കാണൂ നീ, കാഴ്ചകൾ
കാണൂ നീ, കാഴ്ചകൾ
'കണ്ണുണ്ടായിട്ടു കാര്യമില്ല.
കാണണം നീ! '
കേട്ടു പഴകിയ മഹദ് വാക്യമോ ഇത് ?
'കണ്ണുള്ളപ്പോൾ വിലയറിയില്ല! '
ഇതൊരു പഴഞ്ചോല്ല് മാത്രം -
ആംഗലേയന്റെ 'ബനാന ടോക്ക്'!
കണ്ണിന്റെ വിലയറിയാത്ത മനുഷ്യാ,
തുറക്ക് നിന്റെ കണ്ണുകൾ.
നിൻ നയനങ്ങളിലെ അന്ധത,
വ്യാപിച്ചു കഴിഞ്ഞു നിൻ മനസ്സിലേയ്ക്കും.
ഇനിയെങ്കിലും തുറക്ക് നിന്റെ അകക്കണ്ണു ,
ഞാൻ എന്ന ഭാവത്താൽ അന്ധനാണ് നീ.
ഉപഭോഗസംസ്കാരത്തിന്റെ മായകളാലും നീ അന്ധൻ.
ഇനിയും തുറക്കാത്ത കണ്ണുകളെ നിങ്ങൾക്കു കഷ്ട്ടം.
നിന്റെ നാശം സുനിശ്ചിതം.
കണ്ണു തുറന്ന് കാണൂ നീ, ചുറ്റുമുള്ള കാഴ്ചകൾ.
ഏറ്റവും ദുഃഖഭരിതമോ അവ?
കൊള്ളയും കൊലയും കാണുന്നില്ലേ നീ?
ചതിയും വഞ്ചനയും അറിയുന്നില്ലേ നീ?
പണമോ പ്രശസ്തിയോ ഏത് വേണം?
ഒന്നുകിൽ കൊല്ലണം, അല്ലെങ്കിൽ ചതിയ്ക്കണം.
ചുറ്റുമുള്ള ലോകത്തിലെ കാഴ്ചകളാണിത്.
ഭയമുണ്ടോ നിനക്കു?
അരുത്,
ഈ കാഴ്ചകൾ കാണാൻ നീ ബാധ്യസ്ഥൻ.
അടയ്ക്കരുത് നിൻ നേത്രങ്ങൾ.
അന്യന്റെ ദുഃഖവും നീ കാണണം.
കാണുന്നില്ലേ നീ യുദ്ധങ്ങൾ?
ഹിരോഷിമ പോലെ, നാഗസാക്കി പോലെ,
ഇനിയെത്ര നഗരങ്ങൾ
കാണാൻ കിടക്കുന്നു.
ഭയപ്പെടരുത് നീ,
അവിടുത്തെ ചത്തു ജീവിക്കുന്ന മനുഷ്യരെക്കണ്ട് .
ഇന്നത്തെ അവരാണ്-
നാളത്തെ നീ.
ഭൂലോകം ചുറ്റി നീ വാ,
ഇങ്ങു കേരളത്തിലേയ്ക്ക്,
'ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്'.
കാണൂ നീ, കണ്ണുനിറച്ചു, ലാലൂരിനെ-
മാലിന്യക്കൂമ്പാരം നിന്റെ ദൃഷ്ടിയ്ക്കുമപ്പുറം.
കാണൂ നീ, മാറാടിനെ.
മനുഷ്യന്റെ കലാപങ്ങൾ കണ്ട്,
കണ്ണ് നിറയരുത്.
ഇനി നീ,
കണ്ണ് നിറച്ചു കാണൂ, അതിരപ്പള്ളിയെ-
ഇനിയാ കാടും വെള്ളച്ചാട്ടവും
വൈദ്യുതിയ്ക്ക് വഴി മാറും.
ഇപ്പോൾ നീ വെമ്പുന്നതെന്തിന്?
കണ്ണടയ്ക്കാനോ അതോ കരയാനോ?
ഒന്ന് നീ ഓർക്ക് -
'കണ്ടത് മനോഹരം,
കാണാത്തത് അതിമനോഹരം.'
കാണൂ നീ കാഴ്ച്ചകൾ .