങാത് ദേവി ക്ഷേത്രം എന്നേ അങ്ങനെ ആണ് സ്വീകരിച്ചത്.
"ടാ! നീയെന്തെടുക്കുവാണ്.. വാ, എന്റെ കൂടെ "അഞ്ജിതയുടെ ശബ്ദം കേട്ടാണ് അനന്തവിഹായുസ്സിൽ പറന്നു നടന്ന എന്റെ അവബോധമനസ് തിരികെ എത്തിയത്. ചുറ്റും കണ്ണോടിച്ചപ്പോൾ അപ്സരസ്സുകൾ ഇല്ല. അവരുടെ മുടിയിഴകളിൽ നിന്നും ചോർന്നോലിക്കുന്ന ജലകണികകൾ ഇല്ല എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ആ രണ്ടു പേരാലുകളും അവയിൽ നിന്നും ഇറ്റിറ്റ് വീഴുന്ന നീർതുള്ളികളും മാത്രം. അവ അമ്പലമുറ്റത്തെ ആൽത്തറയ്ക് അസാധാരണമായ ഇരുട്ട് സമ്മാനിക്കുന്നത് പോലെ എനിക്ക് തോന്നി.
അഞ്ജിതയുടെ പിന്നാലെ ഒരു യന്ത്രമനുഷ്യൻ കണക്കെ ഞാൻ നടന്നു. അമ്പലത്തിനകത്തു കയറിയാൽ എന്താണ് ചെയ്യേണ്ടതെന്നുള്ള അങ്കലാപ്പൊടുകൂടി തന്നെയാണ് അന്നവൾക്കൊപ്പം അമ്പലത്തിന്റെ കാവടത്തിലേക്ക് കാലെടുത്തു വച്ചത്. നെഞ്ചിൽമേൽ കിടന്നിരുന്ന കുരിശുമാല പിന്നോട്ട് വലിച്ചിടാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അമ്പലത്തിന്റെ അകത്തളത്തിൽ ശാന്തിക്കാരൻ പൂവുകൾ ഇറുക്കുന്നുണ്ടാട്ടിരുന്നു. വിശേഷാൽ പൂവുകൾ കൊണ്ടാണ് അവിടെ ദേവിക്ക് പൂജയർപ്പിക്കുന്നത്. അകത്തളവും കടന്നു ഞാൻ അഞ്ജിതയ്ക്കൊപ്പം ശ്രീകോവിലിനു അടുത്തായി എത്തി. എങ്ങും ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മനസിനെ കുളിർമയിലാക്കുന്ന സുഗന്ധം എന്റെ നാഡിവ്യൂഹങ്ങളെ നന്നായി ഉണർത്തി. ആത്മതപനത്തിന്റ അന്തർലീനമായ സംതൃപ്തി എന്നിൽ സംജാതമായി.
'ആരെങ്കിലും എന്നേ ശ്രദ്ധിക്കുന്നുണ്ടോ?, എന്റെ രീതികളിൽ ആർക്കേലും സംശയം തോന്നുണ്ടോ?'
ഭാഗ്യത്തിന് ആരും ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു. അല്ലേൽ തന്നെ ഒരു നസ്രാണി ചെക്കന്ന് അമ്പലത്തിൽ എന്ത് കാര്യം. സ്വപ്നത്തിൽ പോലും ആരും അപ്പോൾ അമ്പലത്തിൽ അങ്ങനൊരാളെ പ്രതീക്ഷിച്ചുണ്ടാവില്ല.
"ജിതിൻ, ചോതി നക്ഷത്രം ഒരു അഷ്ടോതാരർച്ചന"
എന്റെ ശ്രദ്ധയെ പെട്ടന്ന് ക്ഷണിച്ചു കൊണ്ട് അവൾ കൗണ്ടറിൽ നിന്നും എനിക്കും അവൾക്കും വേണ്ടി പൂജയ്ക്കായി രസീത് വാങ്ങി. പൈസ കൊടുക്കാനായി പെട്ടന്ന് ഞാൻ പേഴ്സ് തിരഞ്ഞെങ്കിലും വേണ്ട എന്നർത്ഥത്തിൽ അവളെന്നെ നോക്കി.
ശ്രീകോവിലിന്റ ഇരുവശത്തായും ഞങ്ങൾ സ്ഥാനം ഉറപ്പിച്ചു. പൂജാരി നടയിലേക്ക് കയറി ദേവിയുടെ വിഗ്രഹത്തിൽ പൂക്കളാൽ ഞങ്ങളുടെ പേരുകളും നക്ഷത്രവും ചൊല്ലി അർച്ചന അർപ്പിച്ചു. വല്ലാത്ത ഒരു അനുഭൂതി എനിക്കവിടെ പകർന്നു കിട്ടി.
'ടീ, നീയെന്താണ് പ്രാർത്ഥിക്കുന്നത്.. ' കണ്ണുകൾ അടച്ചു കൈകൂപ്പി നിൽക്കുന്ന അവളോട് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. എന്നാൽ പ്രാർത്ഥന എന്താണെന്ന് ഒരിക്കലും പങ്കുവച്ചുകൂടാ ഫലം കുറയുമത്രേ. അവളോടൊപ്പം ശ്രീകോവിലിൽ വലം വച്ചു ഞങ്ങൾ അമ്പലത്തിന്റെ അകത്തളത്തിൽ നിന്നും പുറത്തിറങ്ങി.. നേരം ഇരുട്ടാൻ തുടങ്ങുന്നതേ ഉള്ളായിരുന്നു. പേരാൽ മരത്തിൽ ഒന്നിൽ കെട്ടിയിരുന്ന വലിയ ഊഞ്ഞാലിൽ അവൾക്കാടണമെന്ന മോഹം എന്നോട് പങ്കുവച്ചു.
"എത്ര ദൂരത്തിൽ "
"എത്ര ദൂരത്തിൽ പോകാമോ അത്രേം ദൂരം"
"മാനത്തോളം"
"നീയും കൂടെയുണ്ടെങ്കിൽ, മാനത്തിനും അപ്പുറത്ത്"
"എങ്കിൽ മാനത്തിനപ്പുറത്തു ആരാരും കാണാതെ മഴവില്ലിൻ നമുക്കൊരു കുടിൽ കെട്ടി പാർക്കണം."
അവളൊന്നു ചിരിക്കുക മാത്രം ചെയ്തു. ആ ചിരിയിൽ ഒരു സമ്മതത്തിന്റെ ഭാവമുണ്ടായിരുന്നോ..?
ഊഞ്ഞാലിൽ ഞാനവളെ വലിച്ചു ആട്ടി. വർഷങ്ങൾക്ക് ശേഷം ഓർമകളുടെ തുരുത്തിൽ വീണ്ടും വർഷമെത്തി.
"ചില്ലാട്ടം വേണോ "
"വേണ്ട നിനക്കതു പാടല്ലേ, ഞാൻ അത് വെറുതെ പറഞ്ഞതാ, എനിക്ക് നീ ഊഞ്ഞാൽ ആട്ടണമെന്ന ആഗ്രഹമേ ഉള്ളു"
"നമുക്ക് ഇനി അല്പം ആല്മരച്ചോട്ടിൽ ഇരിക്കാം "
ആല്മരച്ചോട്ടിലേക്ക് ഞങ്ങൾ പരസ്പരം കൈകൾ കോർത്തു നടന്നു. മരച്ചോട്ടിന്റെ സമീപത്തു എത്തിയപ്പോൾ അവൾ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തി. അന്ന്പെയ്‌തുതോർന്ന മഴയിൽ കുളിച്ചു നിൽക്കുന്ന പുതുമണ്ണിൻ ഗന്ധം പൂകിയ മരച്ചോട്ടിന്റെ തറയിൽ എന്നോട് ചേർന്നിരുന്ന അവൾ, എന്റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് അവളുടെ മൃദുലമായ വിരലുകൾ കൊണ്ട് രോമാവൃതമായ എന്റെ നെഞ്ചിൽ തഴുകി. അവളുടെ സ്നേഹം തുളുമ്പുന്ന വിരലുകൾ എന്റെ ശരീരത്തെക്കാളും ഉപരിയായി മനസിന്റെ ഗിരിശൃങ്കത്തെ ത്രസിപ്പിച്ചു. ഞാനും അവളുടെ തലമുടിയിൽ താലോലിച്ചു കൊണ്ടിരുന്നു.അവളുടെ മുഖം സാന്ത്വനം കൊണ്ടും, പ്രേമത്താലും അരുണാഭമായി. എത്ര നേരം അങ്ങനെ ഞങ്ങൾ ഇരുന്നെന്നു അറിയില്ല.
"എന്താ, നീ ഇങ്ങനെ നോക്കണേ", എന്റെ ചുമലിലേക്ക് ചാഞ്ഞു കിടന്നു എന്തോക്കൊയോ ചിന്തിച്ചു കൊണ്ടിരുക്കുകയായിരുന്ന അവളെ തന്നെയാണ് ഞാൻ അപ്പോഴും ശ്രദ്ധിക്കുന്നത് എന്നെങ്ങനെയോ മനസിലാക്കിക്കൊണ്ട് പെട്ടന്ന് അല്പം മുഖമുയർത്തി അവൾ ചോദിച്ചു.
"നീ വളരെ സുന്ദരിയായിരിക്കുന്നു "
"പോടാ"
"സത്യമായും, ഞങ്ങളുടെ വേദപുസ്തകത്തിൽ പോലും നിന്നെ പറ്റി പറഞ്ഞിട്ടുണ്ട്"
അവൾ ജിജ്ഞാസയോടെയും കൗതുകത്തോടെയും എന്നേ നോക്കി.
"എന്നിട്ട് "
"എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻ കൂട്ടം പോലെയാകുന്നു."
അവൾ ആർത്തു ചിരിച്ചു..
"എന്നിട്ട് നിന്നെ പറ്റി ഒന്നും നിന്റെ വേദപുസ്തകത്തിൽ എഴുതിയിട്ടില്ലേ" അവൾ തെല്ലു ചിരിയോടെ എന്നോട് ചോദിച്ചു.
"ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു."
ഞങ്ങൾ ഇരുവരും മനസ്സുനിറയെ ചിരിച്ചു.
* * *
സമയം അനന്തമായി നീണ്ടു. നേരം ഇരുട്ടി വരുന്നതിന്റെ ലക്ഷങ്ങൾ മേലെ മാനത്തു സംജാതമായി. കൂടണയാൻ പക്ഷിക്കൂട്ടങ്ങൾ പേരാലിലേക്ക് വരുന്നതിന്റെ കാഹളം തിങ്ങി നിറഞ്ഞു നിന്നു.
"പോയാലോ?" നേരം ഇരുട്ടുന്നത് മനസിലാക്കി ഞാൻ ചോദിച്ചു.
"ഇനിയെപ്പോളാ ഇതുപോലെ"
"വരണം"
"ഓർമകളുടെ പുസ്തകത്താളിൽ നീ ഇപ്പോൾ ഒരു അദ്ധ്യായം കൂടി ചേർത്തു അല്ലെ.. "
"ഒരായിരം പുസ്തകങ്ങൾ ആയി അത് മാറട്ടെ.." അനുഗ്രഹം പോലെ അമ്പലത്തിന്റെ പൂമുഖത്തിൽ നിന്നും മാറ്റാരോ ആണ് അത് എന്നെ കൊണ്ട് പറയിപ്പിക്കുന്നത് പോലെ തോന്നി..
"ഒരിടത്തു കൂടി നീ എന്നോടൊപ്പം വരണം" അവൾ ഒരപേക്ഷ സ്വരത്താൽ എന്നോട് ചോദിച്ചു.
"വൈകില്ലേ"
"നിനക്ക് ഭയം ഉണ്ടോ എന്നോടൊപ്പം വരാൻ "
"ഞാൻ പറഞ്ഞത്, നിന്റെ കാര്യമാണ്.. ഈ അസമയത്തു ഒരാണിനൊപ്പം. ആളുകൾ എന്തെങ്കിലും പറയില്ലേ."
"ഇരുട്ടിൽ ഒരാണിനൊപ്പം നിന്നാൽ വഴിപിഴച്ചെന്ന് പറയുന്ന നാട്ടിലായത് ആണ് നമ്മുടെ ഭാരം, അല്ലെ ടാ. പക്ഷെ നിന്നോടൊപ്പം നിന്നാൽ അതെനിക് ഭാരമാകില്ല" അഞ്ജിതയുടെ ചോദ്യത്തിനു എനിക്ക് മറുപടി ഇല്ലായിരുന്നു. രാത്രിയായാലും പകലായാലും ഒരു സ്ത്രീ ഒരാണിൽ സംരക്ഷിതയാണെന്ന് ഉണ്ടെങ്കിൽ മറ്റുള്ളവരെ എന്തിന് നോക്കണം.
"എവിടെ ആയാലും ഞാൻ വരാം ടീ.. " അവൾ പുഞ്ചിരിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. ഇത്തവണ പിറകെ വരാൻ അവൾ പറഞ്ഞില്ല കാരണം അവളുടെ സംരക്ഷണം എന്റെ ഉത്തരവാദിത്തമായിരുന്നു എന്നവൾക്ക് തോന്നിയിരിക്കാം. വണ്ടി കുന്നിക്കോടും കഴിഞ്ഞു ഇടവഴിയിലേക്ക് തിരിഞ്ഞു. അഞ്ജിതയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് പോകാൻ ഒരു വളവുകൂടി മതിയാകും.രാത്രിയിൽ അവളുടെ കൂടെ വീടിന്റെ അടുത്ത് വരെ എങ്കിലും പോകണം എന്നുള്ളത് ഞാൻ ചിന്തിച്ചു ഉറപ്പിച്ചതായിരുന്നു. എന്നേ ഞെട്ടിച്ചു കൊണ്ട് അതിനു മുൻപിലുള്ള ഒരു ഊടുവഴിയിലേക്കു അവളുടെ വണ്ടി പൊടുന്നനെ നീങ്ങി. എങ്ങോട്ടാണ് അവളെന്നേം കൊണ്ട് പോകുന്നത് എന്ന് ചിന്തിക്കുമ്പോൾ തന്നെ അവൾ വണ്ടി ഒരു സൈഡിലേക് നിർത്തി. ഞാനും അവളുടെ അടുത്ത് വണ്ടി നിർത്തി. ഇരുൾ പരന്ന് നിറയാൻ തുടങ്ങി, ഹെൽമെറ്റ് ഊരി എന്താണ് ഇവിടെ നിർത്തിയത് എന്ന് ചോദിക്കുന്ന മുൻപേ അവൾ എന്നേ ചേർത്ത് നിർത്തി ഒരു കിളിയെ പോലെ ചിറകു വിടർത്തി ആ ചിറകുകൾക്കു ഉള്ളിലെ അവളുടെ വിരലുകൾ പൊടുന്നനെ എന്റെ ദേഹത്തെ കവർന്നെടുത്തു. പ്രേമത്തിന്റെ ദിവ്യ വശ്യതയിൽ ഞങ്ങൾ പരസ്പരം അലിംഗനം ചെയ്തു. ഏതോ ഒരു അപൂർവ നിമിഷത്തിൽ അവളുടെ ചുണ്ടുകളിൽ മൃദുവായി എന്റെ ചുണ്ടുകൾ അമർന്നു. ചന്ദനത്തിന്റെ ഗന്ധമായിരുന്നു അവളിൽ. എന്റെ വിരലുകൾക്ക് എന്റെ അനുവാദമില്ലാതെയും സഞ്ചരിക്കാൻ കഴിയുമെന്ന് അന്നാദ്യമായി ഞാൻ അറിഞ്ഞു. അവളുടെ ശരീരത്തിൽ കൊതിയോടെ എന്റെ വിരലുകൾ സഞ്ചരിച്ചു. അവളിൽ ഒരു കിതപ്പുണ്ടായി.. പൊടുന്നനെ എന്നേ പിന്നിലേക്ക് തള്ളി മാറ്റി കൊണ്ട് അവൾ എന്റെ കവിളിൽ കടിച്ചു കൊണ്ട് പറഞ്ഞു
" നമ്മളുടെ സ്വപ്നം പൂവണിയുന്ന സമയത്തു. നിലാവിന്റെ ശോഭയുള്ള രാത്രിയിൽ അന്ന് അവിടെവച്ചു എന്നേ നിനക്ക് കൊതിതീരുവോളം സമർപ്പിക്കും അതുവരെ നമുക്ക് കാത്തിരുന്നു കൂടെ? "
"ഇനിയൊന്ന് കാണാൻ ഞാനെത്ര നേരം കാത്തിരിക്കണം"
അഞ്ജിത എന്റെ ചുണ്ടുകളിൽ ഒരിക്കൽ കൂടി ചുംബിച്ചു.
"കാണാം, ഇനി ഞാൻ പോവട്ടെ?"
എന്റെ കൺവെട്ടത്ത് നിന്നും അവളുടെ വണ്ടി വിദൂരതയിൽ മായണ വരെ ഞാൻ അവളെ നോക്കി അവിടെ തന്നെ നിന്നു. സന്ധ്യയിൽ ഉയരം കൂടിയ തെങ്ങിന്റെ ഉച്ചിയിൽ അതുവരെ ഒളിച്ചു നിന്ന ചന്ദ്രികയേറ്റു ഞങ്ങൾ നിന്നിരുന്ന സ്ഥലം തിളങ്ങാൻ തുടങ്ങി. ചന്ദനത്തിന്റെ ഗന്ധം അപ്പോളും അവിടെ തങ്ങി നിന്നിരുന്നു.
ശുഭം

