ജനിച്ചവീട് വിൽക്കുമ്പോൾ - കവിത ജിത ഷരുൺ
ജനിച്ചവീട് വിൽക്കുമ്പോൾ - കവിത ജിത ഷരുൺ
ജനിച്ചവീട് വിൽക്കുമ്പോൾ,
അവളെ അറിയിക്കരുത്.
കാരണം അവൾ ഹൃദയം
പൊട്ടിമരിച്ചുപോകും..
അത് അവൾ മൂത്തമകൾ
ആയതുകൊണ്ടാണെന്ന് നിങ്ങൾ
കരുതും..
അല്ല !! അല്ലേ അല്ല
അവളുടെ ഹൃദയം അതിൽ
ഒളിപ്പിച്ചിരുന്നു എന്നാകും
നിങ്ങൾ വിചാരിച്ചത്?
എന്നാൽ അതും തെറ്റായ ധാരണയാണ് ..
ആ വീട്, അവളുടെ പ്രധാന
ഹൃദയധമനികളിൽ ഒന്നിൽ
നിറഞ്ഞൊഴുകിയ രക്തത്തിന്റെ
തീവ്രവികാരക്കനലാണ്..
അതിനു നിങ്ങൾക്ക്
അവളുടെ മനസ്സറിയുമോ?
അറിഞ്ഞിരുന്നുവെങ്കിൽ അവൾക്കു
ഭ്രഷ്ട്കൽപ്പിക്കുമോ?
ആ വീട് നിങ്ങൾക്കൊപ്പം
നിങ്ങളുടെ മൂത്തമകൾകൂടി
സ്വപ്നം കണ്ടിരുന്നു ..
നിങ്ങൾ പകുത്ത നേരറിഞ്ഞ
കനൽപാതയിൽ അവളും
നിങ്ങൾക്കൊപ്പം ഉണ്ടായിരുന്നു
എന്നിട്ടും,
നിങ്ങൾ പറഞ്ഞ
“ഞങ്ങൾ ഈ വീട് വിൽക്കുന്നു”
എന്നതിലെ
“ഞങ്ങൾ”
അവളെ ഉൾക്കൊള്ളാത്ത മറ്റാരൊക്കെയൊ
ആയിരുന്നു
ഒരിക്കൽ ആ കിണർ
അവൾക്കു ദാഹമകറ്റിയിരുന്നു.
വിൽക്കുന്നതിന് മുന്പ്
ഒരു കുമ്പിൾ ദാഹജലം
അവൾക്കു മാറ്റിവെക്കുക ..
അവൾ ഉറങ്ങിയ
മുറി ഒരു ദിവസമെങ്കിലും
അവൾക്കായ് തുറന്നിടുക
ഉറങ്ങട്ടെ ശാന്തമായ് ..
അവളുടെ കസേര
വിൽക്കരുത്
കാരണം
അതിൽ ഇരുന്നാണ്
കവിതകൾ എഴുതിയിരുന്നത്..
അവളെ നിശബ്ദയാക്കുമ്പോൾ
ഒന്നോർക്കുക!!
അടച്ചിട്ട മുറികൾക്കുള്ളിൽ
അവളുടെ കവിതകൾ
നിർത്താതെ പാടുന്നുണ്ടാകാം ..
അവൾ ഇനി
നിങ്ങളോട് കരഞ്ഞു പറയില്ല
എന്റെ “വീട് വിൽക്കരുത്” എന്ന്
കാരണം അവൾക്കറിയം
എന്നോ അവളെ പടിയിറക്കി വിട്ടെന്ന് ..
വീട് വിൽക്കുമ്പോൾ
വാങ്ങുന്നവരോട്
പറയണം വീടിന് മുൻപിലെ
മാവ് വെട്ടരുത് എന്ന്
കാരണം അവളുടെ
മനസ്സ് മാവിന്റെ
ആത്മാവിനുള്ളിലാണ് ഇന്നും
ജനിച്ചവീട് വിൽക്കുമ്പോൾ
മൂത്തമകളെ
അറിയിക്കരുത്
കാരണം
അവളിലെ കനവും, നിനവും ,
അവളിലെ ആകാശവും , ഭൂമിയും,
അവളിലെ ചിരിയും,
സ്വർഗ്ഗവും
അവിടമാണ്...
