മറ്റൊരു കഥ
മറ്റൊരു കഥ
“ഈ ഫോട്ടോ കണ്ടിട്ട് നിനക്ക് വല്ലതും തോന്നുന്നുണ്ടോ?!”
സ്വന്തം മൊബൈലിൽ അമയയുടെ ഫോട്ടോ കാണിച്ചുകൊണ്ട് ഡിറ്റക്റ്റീവ് മാർക്കസ് തന്റെ ആത്മാർത്ഥ സഹചാരിയോട് ഇങ്ങനെ ചോദിച്ചു.
“ഊമ്....,,, നല്ലതും പറയാം, പിന്നെ.... ചീത്തതും പറയാം!”
ആയാസംകൂടാതെ തന്റെ പുരികങ്ങൾ ചുളിച്ച് ഫോട്ടോയിലേക്ക് നോക്കിയശേഷം, അതു തുടർന്നുകൊണ്ട് ഇങ്ങനെ പറഞ്ഞശേഷം സഹചാരി, അതേപടി തന്റെ സുഹൃത്തിനെ നോക്കി...
വെളിച്ചത്തെയാകെ ചുഴറ്റിവലിച്ചെടുത്ത് സൂര്യൻ, രാത്രിയുടെ കറുത്ത ഗന്ധകത്തിന് വഴിമാറിക്കൊടുത്തുകൊണ്ടിരുന്നു.
“നിനക്ക് രാത്രിയുടെ ഗന്ധം അറിയാമോ...?!”
ആദ്യരാത്രിയിൽ ശരൺ തന്റെ പത്നി അമയയോട് തിളങ്ങുന്ന കണ്ണുകളോടെ ഇങ്ങനെ ചോദിച്ചു.
മറുപടിയെന്നവിധം കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ എന്തൊക്കെയോ അർത്ഥമില്ലാതെ ചിലയ്ക്കുവാൻ തുടങ്ങി അമയ...
പകലുകളിൽ പ്രഹരമേൽപ്പിക്കുന്ന... പ്രഹരമേൽക്കുന്ന... രണ്ടു ബിംബങ്ങൾ മാത്രമായി ഇരുവരും അവശേഷിച്ചുപോന്നു!
രണ്ടാംരാത്രിയിൽ പ്രഹരങ്ങളുടെ ആധിക്യത്തിന് സ്വജീവൻ ബാക്കിയാക്കി അവൾ യാത്രയായി.
സുഹൃത്തിനെ പ്രതീക്ഷിച്ചുനിന്നിരുന്ന സഹചാരിയുടെ ഇരുപുരികങ്ങൾക്കും അപ്പോൾ ജീവൻവെച്ചു. മൊബൈൽ തിരികെ തന്റെ കോട്ടിനുള്ളിലേക്ക് ഭദ്രമാക്കി, ഇരുട്ടിലൂടെ- ദൂരെ കാണുന്നൊരു വെളിച്ചത്തിനടുത്തേക്ക് ഡിറ്റക്റ്റീവ് മാർക്കും സഹചാരിയും നടന്നു, മറ്റൊരു കഥയുമായി.
“ആരായിരിക്കും കൊലയാളി......!?”
കൊലപാതകങ്ങൾ മാത്രം നടന്നുകൊണ്ടിരിക്കുന്നു... കൊലപാതകികൾ മറഞ്ഞുമിരിക്കുന്നു!
