ജീവിതം കരുത്തുറ്റതാവാൻ! (-ഉദയചന്ദ്രൻ സീ പി)
ജീവിതം കരുത്തുറ്റതാവാൻ! (-ഉദയചന്ദ്രൻ സീ പി)
ഇടറുന്ന നിലവിളികളാണ് ചുറ്റും,
അമർത്തിപ്പിടിച്ച ആർത്തനാദങ്ങളും!
അഭയയും, ജ്യോതി സിങ്ങും, സൗമ്യയും,
അസംഖ്യം അനാമികകളും
കീറിപ്പറിഞ്ഞ മേനിയും
ചീന്തിയെറിയപ്പെട്ട ഉയിരുമായി
അലഞ്ഞുനടക്കുന്നതു കാണാമോ?
നക്കാഷ്, മുകേഷ്, സെൻഗർ,
ഗോവിന്ദച്ചാമി എന്നിവരെപ്പോൽ
ഇര തേടി അലയുമാ
തുളക്കും ദൃഷ്‌ടിയുമായ് ഗൃദ്ധ്രങ്ങളും
വെറി മൂത്തോടി നടക്കും കഴുതപ്പുലികളും
കൊണ്ട് സമൃദ്ധമായ ഫൈസലാബാദും,
ഡൽഹിയും, ഉന്നാവും, ലഖിമ്പൂരും,
ഷൊർണൂരും, പാലക്കാടും
മറ്റിട
ങ്ങളും വാഴ്ത്തപ്പെട്ടവയാവട്ടെ!
മലിനീകരണം അന്തരീക്ഷത്തിൽ മാത്രമല്ല,
അന്തരാളങ്ങളിലും വഴിഞ്ഞു നിൽക്കുന്നു.
ദുരിതങ്ങളിൽക്കൂടെ കടന്നുപോവുമ്പോൾ
മനുഷ്യ ജീവിതം കരുത്തുറ്റതാവുന്നു
എന്നത്രെ വിവേകമതികൾ വിലയിരുത്തുന്നത്.
അങ്ങിനെയെങ്കിൽ നമുക്ക് വേണ്ടത്
കൂടുതൽ കഴുതപ്പുലികളും കഴുകരുമാവാം!
ജീവിതം കരുത്തുറ്റതാവാനായി
പുതിയ സംരംഭമെന്ന നിലക്ക്,
കഴുകരെയും, കഴുതപ്പുലികളെയും
പോറ്റിവളർത്താൻ നാം ആരംഭിക്കേണ്ടിയിരിക്കുന്നു!