STORYMIRROR

Rethika Adhi

Tragedy

4  

Rethika Adhi

Tragedy

പിഴ

പിഴ

1 min
355


തായ്മനമുരുകുന്നു നീറുന്ന,

നെഞ്ചിലെ അണയാത്ത കനലുകൾ,

ശേഷിപ്പതിൻ പിന്നാലെ തൊടിയിലെ,

 കനലണഞ്ഞ ചിതയിലിറ്റ് വീഴുന്ന

മഴത്തുള്ളിയിൽനിന്ന് ചിതറി-

തെറിക്കുന്ന ചാരത്തുള്ളികൾ..


നിണമായൊഴുകുന്ന കണ്ണീർക്കൈവരികൾ

മുറുകെപ്പിടിച്ചൊരാ മായാത്ത ഓർമ്മകൾ

ഇന്നലെ വരെ താൻ കോന്തലത്തുമ്പിൽ

നിധിപോലെ കാത്തോരാപെണ്ണൊരുത്തി..

കാടിന്റെ മക്കൾക്ക്‌ കണ്ണിലുണ്ണി..


നാടറിയാത്തൊരു പെൺകിടാവ്,

അമ്മതൻ കൈത്തഴമ്പിൻ കാഠിന്യം,

 കുറയ്ക്കുവാൻ ഒരുപാടു സ്വപ്നങ്ങൾ

 നെഞ്ചിലേറ്റിയിതുവരെ കാണാത്ത-

നാടിന്റെ മടിയിലേക്കൊരു യാത്രപോയി..


കാട്ടിലെ മൃഗങ്ങളെത്രയോ

 ഭേദമെന്നറിയിച്ചു പലവട്ടം.

അമ്മയ്ക്കു താങ്ങാകാൻ

 കാടിന്നുതകണമെന്റെ -

ജീവിതമെന്നോരോനിമിഷവും

ആർത്തു പെയ്തവളുടെ വാക്കുകൾ,

ഇനിയൊന്നു കേൾക്കുവാനേതു

കൂടണയണമീയമ്മ..


നേരും നെറിയുമില്ലാത്ത ലോകത്ത്,

പെണ്ണൊരുത്തി,കാടിന്റെ സന്തതി..

അളന്നുകുറിയ്ക്കപ്പെട്ട യോഗ്യതയിൽ 

വേലിക്കു പുറത്തായി വേലയില്ലാതെ ..

വെല്ലുവിളിച്ചപ്പോൾ നാവറുത്തു....

വിശപ്പിന്റെ വിളിയിൽ കട്ടെടുത്തൊരുമുറി,

റൊട്ടിക്കഷണത്തിന് ഈടുനൽകിയ-

 ജീവിതം അവൾക്കുമുന്നിലുദാഹരിച്ചു..


കാലത്തിന്റെ നീതി അവൾക്കേകിയില്ല..

കനിവുള്ള കൈകളൊന്നും താങ്ങിയില്ല.

ഉടുതുണിയില്ലാതെ ഇരുട്ടുമുറിയിൽ,

അവളുടെ സ്വപ്‌നങ്ങൾ ചവിട്ടിയരച്ചു..

ഒടുവിലെ യാത്രയ്ക്കു ഊരിലേക്കൊരു,

കെട്ടുപായയിൽ തെറുത്തെറിഞ്ഞു..


തെരുവുപട്ടികൾ പിഞ്ചിളം മേനിയിൽ

എല്ലിൻ കഷ്ണത്തിന് മുത്തമിടുമ്പോൾ

വേദന അറിയാത്ത ലോകത്തേക്കവൾ പൊയ്ക്കഴിഞ്ഞു..

ഓലക്കുടിലിന്റെയുള്ളിൽ പുകയുന്ന

അടുപ്പിൻകരയിൽ അപ്പോഴും,

തീയൂതികത്തിക്കാൻ പാടുപെട്ട്,

 ഗതികെട്ടൊരമ്മയുണ്ടായിരുന്നു..


നീറുന്ന കണ്ണുകൾ സജലങ്ങളാകാൻ നിമിഷങ്ങളെടുത്തില്ല..

എന്തായിരുന്നവളുടെ തെറ്റ്..

എവിടെയാണവളുടെ പിഴ..

ഒടുക്കേണ്ട പിഴകളുടെ ആകെത്തുകയ്ക്ക-

വളുടെ ജീവിതം കട്ടെടുത്തതാര്..


Rate this content
Log in

Similar malayalam poem from Tragedy