Abhi Jith

Drama Romance Classics

4  

Abhi Jith

Drama Romance Classics

എന്നെ അറിയുന്ന ഞാൻ: പാർട്ട്‌ 2

എന്നെ അറിയുന്ന ഞാൻ: പാർട്ട്‌ 2

10 mins
19


താഴെ കടയിൽ നിന്നും ഒരു ആകർഷണ ഗന്ധം എന്നെ മാടി വിളിക്കുന്നു.


വിശപ്പ് തന്റെ കലാപരിപാടികൾക്കു തുടക്കം കുറിച്ചിരിക്കുന്നു. ക്ഷേത്രത്തിലെ പടച്ചോറിന്റെ വീര്യം ശരീരത്തിൽ നിന്നും വിട്ടുമാറിയിരിക്കുന്നു.


ഒന്ന് കുളിക്കാതെ താഴേക്കു പോകുവാൻ കഴിയില്ല. ദിവസങ്ങളുടെ ഗന്ധമുണ്ടായിരുന്നു ശരീരത്തിന്.


സ്വാമിയുടെ കഷായവേഷത്തിന്റെ കർപ്പൂരഗന്ധം ഇനിയും വിട്ടുമാറിയട്ടില്ല. ഇന്നിനി അലക്കുവാൻ വയ്യ. ഓരോ യാത്രയുടെയും അടയാളങ്ങളാണ് എന്റെ മേശ നിറയെ. നാളെ അതോടൊപ്പം ഒരു കഷായവസ്ത്രം കൂടെ.


ഞാൻ സൂക്ഷിച്ചിരിക്കുന്ന ഓരോ വസ്തുവിനും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സ്നേഹത്തിന്റെ പച്ചാത്തലമുണ്ട്..


.തണുപ്പടിച്ചിട്ടായിരിക്കും അലമാരയുടെ കതകുകൾ നന്നേ മുറുകിയിരുന്നു. തിരിച്ചടക്കുവാൻ ഒരു കാൽ മുട്ടിന്റെ തട്ടുകൂടെ വേണ്ടിവന്നു.


രണ്ടു ദിവസം മഴ ഉണ്ടായിരുന്നെന്ന് തിരികെ വന്ന രാത്രി കോണിപ്പടി കേറുന്നതിനിടക്ക് എതിർ മുറിയിലെ ശങ്കരൻ ചേട്ടൻ പറഞ്ഞിരുന്നു.

നാട്ടിൽ അവധിക്കു പോയി വന്നതായിരുന്നു ചേട്ടൻ.


 വന്നപാടെ മുറ്റത്തെ ചെളിക്കീറുകൾ കണ്ടപ്പോഴേ ഞാൻ ഊഹിച്ചിരുന്നു.. മഴ രുദ്രതാണ്ടവം ആടിയട്ടുണ്ടെന്ന് !!

അലമാരയുടെ അടഞ്ഞ ഗന്ധം ജുബ്ബക്കും ഉണ്ടായിരുന്നു...

മുറിക്കു പുറത്തേക്കിറങ്ങുമ്പോൾ ശങ്കരൻ ചേട്ടന്റെ റേഡിയോ ഗാനം വായുവിൽ ഇഴുകിച്ചേർന്ന് മാന്ത്രികമായ ഒരു അന്തരീക്ഷമം സൃഷ്ടിച്ചിരിക്കുന്നത് അനുഭവിക്കാൻ സാധിച്ചു.


കോണിപ്പടി ഇറങ്ങുമ്പോൾ ഭിത്തിയുടെ മൂലയിൽ ഈർപ്പമടിച്ചുണ്ടായ പായൽ ശ്രെദ്ധിച്ചിരുന്നു. അതു തറവാട്ടിലെ കുളക്കരയിലെ പാറക്കെട്ടിനെ ഓർമിപ്പിച്ചു. ആ ഓർമ്മപ്പെടുത്തൽ പറഞ്ഞറിയിക്കാൻ പറ്റാത്ത മനുഷ്യ വികാരങ്ങൾക്ക് എന്നെ വിധയനാക്കി. ഒരു നിമിഷം ഞാൻ നിശ്ചലനായി നിന്നു പോയി.!! \


"പ്രണയമായിരുന്നു എനിക്ക്\"


എല്ലാരും എന്നോട് ആവർത്തിച്ചു ചോദിച്ചു ? \"\


'\"എന്തുകൊണ്ടു തോന്നി എന്നു പറയുവാൻ അറിയുമെങ്കിൽ അതു പ്രണയമായിരിക്കില്ല എന്നു ഞാനും പറഞ്ഞു \"\"\"


ആരെയൊക്കെയോ എതിർത്തു..


ചോരയുടെ നിറം ഒന്നായതുകൊണ്ടു നീയും അവളും ഒന്നാണെന്നു പറഞ്ഞ നിന്റെ വാചകം തെറ്റാണെന്നു കാലം തെളിയിക്കും എന്ന് അവർ പറഞ്ഞപ്പോൾ. പുച്ഛപരിഹാസത്തോടെയാണ് ഞാൻ അവരെ നോക്കിയത്.


ആ കുളപ്പടവുകൾ ഞങ്ങളുടെ കണ്ടുമുട്ടലുകൾക്കു സാക്ഷികളായി.താമരപ്പൂക്കൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നി . വണ്ടുകൾ ഞങ്ങൾക്ക് പ്രണയ ഗാനങ്ങൾ പാടുന്നതായി തോന്നി. ബാല്യത്തിലെ കൂട്ടുകാരിയെ കൗമാരത്തിലെ പ്രേണയിനിയെ യൗവനത്തിലെ പങ്കാളിയാക്കാൻ കാലത്തിന്റെ മനുഷ്യൻ സൃഷ്‌ടിച്ച വിലക്കുകൾ അനുവദിച്ചില്ല.


ചോരയിൽ ചാലിച്ചു കെട്ടേണ്ടതല്ല താലി എന്ന് മനസ്സിലാക്കി ഞങ്ങൾ ഇരുവരും പിരിയുമ്പോൾ. പ്രെണയത്തിന് ത്യാഗത്തിന്റെ മറ്റൊരു മുഖം കൂടെ ഞങ്ങൾ നൽകുകയായിരുന്നു .


ജീവിതം ഒരു വൃക്ഷം പോലെയാണ് പൊഴിഞ്ഞു പോകുന്ന ഇലകളാണ് നമ്മൾ നേരിടുന്ന നഷ്ടങ്ങൾ വേർപെട്ടു പോയവയെ നോക്കി നിൽക്കാനേ നമുക്ക് സാധിക്കു.


പുതിയ ഇലകൾ ഇനിയും തളിർക്കും! ഇനിയും കൊഴിയും !..


പുറത്തു ചെളിയിൽ പൂഴ്ന്താതെയുള്ള യാത്ര സാഹസികമായി തോന്നി .


പുളി മരത്തിൽ നിന്നും വെള്ളതുള്ളികൾ വീഴുന്നുണ്ടായിരുന്നു. . പടർന്നു പന്തലിച്ചുനിൽക്കുന്ന പുളിമരവും. എങ്ങുനിന്നോ മന്ദമെത്തുന്ന മാരിജനെ കൂട്ട് പിടിച്ചെത്തുന്ന ഏതോ പൂവിന്റെ ഗന്ധവും!!.\"രാത്രി ഒരു യക്ഷിയെ പോലെ സുന്ദരിയാണ്


\" റോഡിന്റെ ഓരത്തു പേപ്പർ വള്ളങ്ങൾ യാത്ര അവസാനിച്ച്    

 ഒതുങ്ങിയിരുന്നു. അവയിൽ ചില മിനുക്കപേപ്പറുകൾ നിലാവിൽ തിളങ്ങുന്നുണ്ടായിരുന്നു.


റോഡിന്റെ വശങ്ങളിൽ സൈക്കിൾ റിക്ഷകൾ ഒതുക്കിയിരുന്നു. ചിലർ അതിൽ തന്നെയാണ് ഊണും ഉറക്കവും. വഴിയോരത്തെ പീടികതിണ്ണകൾ മൂടിപ്പുതച്ച പുതപ്പുകളാൽ നിറഞ്ഞിരുന്നു.


\"തെരുവിന്റെ കാവൽക്കാർ \"


ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ഉറക്കത്തിന്റെ മനോഹാരിത ഒരു മനുഷ്യൻ അറിഞ്ഞിരിക്കണം.ചുറ്റും മതിൽകെട്ടുകൾ ഇല്ലാതെ ഒന്നിനെയും ഭയമില്ലാതെ രാത്രിയുടെ വശ്യതയിൽ മുഴുകി മാരിജന്റെ തലോടലിൽ രസിച്ച് ജന്മം തന്ന ഭൂമിയിൽ ആകാശത്തെയും നോക്കി സുഖ നിദ്ര....

പക്ഷെ പട്ടിണി കിടക്കുന്നവനും രാവ് പകൽ ഇല്ലാതെ കഷ്ടപെടുന്നവനും ഈ ഉറക്കം അത്ര സുഖം കൊടുക്കില്ല ..

ഓരോരുത്തർക്കും ഓരോ വിധി എഴുതി വെച്ചിട്ടുണ്ട് ദൈവം. എന്ന് പണ്ട് മുത്തശ്ശി പറയാറുണ്ട്. ആ തെറ്റുപറ്റിപ്പോയ വിധി പുസ്തകം ഒരിക്കലെങ്കിലും എന്റെ കയ്യിൽ കിട്ടാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു !

\

"ഒന്നു തിരുത്തി എഴുതാൻ \"..


.മജീ ഇക്ക നല്ല തിരക്കിലാണ്. മൊരിയുന്ന ദോശയുടെ മണം എങ്ങും പടർന്നിരുന്നു. മൂപ്പരെന്നെ കണ്ടപാടെ പതിവുപോലെതന്നെ കയ്യിൽ പിടിച്ചു ഓരത്തെ ബഞ്ചിൽ ഇരുത്തി. എന്റെ മാഷെ. മാഷു വന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ. ഇതെന്തു പോക്കാ മാഷെ. എന്ന് ചോദിച്ചുകൊണ്ടു തന്നെ ഒരു പാത്രത്തിൽ ദോശയും തന്നു.. കറികൾ എന്തൊക്കെയോ എനിക്കു വിളമ്പി. ഞാൻ മതിയെന്നു പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

മൂപ്പരുടെ സ്നേഹപ്രകടനം ഇങ്ങനെയാണ്.


കുറെയേറെ സംസാരിച്ചു. എന്റെ യാത്രാ വിവരണങ്ങൾ മജീ ഇക്കാക്കു എപ്പോഴും പ്രിയമായിരുന്നു. എനിക്കും മജീ ഇക്കയോട് സംസാരിക്കാൻ ഒരു പ്രത്യേക ഇഷ്ടമാണ്.


ഒരിക്കൽ വേണു മജീ ഇക്കാന്റെ സംസാരം കേട്ടു ഞെട്ടിയത് ഞാൻ ഓർക്കുന്നു.


അന്ന് വേണു ആദ്യമായി വന്നപ്പോൾ ഞാൻ ഇക്കയെ പരിചയപ്പെടുത്തി. കൈലിക്കുമേൽ ബെൽറ്റ്‌ ചുറ്റി ഒരു വെള്ള ബനിയനും ഇട്ടു തലയിൽ തൊപ്പിയും വെച്ചു നിൽക്കുന്ന ഇക്ക നെറ്റിയിലെ നിസ്ക്കാര തഴമ്പ് നന്നേ തെളിഞ്ഞു കാണാമായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ മൂപ്പര് ഒരു ചേലൊത്ത മുസൽമാൻ ആണെന്ന് ആർക്കും മനസ്സിലാകും. എല്ലാ കാഴ്ച്ചപാടുകളും തകർത്തുകൊണ്ടായിരുന്നു ഇക്കാന്റെ സംസാരം. ആരും പ്രതിഷിക്കില്ല ഇങ്ങനൊന്ന്. ഇക്ക ഒരു തൃശൂർകാരനാണ്. പുള്ളിക്കാരന്റെ സംസാരശൈലി രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ഇല്ലംശൈലി. ഒരിക്കൽ ഞാനും ഇതിനെ പറ്റി പുള്ളിയോട് ചോദിച്ചിരുന്നു. വേണുവും ചോദിച്ചു. ചുറ്റുപാടുകൾ ഒരു വ്യക്തിയിൽ വരുത്തുന്ന മാറ്റത്തിനു ഒരു ഉദാഹരണമായിരുന്നു മജീ ഇക്ക


. മൊട്ട കല്ലിൽ മൊരിയുമ്പോൾ നമ്പൂതിരിയുടെ ഓർമ്മകളും മനസ്സിൽ മൊരിയുന്നുണ്ടായിരുന്നു.


നമ്പൂതിരി സാഹിത്യത്തിന്റെ തമ്പുരാനായിരുന്നു. പറയാനുള്ളത് എന്തായാലും അത് സാഹിത്യഭാഷയിൽ അവതരിപ്പിക്കുന്ന നമ്പൂതിരി. ഒരിക്കൽ കൊച്ചിയിൽ ഒരു പുസ്തകമേളക്ക് പോയിവരും വഴി ഞങ്ങൾ ഒരു വഴിയോരക്കടയിൽ കഴിക്കാനായി കയറി. പതിവുപോലെ ദോശ തന്നെ പറഞ്ഞു. രണ്ടു വാഴയിലയിൽ ദോശ വച്ചു അതിനു മുകളിൽ ചമ്മന്തിയും. ചമ്മന്തിയുടെ കുത്തൊഴുക്കൽ അവസാനിപ്പിക്കാനായി ദോശ അതിലായി പിച്ചിയിട്ടു.

 ദോശയും മുട്ട പൊരിച്ചതും കടക്കാരൻ മത്സരിച്ചുണ്ടാക്കുകയാണ്.


നമ്പൂതിരിയാണെങ്കിലും അത്തരം അന്തരീക്ഷത്തോട് പൊരുത്തപ്പെടാൻ വസുവിനു കഴിയുമായിരുന്നു.


അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്ക് ചുറ്റുപാടുമായി ഇണങ്ങിച്ചേരാൻ അത്ര ദുർക്കടമല്ല..

 ഒന്നും നോക്കിയില്ല !!ഞാൻ ഒരു മുട്ട പൊരിച്ചതു പറഞ്ഞു.

കഴിച്ചു കഴിഞ്ഞു ബസ്സ് കയറാനായി നടക്കുമ്പോൾ ഞാൻ പറഞ്ഞു ദോശക്കൊപ്പം ചൂട് മൊട്ട പൊരിച്ചത് കേമായി !!            

\ഒന്ന്തിരിഞ്ഞു നോക്കി 

നമ്പൂതിരി പറഞ്ഞ വാക്കുകൾ ഇന്നും ഞാൻ മറന്നട്ടില്ല.

 \"ഗർഭപാത്രം ഭക്ഷിക്കുന്ന നീചന്മാർ\"


 എന്നിട്ടാ പതിവുചിരിയും.


പണ്ട് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ കൊച്ചു കൊച്ചു സമരങ്ങളുടെ സമരവാക്യങ്ങൾടെ ഉപജ്ഞാതാവ് നമ്പൂതിരി ആയിരുന്നു. ചെറിയ വാക്യങ്ങളിൽ വലിയ അർത്ഥങ്ങൾ.


ചെറുപ്പത്തിൽ വസു കാവിൽ അവന്റെ അച്ഛനൊപ്പം പോകുവായിരുന്നു. ഒഴിവു ദിവസങ്ങൾ വസു കാവിൽ പോകുമ്പോൾ ഞാനും കൂടെ പോകും. വസു ദേവിക്കു പൂജ ചെയ്യുന്ന കാണുമ്പോൾ ഞാനും പൂജാരിയാകാൻ ആശിച്ചു.മാത്രമല്ല കുട്ടികൾക്കൊക്കെ അവനെ ഒരു പ്രേത്യേക ബഹുമാനം ആയിരുന്നു. ദൈവങ്ങളുടെ പ്രീയപെട്ടവരല്ലേ പൂജാരിമാർ.


കാവിൽ പോയാൽ കുശാലാണ് . പഴവും അവിലും കുഴച്ചത് കഴിക്കാം.കറുപ്പൻ പായസം കഴിക്കാം. ഹാ എന്താ രുചി !!!


അവിലു കുഴച്ചതിലെ കറുത്ത മുന്തിരി പറക്കിമാറ്റി കീശയിലിട്ട് വഴിയോരെ ഞങ്ങൾ കഴിച്ചിരുന്നു.


 കറുപ്പൻ പായസം ഉണ്ടാക്കിയ ഉരുളി വാഴയിലകൊണ്ടു വടിച്ചുകഴിച്ചത്\"ഇന്നലെകളെ മധുരപ്പെടുത്തുന്ന ഓർമ്മകളായി ഇന്നും നിലനിൽക്കുന്നു\". ശർക്കരപായസത്തിന്റെ രുചിക്കൂട്ട് ചോദിച്ചുപഠിച്ചു ആദ്യ അടുക്കള പരീക്ഷണം നടത്തിയിരുന്നു...


 മജീ ഇക്കയോട് ശുഭരാത്രി പറഞ്ഞിറങ്ങി.


കടത്തിണ്ണകളിൽ നിന്നും കൂർക്കം വിളികൾ കേൾക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം ശ്രദ്ധിച്ചപ്പോൾ അതിനു ഒരു ഈണം ഉള്ളതായി തോന്നി.


പെട്ടന്നു ഞെട്ടിപ്പിച്ചുകൊണ്ടു ഒരു ഞാവൽ കിളി തലയ്ക്കു മേൽ തൊട്ടു തൊട്ടില്ല എന്നപോലെ പാഞ്ഞുപോയി. നെഞ്ചിടിപ്പിന്റെ വേഗത കൂടിയത് ഞാനറിയുന്നു. ഭയം ഒരു നിമിഷംകൊണ്ടു സർവ്വനാടിഞരമ്പുകളെയും ഉണർത്തും. പെരുവിരൽ തൊട്ടു തലച്ചോർ വരെ വിറക്കും.


ഭയക്കുന്നവരാണ് നമ്മൾ മനുഷ്യർ. ചുറ്റുപാടുകളെ ഭയക്കുന്നവൻ. തെറ്റിനെതിരെ വിരൽ ചൂണ്ടാൻ ഭയക്കുന്നവൻ. ചിലർ ഭയപ്പെടുത്തി ജീവിക്കുന്നു ചിലർ ഭയന്നു ജീവിക്കുന്നു.....


ശങ്കരൻ ചേട്ടന്റെ മുറി നിശബ്ദമാണ്. റേഡിയോ ഗാനം ഇനി പുലർച്ചെ കേൾക്കാം..


പാട്ടിൽ ശെരിക്കും മുഴുകിയായിരുന്നു മുറി വിട്ടു പുറത്തേക്കു പോയത്... മുറി പൂട്ടാൻ മറന്നിരുന്നു !! ശങ്കരൻ ചേട്ടന്റെ കുന്തിരിക്കം ചട്ടി ഇനിയും നീറി പുകയുന്നുണ്ട്. ഒരു തരത്തിൽ അതൊരു ഉപകാരമാണ്. ചോരകുടിച്ചികളുടെ ശല്യം കൂടുതലാണിവിടെ. ഒരിക്കൽ ഇതേ കാര്യം മണിയോട് പറഞ്ഞപ്പോൾ .\" എന്ന സാർ ചോരകുടിച്ചി \"എന്ന് ആശ്ചര്യത്തോടെ അവൻ എന്നോട് ചോദിച്ചു. അതു കൊതുകാണെന്ന് അവനെ പറഞ്ഞു മനസ്സിലാക്കി

.

തീർന്നില്ല \"എന്ന കുടിച്ചി കൊതുക് പൊണ്ണാ \"എന്നിട്ടൊരു ചിരിയും.


പെൺ കൊതുകുകളാണ് ചോര കുടിക്കുന്നതെന്നും ആൺ കൊതുകുകൾ ചെടികൾക്കിടയിലാണ് ഉള്ളതെന്നും ഒക്കെ പറഞ്ഞ് ഒടുവിൽ കാര്യം അവനു മനസ്സിലായി. വളരെ കൗതുകത്തോടെയാണ് ഞാൻ പറഞ്ഞത് അന്ന് മണി മനസ്സിലാക്കിയത്.


അവൻ ഒരു നാൾ മുഴുക്കെ കാണുന്നവരോടെല്ലാം അതു പറഞ്ഞു നടക്കുന്നതും കണ്ടു.


ഇടക്കൊരിക്കൽ എന്റെ അടുത്തുവന്നു അവൻ ഇങ്ങനെ ചോദിച്ചു സാർ എനക്ക്ഏതാവത് സൊല്ലി കൊടുങ്ക. അന്ത മാതിരി. ഞാൻ സ്കൂള്ക്ക് പോകലെ അതിനാല എതും തെറിയാതെ.

അന്നു മുതൽ ഞാൻ മണിക്ക് ശെരിക്കും സാറായി. അവനിൽ ഒരു വിദ്യാർത്ഥി ഉണ്ടായിരുന്നു. പക്ഷെ വിധി അവനത് നിഷേധിച്ചിരുന്നു. എന്നാൽ ആവുന്ന വിധം പൊതു കാര്യങ്ങൾ അവനു മനസ്സിലാക്കി കൊടുത്തു.


വായനശാലയിൽ നിന്നു തിരികെ വരുമ്പോൾ അവനുള്ള തമിഴ് നോവലുകളും ഞാൻ ഒപ്പംകൂട്ടി... അവൻ തിരക്കിട്ട ജോലികൾക്കിടയിലും അക്ഷരങ്ങളെ സ്നേഹിച്ചുതുടങ്ങി......


 ജനാല വഴി കാറ്റ് നന്നേ കുളിർ ചൊരിയുന്നു . പതിവുപോലെ തുള്ളിഇരമ്പിക്കൊണ്ട് മഴ തിമിർത്താടി.

പുറത്തു ഇക്ക കട പൂട്ടിയിരിക്കുന്നു.

വെളിച്ചം അണഞ്ഞിരുന്നു..


ആടി തിമിർക്കുകയാണ് മഴ പുറത്ത് ഒന്നും കാണാൻ കഴിയാത്ത രീതിയിൽ മഴ.


ശക്തമായ കാറ്റിൽ പുളിമരം ആനന്ദ നൃത്തം ആടുകയാണ്.

 പുളിമരത്തിലെ കിളിക്കൂടുകളും കുഞ്ഞുങ്ങളും എന്താകുമോ എന്തോ?


ഒരിക്കൽ കാറ്റിൽ തകർന്നുവീണ കിളിക്കൂടിനുള്ളിൽ മാംസം ഉറക്കാത്ത കുഞ്ഞ് ചിതറികിടക്കുന്നത് കണ്ടിരുന്നു. ഉറുമ്പരിച്ച ആ കിളിക്കുഞ്ഞിനെ മണിയാണ് കുഴിച്ചിട്ടത് .


കിളിക്കുഞ്ഞു ചത്തതിൽ അവനു വിഷമം ഉണ്ടെന്നു തോന്നി ആലോചന മുക്തനായിരുന്ന അവന്റെ അടുത്തു ഞാൻ ചെന്നു. അവന്റെ നോട്ടത്തിൽ തന്നെ എന്തോ സംശയം അവനെ അലട്ടുന്നുണ്ട് എന്നെനിക്കു മനസ്സിലായി. കിളിക്കുഞ്ഞു ചത്തതിനെ പറ്റിയായിരിക്കും എന്നു ഞാൻ ഊഹിച്ചു. ഞാൻ അവന്റെ തോളിൽ കൈവെച്ചിട്ടു ആശ്വാസം എന്നതുപോലെ പറഞ്ഞു

. പോട്ടെ മണി ഇവറ്റകളുടെ ജീവിതം ഇത്രെയേ ഉള്ളു.

പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ടു മണിയുടെ ചോദ്യം വന്നു.


അല്ല സാറേ എതു സത്തതുക്കപ്പുറം ഉറുമ്പും ചിതലും വന്ത് സാപ്പിടുവേ. ആനാ ഇന്ത ഉറുമ്പും ചിതലും സത്തതുക്കപ്പുറം യെന്ത ജീവി സാപ്പിടുവേ?


ചിന്തകളിൽ മനുഷ്യൻ വ്യത്യസ്തരാണ് എന്നു ഒരിക്കൽക്കൂടി തെളിഞ്ഞു. മണി ചിന്തിച്ചു എന്നു ഞാൻ വിചാരിച്ചതും മണി ചിന്തിച്ചതും എല്ലാം എത്ര വ്യത്യസ്തമാണ്. ഉത്തരം നൽകാൻ കുറച്ചു സാവകാശം ആവശ്യപെട്ട് ഞാൻ മണിയിൽ നിന്നും മുങ്ങാകുഴി ഇട്ടു.


മഴയുടെ വശ്യ സൗന്ദര്യത്തിൽ മുഴുകി നിദ്രക്കധീനനായത് ഞാൻ അറിയുന്നുണ്ടായിരുന്നില്ല.


സൂര്യൻ തന്റെ ജോലി ഒട്ടും മുടക്കം വരുത്താതെ കൃത്യമായി ചെയ്‌തു. പരിണിത ഫലമായി എനിക്ക് ഉറക്കത്തിൽ നിന്നു വിടപറയേണ്ടി വന്നു. പുളിമരക്കമ്പിനിടയിൽക്കൂടി സൂര്യരശ്മികൾ കൃത്യമായി എന്റെ മുഖത്തു പതിച്ചു.


ജനലഴിയിൽ മൊട്ടിട്ടിരുന്ന വെള്ളത്തുള്ളികൾ സൂര്യരശ്മിയാൽ തിളങ്ങുന്നതു കാണാമായിരുന്നു. പക്ഷെ ആ മനോഹാരിത ആസ്വദിക്കാൻ മനസ്സുവന്നില്ല.അതിനു മുൻപേ പുളിമരത്തിന്റെ ഒരു ശിഖരം നിലം പതിച്ച കാഴ്ച്ച കണ്ണിൽ ഇടംപിടിച്ചിരുന്നു. മഴ സുന്ദരിയാണെങ്കിലും ഇത്തരം കുറുമ്പുകൾ കാണിച്ച് ഇടക്ക് ആളുകളെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യാറുണ്ട്.


ഇരിഞ്ഞുവീണ മരക്കമ്പിനു ചുറ്റും കുട്ടികൾ കൂടി നിന്നു പുളി പറിക്കുന്നുണ്ടായിരുന്നു. പുളി പറിച്ചു നിക്കറിന്റെ കീശയിൽ ആക്കുന്ന ദൃതിയിലാണ് എല്ലാരും. ഇടക്കു ചിലർ പുളി കഴിക്കുന്നും ഉണ്ട്. മണിയും അതിനിടയിൽ ഉണ്ട്. ഞാൻ താഴേക്ക് ഇറങ്ങിചെന്നു. ആ ചില്ലയുടെ തണലിൽ ഇന്നലെ വരെ ഉച്ച വിശ്രമം നടത്തിയിരുന്ന ചുമട്ടു തൊഴിലാളികൾടെ

മുഖത്ത് ഒരു നിരാശ നിഴലിക്കുന്നുണ്ടായിരുന്നു.


മണി എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചു. ആ നോട്ടത്തിനു പിന്നിൽ ഒരു കാരണവും ഉണ്ട്.


ഒരു പക്ഷെ ബലവാനായ പുളിമരം മഴക്കു മുന്നിൽ മുട്ടുകുത്തിയതും അതു കൊണ്ടാവാം .


അന്നൊരു ഞായറാഴ്ച്ച ആയിരിന്നു

ഞാൻ തലേന്ന് ഒരു നാടകം കാണാൻ പോയിരുന്നു ജെ.പി യും ഉണ്ടായിരുന്നു.

നാടകം കണ്ടു കഴിഞ്ഞ് മുറിയിൽ വന്നപ്പോൾ വൈകി. മരത്തിൽ വെട്ടുന്ന ഒച്ച കേട്ടാണ് ഞങ്ങൾ ഉണർന്നത്. നോക്കുമ്പോൾ മണിയും രണ്ടു പണിക്കാരും പുളിമരത്തിന്റെ ഒരു ശിഖരം മുറിക്കുന്ന തിരക്കിലാണ്. തലേന്നത്തെ അമ്മമരം നാടകത്തിലെ വികാര നിർഭരമായ നിമിഷങ്ങൾ ഒരു നിമിഷം മനസ്സിലൂടെ ഒരു വിങ്ങൽ സമ്മാനിച്ചുകൊണ്ടു കടന്നുപോയി.


മരംവെട്ടലിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതുവരെ ആ വിങ്ങൽ നിലനിന്നു.


ഇടക്ക് ഇതുപോലെ ഉള്ള പരിപാടികൾ ഒപ്പിക്കുന്ന ആളാണ് മണി. ഒരു പണിയും ഇല്ലേൽ മരച്ചില്ല കോതുക. ചെടികൾ വെട്ടി ഒതുക്കുക തുടങ്ങിയ കലാപരിപാടികൾ പുള്ളിക്കാരൻ കാഴ്ച്ചവെക്കും. അന്നു പകുതിക്കു വെട്ടി നിർത്തിയ കൊമ്പാണ് ഇന്നു നിലം പതിച്ചത്.


പക്ഷെ അന്നത്തെ ജെ.പി യുടെയും എന്റെയും പ്രെവർത്തി കൊണ്ട് മണി ഒരു പ്രകൃതി സ്നേഹിയായി മാറി. അതിന്റെ ഭലമായാണ് ഗേറ്റിന് വശങ്ങളിൽ കാണുന്ന ചെറിയ പൂച്ചെടികൾ.


പുളി ഉപ്പും മുളകും കുഴച്ചുപുരട്ടി മണി എനിക്കുനേരെ നീട്ടി. നീട്ടിയ നിമിഷം തന്നെ ഞാൻ അതുവാങ്ങി. നൊടിയിടക്കുള്ളിൽ അതെന്റെ നാവിനെ സ്പർശിച്ചു. നാട്ടിൻപുറത്തെ ബാല്യത്തിൽ പുളി ഒരു മനോഹര കഥാപാത്രം ആയിരുന്നില്ലേ അതുകൊണ്ടാകും !!


ഒണക്കപുളിയുടെ ഞെട്ടിളക്കി അതിൽ മുളകുപൊടിയും ഉപ്പും സമാസമം ചേർത്ത വെള്ളമൊഴിച്ച് ഞെട്ടടച്ച് ഒന്നു കുലുക്കി ഒറ്റക്കുടി!!ഇന്നും ആ രുചി നാവുവിട്ടു മാറിയട്ടില്ല


. ചുറ്റും തിരക്കുകളുടെ തുടക്കം കുറിച്ചിരുന്നു. കച്ചവടക്കാർ വ്യാപാരത്തിനുള്ള അണിയൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു. സ്കൂളിലെ മണി മുഴക്കം ഒരു ചെറിയ ഒച്ചയിൽ ഇവിടം വരെ കേൾക്കാം. പുസ്തകങ്ങളും പേറിയുള്ള കുട്ടികളുടെ ഓട്ടം പതിവുപോലെ കാണാമായിരുന്നു...


വള്ളിചൂരലും, കണക്കുമാഷും, ഗോട്ടി കളിയും ഒക്കെ ഓർമ്മപ്പെടുത്തി കൊണ്ടാണ്കുട്ടികൾ ഓടിമറഞ്ഞത്...

 കഴിഞ്ഞ കാലങ്ങൾ മറന്നുപോകുന്നവരാണ് മനുഷ്യർ. \"നമുക്കു ചുറ്റുമുള്ള കാഴ്ചകളെ ഹൃദയം കൊണ്ടു കാണുകയാണെങ്കിൽ ഓർമ്മകൾ ഓരോ നിമിഷവും ഉണർന്നുകൊണ്ടേയിരിക്കും\"..


മനോഹരമായ ബാല്യത്തിന്റെ ഓർമ്മകളിൽ വിദ്യാലയം എന്നും നിറശോഭയോടെ നിറഞ്ഞുനിൽക്കും.


 ഓലമേഞ്ഞ മേൽകൂരയും. കുമ്മായം പൂശിയ ഭിത്തിയും

ഒത്ത മധ്യത്തിൽ നിൽക്കുന്ന മാവും. അന്നത്തെ വിദ്യാലയങ്ങളുടെ സ്ഥായിയായ ഭാവം ആയിരുന്നു.


വിദ്യാലയത്തിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള യാത്രകളാണ് ഏറെ പ്രിയപെട്ടത്. തറവാട്ടിൽ നിന്നിറങ്ങി കിഴക്ക് വെട്ടുവഴി വഴി പോകാമെങ്കിലും അതു വഴി ഞാൻ പോകാറില്ല. നേരെ വടക്കു കുളപ്പടവിൽ ഇറങ്ങി കാൽകൊണ്ടു മീൻ കുഞ്ഞുങ്ങൾക്കു യാത്ര പറഞ്ഞാണ് ഞാൻ എന്നും പോകുക. അതു മാത്രമല്ല കാരണം. മീൻ കുഞ്ഞുങ്ങളോട് യാത്ര പറയാൻ എന്നെക്കാൾ ഇഷ്ടം കാവേരിക്കാണ്. അവളുടെ പളുങ്കു പാദസരം വെള്ളത്തിൽ മിന്നുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.


ചേച്ചി രാധയുടെ കാലിൽ കിടക്കുന്ന പോലത്തെ വെള്ളിക്കുലുസ് കാവേരിക്കില്ലായിരുന്നു. മിനുങ്ങുന്ന ചെറിയ പളുങ്കുകൾ നൂലിൽ കോർത്താണ് അവൾ അണിഞ്ഞിരുന്നത്. ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ പത്താം തരത്തിൽ നല്ല മാർക്കു വാങ്ങിയാൽ അച്ഛൻ വാങ്ങി തരാം എന്നു പറഞ്ഞു എന്നവൾ പറഞ്ഞു. പക്ഷെ അതിന് ഇനിയും ഉണ്ട് വർഷങ്ങൾ. വെള്ളി പാദസരം അണിഞ്ഞ അവളുടെ പാദം കുളക്കടവിൽ മീനുകളോട് സംവദിക്കുന്നത് കാണാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു.


ചില ആഗ്രഹങ്ങൾ അങ്ങനെയാണ് കാത്തിരിക്കുവാൻ നമുക്ക് കഴിയില്ല. കുടുക്കയിൽ കൂട്ടിവെച്ച നാണയങ്ങളും എടുത്ത് ഞാൻ പറമ്പിലേക്കു നടന്നു . അച്ഛൻ ഇല്ലാത്ത തക്കം നോക്കി പണിയെടുക്കുകയായിരുന്ന കാവേരിയുടെ അച്ഛന്റെ അടുത്തേക്ക് ഞാൻ ചെന്നു. കയ്യിലുണ്ടായിരുന്ന നാണയം അവളുടെ അച്ഛന് നേരെ നീട്ടുമ്പോൾ ഉള്ളിലും പുറത്തും നല്ല ഭയമുണ്ടായിരുന്നു അതിന്റെ പ്രതിഫലനമായി കാൽമുട്ടുകൾ വിറക്കുന്നുണ്ടായിരുന്നു.


 ഭയം തോന്നിയതിൽ അത്ഭുതം ഒന്നും ഇല്ല. ഒത്ത പൊക്കവും ബലമാർന്ന ശരീരവും ഉള്ള അവളുടെ അച്ഛൻ പലപ്പോഴും കൂറ്റൻ തെങ്ങിന്റെ മുകളിലേക്ക് പാഞ്ഞു പാഞ്ഞു കയറുന്നത് കണ്ട് താഴെ നിൽക്കുന്ന ഞാൻ ഭയന്നിരുന്നു..


നാണയം നീട്ടികൊണ്ടു കാവേരിക്കു ഒരു വെള്ളിക്കുലുസു വാങ്ങി കൊടുക്കുവോ എന്നു വിക്കി വിക്കി ഞാൻചോദിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ടാണ്  പിന്നിൽ നിന്നും അച്ഛന്റെ ശബ്ദം പാഞ്ഞെത്തിയത്


എന്താ വേലാ നീലൻ പറയണേ?


എനിക്കെന്തു പറയണം എന്നറിയില്ല.


നീലൻ കൂട്ടുകാരിക്ക് കൊലുസ് വാങ്ങാൻ വക്കാലത്തിനു വന്നതാണേ!! എന്നു പറഞ്ഞതും ഇരുവരും ചേർന്നു ചിരിച്ചതും ഒരുമിച്ചായിരുന്നു.

കുലുസ് വാങ്ങാൻ ഞാൻ നൽകിയ കാശ് തികയാത്തതാണോ അതോ എന്റെ പരുങ്ങിയുള്ള നിൽപ്പുകണ്ടിട്ടാണോ രണ്ടുപേരും ചിരിച്ചതെന്ന് എനിക്കു മനസ്സിലായില്ല. അന്നത്തെ സംഭവത്തോടെ കാവേരിക്കു വെള്ളിക്കുലുസ് കിട്ടി. എനിക്കു സന്തോഷമായി. വെള്ളിക്കുലുസണിഞ്ഞ

അവളുടെ കാൽപാദം കുളത്തിലെ മീനുകൾ ചുംബിക്കുന്നത് കണ്ടപ്പോൾ എനിക്കവയോട് അസൂയ തോന്നി ഞാനും ഒരു മീൻകുഞ്ഞാകാൻ ആഗ്രഹിച്ചു... അന്നവൾ പതിവിലേറെ സുന്ദരിയായി തോന്നി.


 പച്ച പട്ടുപാവാടയായിരുന്നു അവൾ ധരിച്ചിരുന്നത് നെറ്റിയിൽ ഒരു നേർത്ത ചന്ദനക്കുറിയുണ്ടായിരുന്നു. കുങ്കുമത്തിന്റെ ചോപ്പ് ചന്ദനത്തിൽ പടർന്നിരുന്നു. വർണ്ണിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു തുളസിക്കതിരണിഞ്ഞ അവളുടെ മുടിയിഴകൾ...

...എന്തുകൊണ്ട് ഞാൻ അങ്ങനെ ചെയ്തു എന്നെനിക്കറിയില്ല...കുളപ്പടിയിൽ നിന്നു കയ്യെത്തി ഞാൻ ഒരു താമരപ്പൂവ് പിച്ചിയെടുത്ത്‌ അവൾക്കു നൽകി. അവൾ അതിന്റെ തണ്ടു കുറച്ചു പൊട്ടിച്ചുമാറ്റി മുടിയിഴയിൽ ചൂടി. അവളുടെ മുടിയിഴകളിൽ താമരപ്പൂവിന്റെ സൗന്ദര്യം കൂടിയതായി തോന്നി...

ആരോ പറഞ്ഞുവെച്ചപോലത്തെ ദിവസമായിരുന്നു അന്ന്. കാവേരിക്കു പാദസരം കിട്ടി, അവൾക്കു നല്കാനായി തമരപ്പൂവ് കുളപ്പടവിനോട് ചേർന്നു വിരിഞ്ഞു.….

.അത്ഭുതകരമായ ഒരു ദിവസം.

എനിക്കായി സൃഷ്ടിച്ച ദിവസം...


അന്നൊരു അവധി ദിവസം ഞാൻ ആരും കാണാതെ കാവേരിയുടെ വീട്ടിൽ പോയി. നമ്പൂതിരിയും ഉണ്ടായിരുന്നു കൂടെ. ഞങ്ങൾ കോവിൽ അടച്ചു വരും വഴിയായിരുന്നു.


അവൾക്കായി ഞാൻ വാഴയിലയിൽ പൊതിഞ്ഞെടുത്ത ശർക്കര പായസത്തിന്റെ ഇളംചൂട് കൈവെള്ളയിൽ തടം കെട്ടുന്നുണ്ടായിരുന്നു.


ഓല മേഞ്ഞ ഒരു ചെറിയ വീടാണ്.കുമ്മായം പൂശിയട്ടില്ല. ചെളി കൊണ്ടു മെഴുകിയ തറയിൽ നിന്നും തണുപ്പ് കാൽവെള്ളയിലൂടെ ഉള്ളിലേക്കെത്തുന്നുണ്ടായിരുന്നു


.അവളുടെ അമ്മ തൊണ്ട് തല്ലാൻ പോയിരുന്നു...


എന്റെ അമ്മ തൊണ്ട് തല്ലാൻ പോകാറില്ല. പോകാത്തതെന്താണെന്ന് ഒരിക്കൽ ഞാൻ അമ്മയോട് ചോദിച്ചിരുന്നു.


 തൊണ്ട് തല്ലാൻ അറിയില്ലന്നു ചിരിച്ചുകൊണ്ടു അമ്മ മറുപടി പറഞ്ഞു..

അന്നു ഞാൻ അമ്മയെ കളിയാക്കിയിരുന്നു തൊണ്ട് തല്ലാൻ അറിയില്ല എന്നും പറഞ്ഞ്.. എന്റെ കളിയാക്കൽ കേട്ടു കേശവമ്മാവൻ പറഞ്ഞു നിന്റെ അമ്മ പുലച്ചിയും പറയത്തിയും ഒന്നുമല്ല തൊണ്ട് തല്ലാൻ. ചെക്കനെവടുന്നു കിട്ടി ഇതൊക്ക. നീലന്റെ പുറം കറക്കം കുറച്ചു കൊറച്ചോ.ചുറ്റുന്നു കിട്ടുന്നതാ ഇതൊക്കെ.

വഴിക്കപ്പറം മൊത്തം അവറ്റകളല്ലേ .


അന്ന് അമ്മാവൻ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല.അമ്മയോട് ചോദിച്ചട്ടും മറുപടി പറഞ്ഞില്ല. കാലം അതിന്റ ഉത്തരങ്ങൾ എനിക്കു നൽകി അന്നെനിക്ക് അമ്മാവന്റെ ചിന്താഗതികളോട് പുച്ഛം തോന്നി...


തൊണ്ട് തല്ലാൻ അമ്മ പോയെങ്കിലും അവൾക്കു കൂട്ടായി മുത്തശി ഉണ്ടായിരുന്നു . കണ്ണു കാണാത്ത മുത്തശി വരാന്തയുടെ ഓരത്തിരുന്ന് ഏതോ നാമം ചൊല്ലുന്നുണ്ടായിരുന്നു. ഞങ്ങളുടെ ശബ്ദം കേട്ടിട്ട് മുത്തശ്ശി ചോദിച്ചു ആരാ മോളെ വന്നേ? കാവേരിക്കുമുന്നേ ഞാൻ പറഞ്ഞു നീലനാണു മുത്തശി. ഏതു കൽപ്പകശേരിയിലെ കുട്ടിയാണോ!! . കൂടെ ആരാ? വസു മറുപടി പറഞ്ഞു. മുത്തശി വെപ്രാളപെട്ടുകൊണ്ടു പറഞ്ഞു . വേഗം പോവുക കുട്ട്യോളെ ഇവിടെ നിക്കണത് കണ്ടാ ഇല്ലത്തു നിങ്ങളെ വഴക്കുപറയും…


ഞങ്ങൾ ചെല്ലുമ്പോൾ അവൾ മുത്തു മാല കോർക്കുകയായിരുന്നു. ഇറങ്ങുമ്പോൾ മുത്തുകളും കുപ്പിവളകളും വെച്ചിരുന്ന ആ ചെറിയ തടി പെട്ടി ഞാൻ ശ്രെദ്ധിച്ചു അതിൽ ഉണങ്ങിയ ഒരു താമരപ്പൂ ഉണ്ടായിരുന്നു……


ഇറങ്ങിവരുംവഴി എത്ര ആലോചിച്ചട്ടും മുത്തശ്ശി എന്തിനാണ് ഞങ്ങളോട് പോകാൻ പറഞ്ഞതെന്ന് മനസ്സിലായില്ല. അതിനുത്തരം  

ഒട്ടും വൈകാതെ തന്നെ കിട്ടി. ഞങ്ങൾ ഇറങ്ങിവരണ കണ്ട അമ്മാവൻ ചെവിക്കു പിടിച്ചു തിരുമി വീട്ടിലുകൊണ്ടുപോയി ആ ദിവസം മുഴുവൻ ഞങ്ങളെ ഇരയാക്കി ആഘോഷിച്ചപ്പോൾ എല്ലാത്തിനും ഉള്ള ഉത്തരം താനെ മനസ്സിലായി..


കാവേരിയെ കാണുമ്പോൾ താമരപ്പൂവിന്റെ കാര്യം ചോദിക്കണം എന്നുള്ളത് ഉറങ്ങാൻ കിടന്നപ്പോഴും മനസ്സിലുറപ്പിച്ചു. നേരം പുലരാൻവേണ്ടി ഇത്രയേറെ വീർപ്പുമുട്ടൽ ഇതിനു മുൻപ് അനുഭവിച്ചട്ടില്ല.


പതിവിലും വേഗത്തിൽ ഞാൻ കുളിച്ചൊരുങ്ങി. കുളിയുടെ വേഗത കാരണമായിരിക്കും ചകുരിച്ചോറു കൊണ്ടു പുറത്തു പോറൽ വീണിരുന്നു.കുപ്പായം തട്ടുമ്പോൾ ചെറിയ നീറ്റൽ തോന്നി.

കുളപ്പടവിൽ അവൾക്കായി കാത്തുനിന്നു. ആകാംഷ നിറഞ്ഞ കാത്തുനിൽപ്പ്. പക്ഷെ ആ കാത്തുനിൽപ്പിൽ നിരാശ ഉറവെടുത്തത് വളരെ പെട്ടന്നായിരുന്നു. അവൾ വന്നില്ല..

അമ്മാവനെ ഭയന്ന് അവളുടെ വീട്ടിലേക്ക് പോകുവാൻ ഞാൻ മടിച്ചു. അന്നവൾ സ്കൂളിലും വന്നില്ല.. ഞങ്ങൾ അവളുടെ വീട്ടിൽപോയതുകാരണം അമ്മാവൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കികാണുമോ എന്ന വസുവിന്റെ സംശയം എന്നെയും അലട്ടി... ഞങ്ങളുടെ വേവലാതികളെ തൃപ്തി പെടുത്തികൊണ്ടാണ് ആ അശരീരി ക്ലാസ് മുറിയിൽ പടർന്നത്.

 കാവേരിക്കു സുഖമില്ല അതാണ് വരാത്തത്.


അശരീരിയുടെ ഉടമയായ ഉമയെ ഞങ്ങൾ സമീപിച്ചെങ്കിലും അവൾ എന്തൊക്കെയോ മറക്കുന്നതായി ഞങ്ങൾക്കു തോന്നി


.. ആ വെറുക്കപെട്ട ദിവസം കഴിഞ്ഞുകിട്ടാൻ ഞാൻ ഏറെ പ്രാർത്ഥിച്ചു. ഞാൻ പ്രാർത്ഥിച്ച കൂടാതെ നമ്പൂതിരിയെ കൊണ്ടു ശ്ലോകം ചൊല്ലി പ്രാർത്ഥിപ്പിച്ചു. ബ്രാഹ്മണൻ ദൈവത്തിനു പ്രിയപ്പെട്ടവനാണല്ലോ... കാവിലെ ദേവിയെ എന്നേക്കാൾ അടുത്തറിയാവുന്നത് വസുനല്ലേ….


വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ ചേച്ചിയുടെ വക ചില കുത്തുവാക്കുകൾ. കാവേരിയെ ശല്യം ചെയ്യരുതെന്നും. കുറച്ചുനാൾ ആ കുട്ടിയെ പറമ്പില് ഓടിച്ചാടി കളിക്കൊന്നും കൂട്ടരുതെന്നും തുടങ്ങി അങ്ങനെ പലതും പറഞ്ഞു .


ഒടുവിൽ സമാധാനത്തിനായി ഞാൻ അമ്മയുടെ അടുത്തു ചെന്നു. അമ്മ എന്നോടിങ്ങനൊന്നും പറയാത്തതാണ്. അമ്മക്കിതെന്തു പറ്റി. ചേച്ചി പറയുന്നതൊക്കെ കേൾക്കാൻ പറയുന്നു...


ഒടുവിൽ ശൂന്യതയിലേക്ക് നിഗൂഡതയുമായി വസു വന്നു.


കാവേരി വലിയ കുട്ടി ആയത്ര. അവന്റെ മുത്തശ്ശിയും അമ്മയും തമ്മിൽ അടുക്കള വർത്തമാനം പറയുന്നത് കേട്ടതാണ്.

വലിയ കുട്ട്യോ... എത്ര ആലോചിച്ചട്ടും പിടികിട്ടിയില്ല . രണ്ടും കല്പ്പിച്ചു മുത്തശ്ശിയോട് ചോദിച്ചു. സാധാരണ എന്തു ചോദിച്ചാലും കഥപോലെ പറഞ്ഞു തരണ മുത്തശ്ശി ഇന്നു ഞങ്ങളെ ആട്ടിപായിച്ചപ്പോഴെ സംഭവം മുന്നോട്ടുപോയാൽ ശരീരത്തിനു നല്ലതല്ല എന്നുറപ്പിച്ചു ഞങ്ങൾ എല്ലാ സംശയങ്ങളിൽ നിന്നും സ്വയം പിന്മാറി..


കാവേരി ഇല്ലാത്ത ദിവസങ്ങൾ. കുളപ്പടവിലെ മീനുകൾ വരെ എന്റെ ദുഃഖ സംഭാഷണങ്ങൾക്കു കേൾവിക്കാരായി.

ദിവസങ്ങൾക്കിപ്പുറം ആ നല്ല ദിവസമെത്തി..

അന്നു കാർത്തികയായിരുന്നു.

ദീപം തെളിക്കാനായി മാരോട്ടിക്കകൾ കാവിനു ചുറ്റും അലങ്കരിക്കുന്ന ചുമതല വസുനും എനിക്കുമായിരുന്നു. ആ സന്ധ്യ ദീപത്തിന്റെ തെളിച്ചത്തിൽ അതിലേറെ വെളിച്ചം വിതറിക്കൊണ്ട് അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൾ മാറിയിരിക്കുന്നു. ചേച്ചി ഉടുക്കും പോലത്തെ സാരിയാണ് അവൾ ഉടുത്തിരുന്നത്. കണ്മഷിയിൽ മനോഹരമായ അവളുടെ കണ്ണുകൾക്ക് എന്നോട് എന്തോ പറയാനുള്ളതായി തോന്നി.

എന്റെ കണ്ണുകൾക്ക്‌ മറ്റൊന്നും കാണുവാൻ കഴിഞ്ഞില്ല.…

.ദീപാരാധന കഴിഞ്ഞു നടതുറക്കുമ്പോൾ സർവ ദീപ ശോഭയോടെ ദേവിയെകാണുന്ന പോലെ ഞാൻ അവളെ നോക്കിനിന്നു....

അന്നൊരവധി ദിവസം

പുളിമരചോട്ടിൽ ഊഞ്ഞാൽ ആടുകയായിരുന്ന ഞങ്ങളുടെ അടുത്തേക്ക് അവൾ വന്നു.


കളിസ്ഥലത്തു നിന്നും അവൾ അപ്രത്യക്ഷ ആയെങ്കിലും ഊഞ്ഞാൽ ആടാനും കുളപ്പടവിലും അവൾ വന്നിരുന്നു.


 അങ്ങനെ പുളിമരവും ഊഞ്ഞാലും ഞങ്ങളുടെ കണ്ടു മുട്ടലിനു കാരണക്കാരായി……...


തുടരും 


Rate this content
Log in

Similar malayalam story from Drama