പുഴ
പുഴ


ഇവിടെയൊരു പുഴയുണ്ടായിരുന്നു,
ആ പുഴയിൽ ഞാൻ മുങ്ങിക്കുളിച്ചിരുന്നു.
പുഴയുടെ തൂമണൽതിട്ടയിലെത്രയോ
സായന്തനങ്ങൾ ഞാൻ ചിലവിട്ടിരുന്നു.
പുഴയിലെ ഓളങ്ങൾ തഴുകിയെത്തും കാറ്റിൻ
കുളിരേറ്റ് ഞാനെത്ര നേരം കിടന്നിരുന്നു.
കൂട്ടരോടൊത്താ തൂമണൽതിട്ടയിൽ
നാട്ടുകാര്യങ്ങൾ പങ്കിട്ടിരുന്നിരുന്നു.
ഈ പുഴയുടെ അടിത്തട്ടിലെന്നച്ഛന്റെ,
അമ്മയുടെ, പൂര്‍വ്വികരുടെ, തോഴരുടെ
അസ്ഥികള്‍ നിദ്രയിലാണ്ടിടുന്നു.
മണ്ണിനും, മര്‍ത്ത്യര്‍ക്കും ദാഹനീര്‍ നല്‍കിയ
അമൃതസ്വരൂപിണിയായിരുന്നപ്പുഴ.
കാലവര്‍ഷത്തില്‍ കുലംകുത്തിയൊഴുകി
കലിതുള്ളി പാഞ്ഞവളായിരുന്നപ്പുഴ.
കര്‍ക്കിടവാവിന് പിതൃക്കള്‍ക്ക് ബലിയിടാന്‍
ലക്ഷങ്ങളെത്തിയതാപ്പുഴത്തീരത്ത്.
എവിടെയാണാപ്പൂഴ?
ഇന്നെവിടെയാണാപ്പുഴ?
പുഴയിന്നു മരിച്ചുവോ?
പണിശാലകളൊഴുക്കിയ മാലിന്യം
പുഴയുടെ അന്ത്യംകുറിച്ചുവോ?
പുഴമാന്തി നിര്‍മ്മിച്ച പടുകൂറ്റന്‍ മാളികകള്‍
പുഴയെ ഞെരിച്ചുഞെരിച്ചു കൊന്നോ?
നിത്യവും മുങ്ങിക്കുളിക്കുമ്പൊഴെന്നെ
മുട്ടിയുരുമ്മിയ മത്സ്യങ്ങളെവിടെ?
മീനുകള്‍ക്കിത്തിരി വെള്ളമില്ല!
സായന്തനങ്ങളില്‍ കുളിര്‍കാറ്റേറ്റിരിയ്ക്കാന്‍
തൂമണല്‍തിട്ടകളെങ്ങുമില്ല.
മുള്‍ച്ചെടികള്‍ ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കും
മണ്‍കൂനകള്‍ മാത്രം കാണ്മതെങ്ങും.
കാലം കടന്നുപൊയ് കാലവര്‍ഷം വന്നു,
പേമാരി പെയ്തു തിമര്‍ത്തിറങ്ങി.
ചാലുകളില്ല, നീര്‍ച്ചാലുകളില്ല,
പാടങ്ങളില്ല, തോടുകളില്ല,
വീടുകള്‍ പണിത് നികന്നുപോയി.
പാഴ്ച്ചെടികള്‍ തിങ്ങിനിറഞ്ഞ പുഴയിലോ
നീരിനെ താങ്ങാനിടവുമില്ല.
മലകളിടിഞ്ഞു, കുന്നുകളിടിഞ്ഞു,
മലവെള്ളം കുത്തിയൊലിച്ചിറങ്ങി.
പാതകള്‍ വെള്ളം കയ്യടക്കി
പുരകള്‍ വെള്ളത്തിലൊലിച്ചുപോയി.
പുഴമാന്തി കെട്ടിയുയര്‍ത്തിയ സൗധങ്ങള്‍
തെരുതെരെ ഭൂമിയിലടര്‍ന്നു വീണു.
ദേവാലയങ്ങളും, കാര്യാലയങ്ങളും
മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞു.
കലിതുള്ളിപ്പായും പുഴയുടെയൊഴുക്കില്‍
കുറെയേറെ സ്വപ്നങ്ങളൊലിച്ചുപോയി.
ഇവിടെയാപ്പുഴയിന്നുണ്ടായിരുന്നെങ്കില്‍
ഒരു നിമിഷം ഞാനോര്‍ത്തുപോയി.
ഒരു നിമിഷമൊന്നോര്‍ത്തുപോയി.