മലയാളം എവിടെ?
മലയാളം എവിടെ?


ആറു വയസ്സുള്ള അനുജത്തി ഇന്നലെ,
ഇംഗ്ലീഷിലെന്നോട് ചോദിച്ചു-
കേരളീയരുടെ മാതൃഭാഷ ഏതെന്ന്.
നിസ്സംശയം മലയാളം എന്നു മൊഴിഞ്ഞ,
എന്നോടവൾ കയർത്തു-
"പിന്നെ ഇപ്പോൾ പറയുന്നതോ?"
അറിയുമോ കുഞ്ഞേ നിനക്കു,
ഇത് വെള്ളക്കാരന്റെ ഇംഗ്ലീഷ്.
തുഞ്ചന്റെ കിളി പാടിയ മലയാളം എവിടെ?
കൃഷ്ണന്റെ ഗാഥയിലെ മലയാളം എവിടെ?
'നമ്പി ആരെന്ന് ' ചോദിച്ച നമ്പിയാരുടെ മലയാളമോ?
ആശയിൽ ഗംഭീരനായ ആശാന്റെ മലയാളമോ?
ശബ്ദസുന്ദരനായ വള്ളത്തോളിന്റെ മലയാളമോ?
ഉള്ളൂരിന്റെ ഉജ്ജ്വല വാക്യാർത്ഥങ്ങളെവിടെ?
അമ്മ മലയാളമേ, നീ എവിടെ?
മലയും അളവും ലോപിച്ചു നീയുണ്ടായി.
ശുദ്ധമലയാളമേ നീ നശിച്ചതെങ്ങനെ ?
എസ്.എം.എസ് ഭാഷയുടെ വരവോടു കൂടിയോ?
ബ്ലോഗെഴുത്തുകാരുടെ ആധിപത്യത്തോടെയോ?
ചാനൽ അവതാരകരുടെ മംഗ്ലീഷിലൂടെയോ?
ഈ ഭാഷകളുടെ പിറവി-
മലയാള നിഗ്രഹത്തിലൂടെ തന്നെ.
മലയാളത്തെ കുരച്ചു കുരച്ചു അരിയുന്ന,
കേരള ജനതയെ,
മലയാളം അമ്മയാണ്.
അമ്മ ദൈവവും.
ദൈവനിന്ദ പാപവും.