പ്രണയത്തിൻ സത്ത.
പ്രണയത്തിൻ സത്ത.


നീലവാനിന്നുച്ചിയിൽ ദൂരെയെങ്ങോ നിന്ന്
നടുക്കുന്നൊരു പ്രഹരമായ്,
ആകസ്‌മികമാമൊരു വെള്ളിടിയായ്
ഇടിച്ചു കയറി വന്നെന്നെ നീ കീഴ്‌പ്പെടുത്തി.
സർവ്വം-സഹയായ ഭൂമിയെപ്പോലെ
നിന്നെയും നിന്റെ പ്രഹരവും
മനസാ വരിച്ചു ഞാൻ.
ഒരു നൂറായിരം അജഗരങ്ങളായി
നീ ചുറ്റിവരിഞ്ഞെൻറെ ശ്വാസം
നിൻ വരുതിയിലാക്കിയെടുത്തു.
ഞാൻ നിന്റെ കൈപ്പിടിയിൽ
ശ്വാസമറ്റ്, പ്രജ്ഞയറ്റ്
മരവിച്ചു കിടന്നു.
ചെറുപ്പില്ലാത്ത അടിയറവിലും,
മരവിപ്പിലും, ആ ശ്വാസമറ്റ കിടപ്പിലും,
സ്വയം പീഡയുടെ ഉല്ലാസം
ഞാൻ കണ്ടെത്തുകയായിരുന്നോ?
അതോ, എൻ ചോരയിൽ
നീ കുത്തിവെച്ച മാരകവിഷം
എന്റെ പ്രജ്ഞയെ
ഉറയിപ്പിക്കുകയായിരുന്നോ?
കേട്ടതിലും അറിഞ്ഞതിലും
ഏറ്റക്കുറവുണ്ടെങ്കിലെന്ത്?
ഇല്ലെങ്കിലെന്ത്?
ദൂരെ മേലാപ്പിൽനിന്നു
വളഞ്ഞും പുളഞ്ഞും
ചുരുളഴിഞ്ഞിറങ്ങി വരുമാ മിന്നൽക്കൊടി
ഒരായിരം വർണങ്ങളാൽ
ആകാശത്തട്ടിലെഴുതിവെച്ചതിത്….!
മിന്നൽക്കൊടി തൻ
കൈകോർത്ത് പിടിച്ചോടിവരും
ഇരക്കും ഇടിനാദം
മാറ്റൊലിക്കൊണ്ടതിത്…..!
"പ്രണയത്തിൽ നീ
വെക്കുന്നോരോ അടിയറവും
മാറുന്നുണ്ട് നിൻ വിജയമായ്,
നിന്നധീശത്വമായ്!
പ്രണയത്തിൽ നീ
വകവെക്കുന്നോരോ തോൽവിയും
മാറുന്നു രൂപം, നിന്നാർജ്ജവമായ് !
പ്രണയത്തിൽ നീ
മുങ്ങി മരിക്കുമ്പോൾ,
നിലനിൽക്കുന്നു
നിന്നുണ്മ അനന്തമായ്!"