STORYMIRROR

Udayachandran C P

Romance

3  

Udayachandran C P

Romance

നിര്‍വ്യാജ-പ്രണയം

നിര്‍വ്യാജ-പ്രണയം

1 min
207

ജീവിതത്തെ സ്വന്തം  മടിയിൽ 

ചേർത്തുവെച്ചുകൊണ്ട് മൃത്യു ചൊല്ലി, 

"നിന്നെ ഞാൻ പ്രണയിക്കുന്ന പോൽ,

ആർക്കു പ്രണയിക്കാനാവും, കുട്ടീ? 


അറിയാമോ? നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടേ ഇരുന്നു, 

എന്നും! നിന്റെ ആദ്യശ്വാസം മുതൽ നിന്നെ 

ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നു,

എന്നും നിന്നെ അനുഗമിച്ച്, നിഴലായ് നിന്റെ കൂടെ.”


“ജന്തുജാലങ്ങൾക്കിടയിൽ കാപട്യം കയ്യൊപ്പാക്കിയ, 

സവിശേഷ ബുദ്ധിയുണ്ടെന്നു ഞെളിയുന്ന 

ഒരേ ഒരു ജാതിയുടെ വ്യാജപ്രണയം പോലല്ലിത്.

പ്രണയത്തിനെ ഒരു സുന്ദരവികാരമാക്കി മാറ്റുമ്പോഴുമവർ,


മലരമ്പിൻ വർണ്ണങ്ങൾ പ്രണയത്തിനവർ ചാർത്തുമ്പോഴും, 

പഴയവരെ തഴഞ്ഞോടി, പുതിയോരോ കമിതാവിനോടും, 

അതേ കപടവാക്കുകൾ തന്നെ മന്ത്രിച്ചുകൊണ്ടിരുന്നു,


നിന്നെ ഞാൻ പ്രണയിക്കുന്നു, 

പ്രണയിച്ചുകൊണ്ടേയിരിക്കും. 

ലോകാവസാനം വരേക്കും!.”


“ഞാനോ? നിൻ ശ്വാസമായ്, നിശ്വാസമായ് 

എന്നെന്നും കൂടെത്തന്നെ ഉണ്ടായിരുന്നല്ലോ!

തിരിഞ്ഞെന്നെ നീ ഒരു നോക്ക് നോക്കാതിരുന്നിട്ടും,

എന്റെ സാമീപ്യം നീ ആഗ്രഹിക്കാതിരുന്നിട്ടും.


നിന്റെ ഓരോ ചലനവും പിന്തുടർന്നുകൊണ്ട്, 

നിന്റെ കാലടിപ്പാടിനു തൊട്ടു പുറകെയായി

ഞാൻ നിന്റെ വേർപിരിയാത്ത കൂട്ടിനായി 

കാത്തു കാത്തിരുന്നു, വേഴാമ്പലിനെപ്പോലെ.”


എത്രകാലം എന്നെ നീ വെറുത്താലും, അകറ്റി നിർത്തിയാലും, 

നിന്നെ ഞാൻ അഭംഗുരം പ്രണയിച്ചുകൊണ്ടിരിക്കും. 

ക്ഷമയോടെ കാത്തിരിക്കാൻ ഞാനെന്റെ 

മനസ്സിനെ പാകപ്പെടുത്തിയരുന്നല്ലോ. 


അതുകൊണ്ടാണ് നീയിപ്പോൾ എന്റെ മാറിലേക്ക് ചായുമ്പോളും,

ആദ്യം തോന്നിയ അതേ പ്രണയമധുരത്തോടെ 

എനിക്ക് നിന്നിലേക്ക് അലിയാനാവുന്നതും.

നമുക്ക് ഒന്നാവാൻ കഴിയുന്നതും.


വരൂ, നമുക്കിനി കൈകോർത്തു,  മെയ്യൊന്നായി,

മനസ്സുചേർന്നീ യാത്ര തുടങ്ങാം!

പ്രണയത്തിന്റെ അവസാനിക്കാത്ത പ്രയാണം!



Rate this content
Log in

Similar malayalam poem from Romance