Udayachandran C P

Abstract

4  

Udayachandran C P

Abstract

വാര്‍ദ്ധക്യം

വാര്‍ദ്ധക്യം

1 min
527


ഇളംപ്രായത്തില്‍ മൊട്ടിട്ട ആദ്യപ്രണയത്തിന്‍ നാമ്പുപോലെ, 

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കേറി നീ വന്നു. 


ഉള്ളിലേക്കോടുന്ന ഉഛ്ച്വാസമോരോന്നും

നിന്നെ തടവിക്കൊണ്ടേ പോവാവൂ 

എന്നു നിര്‍ബന്ധമുള്ളപ്പോലെ, 

മൂക്കിന് തൊട്ട് താഴെ തന്നെ നീ സ്ഥാനമുറപ്പിച്ചു. 

കണ്ണിന്കടയില്‍നിന്നു തെന്നിവന്നോരൊളിനോട്ടമായ്, 

ചുണ്ടിന്കോണില്‍ ഒളിച്ചുവെച്ചോരാ പൂപ്പുഞ്ചിരിയായ്,

മറഞ്ഞും മറയാതെയും ആദ്യത്തെ വെള്ളിരോമം.


ഞാന്‍ നിന്നെ ഗൗനിക്കാതിരുന്നപ്പോള്‍, 

നീ കുണുങ്ങി പതുങ്ങി ചെവിക്കടുത്തായി 

വന്നു താമസിച്ചു ചെവിയില്‍ നിന്റെ 

പ്രേമമന്ത്രങ്ങള്‍ ഓതിത്തുടങ്ങി. 

അനുക്രമം നീ മൃദുവായ് സ്നേഹസാന്ദ്രമായ് 

ശിരസ്സില്‍ കയ്യോടിച്ചു അവിടെയെല്ലാം 

ധവളസ്വപ്നങ്ങളുടെ വിത്ത് പാകിമുളപ്പിച്ചു. 


നിന്റെ കൊഞ്ചലുകള്‍ കേള്‍ക്കാന്‍ 

ഞാന്‍ വിസമ്മതിച്ചപ്പോള്‍, 

നിന്റെ സ്വപ്നങ്ങള്‍ക്കു നേരെ 

ഞാന്‍ മുഖം തിരിച്ചപ്പോള്‍, 

മദയാനയായ് നീ എന്റെ മാറിന്റെ 

വയലിലേക്കാഞ്ഞിറങ്ങി

മതിച്ചും, മെതിച്ചും, എന്‍ തൃഷ്ണയാം 

കാടിനെ വെട്ടാതെ വെളുപ്പിച്ചു. 

പിന്നെയോ, താഴേക്കു, താഴേക്കൂര്‍ന്നിറങ്ങി 

എന്നിലെ കാളിയനാഗത്തിന്‍ തലകള്‍ക്കു മീതെ 

താണ്ഡവനൃത്തമാടി, പത്തികളത്രയും തകര്‍ത്തു നീ. 

സ്നേഹാധിക്യം കൊണ്ട് ഞാന്‍ തളര്‍ന്ന് 

മയങ്ങിക്കിടക്കണമെന്ന് നീ ആഗ്രഹിക്കുന്ന പോലെ. 


ഇനിയൊരിക്കലും ഉയരാനാവാത്ത ഫണവുമായി, 

എന്റെ ജീവനാം കാളിന്ദീനദി വിട്ടൊഴിഞ്ഞു 

പോവുന്നത് വരെ, അല്ലെങ്കില്‍ നിനക്കു വശംവദനാവുന്നത് വരെ 

നീ ഇത് തുടര്‍ന്നു കൊണ്ടിരിക്കും.

ശരിയാണ്, ചുറ്റിവളഞ്ഞു വരിഞ്ഞെന്‍റെ പ്രജ്ഞയെ 

മൂര്‍ച്ഛിതയാക്കിയിരിക്കുന്നു നീ. 


കളിയുടെ അവസാനഭാഗത്തില്‍ എത്തുമ്പോള്,

അന്തം ശുഭമെന്നായാലും, അല്ലെന്നാലും, 

കൊട്ടകക്കുള്ളില്‍, വിസില്‍ അടിച്ച് കൂക്കി വിളിക്കാനായും,

കണ്ണിന്റെ കോണില്‍ ഒളിച്ചുവെച്ചിരിക്കുന്ന ചുടുകണ്ണീരുമായി  

കുറച്ചുപേരെന്തായാലും ഒരുങ്ങിയിരിക്കുന്നുണ്ടോമനെ. 


എല്ലാ പ്രണയത്തിനും ഉണ്ടൊരു വില! 

എല്ലാ പ്രണയ-നൈരാശ്യത്തിനും ഉണ്ടൊരു വിലാപം!


Rate this content
Log in

Similar malayalam poem from Abstract