STORYMIRROR

Udayachandran C P

Others

4  

Udayachandran C P

Others

യക്ഷിപ്പനകൾ

യക്ഷിപ്പനകൾ

1 min
253

അറ്റുപോവാനേറെ നാളുകളില്ല ഞങ്ങൾക്ക്,

അനാഥകളവശകളാണിന്നു ഞങ്ങൾ!

വിണ്ണിൻ മാറിൽ തലകൊണ്ട് കുത്തിയും,

ആകാശക്കണ്ണിനെ തുറുകണ്ണാൽ പേടിപ്പിച്ചും 

കിറുകിറെയെന്നു കലമ്പി, 

ഓലക്കൈകളാൽ പറ കൊട്ടിയും, 

ഉറഞ്ഞു തുള്ളിനിന്നിരുന്ന ഒരു ചരിത്രവും 

ഉണ്ടായിരുന്നു ഞങ്ങൾക്ക് പണ്ട്!


തൂമഞ്ഞിൻ നിറം വെല്ലും 

ഞങ്ങൾ തന്നിഷ്ടതോഴികൾ, 

ഒറ്റ മുലച്ചികൾ, രക്ത-യക്ഷികൾ, 

സർപ്പസുന്ദരികളവരെന്നും

ഓലത്തലപ്പിൽ വല നെയ്തെടുത്തവമേൽ  

ഊഞ്ഞാലാടുക പതിവായിരുന്നല്ലൊ.

മുറുക്കിചുവപ്പിച്ച ചുണ്ടിനാൽ ഞങ്ങളെ

പല കുറി ചുംബിച്ചും, 


കരളലിയിക്കും കഥകൾ ചൊല്ലി 

കണ്ണുകൾ നനയിച്ചും, 

വശ്യമാം പാട്ടുകൾ പാടി 

ഞങ്ങളെ നിശ തൻ നിലയില്ലാക്കയങ്ങളിൽ

ആഴ്ത്താറുണ്ടായിരുന്നവർ.

ആലസ്യത്തിൻ പടവുകളിൽ 

ഞങ്ങളെ കൊണ്ടുതള്ളി, 

എളിയിൽ പാക്കും വെറ്റിലയും തിരുകി,


അണയാപ്പകയുടെ നെരിപ്പോടും ചുമന്ന് 

ഒഴിഞ്ഞ വഴികളിലെല്ലാം അലഞ്ഞും നടന്നും,  

വഴിപോക്കരിൽനിന്നും നിർദോഷമായൊരു 

നുള്ള് നൂറിനായ് യാചിച്ചും, 

പിന്നെ പകയുടെ പുക മൂടി, 

അസ്ത-പ്രജ്ഞരാക്കിയവരെ 

ഞങ്ങൾ തന്നുച്ചിയിൽ കൂട്ടിക്കെട്ടിയ മേലാപ്പിൽ 

ബലമായി കൊണ്ടുചെന്നു, 


മനം നിറഞ്ഞ് പാനം ചെയ്ത രുധിര-ലഹരിയിൽ,   

പേ പിടിച്ച കിഴക്കൻ കാറ്റിനോടോപ്പം 

ആടിയും പാടിയും ഞങ്ങളെ 

ഇളക്കിയാട്ടി ഇക്കിളി കൂട്ടിയിരുന്നു, 

മോഹിനികൾ, നിലാവിൻ തോഴികൾ. 

ഇന്നിന്റെ നാളുകളിൽ, 

വേള മാറി, അതിരുകൾ മാറി, 

ഇടമേതുമില്ലൊഴിഞ്ഞത്. 


ഇല്ലിടം വിത്ത് വീഴുവാൻ, കൂമ്പ് മുളക്കുവാൻ, 

ഇല്ലിടം പകരാൻ, പടരുവാൻ.     

ഇല്ല നടവഴികൾ, ഇല്ല വഴിപോക്കരും.

ഏവർക്കും കയ്യിലുണ്ട് ചക്രങ്ങൾ, 

ഉണ്ടനവധി കാലിൻചുവട്ടിലും.

മാത്രമോ, പഴമ തൻ വെണ്മയാം നൂറില്ല കിട്ടുവാൻ, 

കുടമില്ല, നൂറ്റിൻകുടവുമില്ല.

പകരമായ്  കയ്യിൽ മുറുക്കിപ്പിടിക്കുവാൻ, 

പുത്തനനുഭൂതി തൻ ശ്വേത-ചൂർണമത്രെ! 


എങ്ങെങ്ങും പനയുയരം വെല്ലും സൗധങ്ങൾ  

പ്രമത്തയും ഗർവുമായ് തലപൊക്കി നിൽക്കുമ്പോൾ, 

പുത്തൻ-തലമുറ യക്ഷിതൻ കൂട്ടങ്ങൾ  

കൂടുകൂട്ടുവാൻ ഞങ്ങളെ ഗണിക്കാതെ,  

കെട്ടിടത്തലപ്പത്തേക്കോടുന്നതു 

പഴിയായ് കാണാമോ?

അറിയുന്നു, ഞങ്ങളറിയുന്നു, 

പൂർവ്വകാലങ്ങളിലറ്റുപോയ ഗണങ്ങൾ 


നിരവധിയവരെപ്പോൽ അന്യം നിൽക്കുവാൻ 

ഒരുങ്ങിയിരിക്കട്ടെ മൂകമായ് ഞങ്ങളും!

സൂചനയായെടുക്കേണ്ടതല്ലെ ഞങ്ങൾ? 

ഇളമനങ്ങളിൽ വാക്കിൻ വിത്ത് പാകും  

പ്രാരംഭപാഠത്തിലാദ്യ-വാക്കിൻ കൂട്ടത്തിൽ നിന്നും 

കാലം നീക്കിയ പദങ്ങളുണ്ടനവധി.  

നിറയാത്ത 'പറ'യിൽനിന്നും 

തുടങ്ങിയതാണീ  യാത്ര. 

അക്കൂട്ടത്തിലുണ്ടിനിയൊരിക്കലും 

മുളച്ചുപൊന്താനാവാത്ത 'പന'കളും!  



Rate this content
Log in