STORYMIRROR

Sasidharan K

Inspirational

4  

Sasidharan K

Inspirational

അമ്മയും മകളും

അമ്മയും മകളും

1 min
475

മകളേ! നിനക്കിന്നു ഞാനന്യയായോ?

എന്‍ടെ മനസ്സില്‍ നീയിന്നും നിറഞ്ഞുനില്പൂ.

ഒരുനോക്കു കാണുവാന്‍, ഒരുവാക്കു മിണ്ടുവാന്‍

ഒരുപാടു നാളായ് കൊതിച്ചിടുന്നു.


അരുതാത്തതെന്തു ഞാന്‍ ചെയ്തിതെന്നൊന്നു നീ

ഒരു നിമിഷം നന്നായൊന്നൊര്‍ത്തുനോക്കൂ.

പാരതന്ത്ര്യത്തിന്‍ടെ തീച്ചൂളയില്‍ക്കിട-

ന്നോരോ നിമിഷവും വെന്തുനീറിടവേ,


എന്നിലെ എന്നെ തുറുങ്കിലടച്ചെന്നിലെ

സര്‍ഗ്ഗ പ്രതിഭയെ വിലങ്ങുവെച്ചീടവേ,

ചുററിലും നിന്നവര്‍ ആര്‍ത്തുചിരി-

ച്ചുച്ചൈസ്ഥരം കരഘോഷം മുഴക്കവേ,


ഒരുനാളാച്ചെങ്ങല പൊട്ടിച്ചു ഞാനാ

തിരുമുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞു.

അന്നു നീ കുഞ്ഞായിരുന്നു എന്‍ നെഞ്ചിലെ ചൂടും,

തുടിപ്പും രുചിച്ചറിഞ്ഞോള്‍,

എന്‍ മുലപ്പാല്‍ കുടിച്ചു വളര്‍ന്നവള്‍,


എന്ടെ ചൂടേറ്റ് രാവുകള്‍, പകലുകളിലുറങ്ങാറുള്ളവള്‍.

നീ വളരുന്നതും നോക്കി ഞാന്‍ നില്‍ക്കുമ്പോള്‍

എന്‍ വിരല്‍ത്തുമ്പിലെ പിടിവിട്ടു നീ

നിന്ടെ അച്ഛന്ടെ കൈകളിലൊതുങ്ങീടവേ,


എന്ടെ കവിളിണ നനച്ചൊഴുകും മിഴിനീര്‍ നീ

കണ്ടിട്ടും കാണാതെ നിന്നീടവേ,

എന്നില്‍നിന്നും നീ അകന്നു പോകുന്നത്

നൊമ്പരത്തോടെ ഞാന്‍ നോക്കി നിന്നു.


ഒരുവട്ടമെങ്കിലും തിരിഞ്ഞൊന്നു നോക്കുമെ,

ന്നൊരുവട്ടമെങ്കിലും കെട്ടിപ്പിടിയ്ക്കുമെ-

ന്നൊരുവട്ടമെങ്കിലും ചുംബിയ്ക്കുമെന്നോര്‍ത്ത്,

ഒരുപാടുനേരം ഞാന്‍ കാത്തു നിന്നു.


എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ നീയെന്‍ടെ

നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നുവെന്ന് തോന്നും.

കണ്ണുതുറന്ന് നോക്കുമ്പോള്‍ കാണും ശൂന്യത

കണ്ണുനിറച്ചെന്‍ ഉറക്കം കെടുത്തിടും.


ഓര്‍മ്മിയ്ക്കുവാനെനിയ്ക്കേറെയുണ്ടെന്നാലും,

ഓര്‍മ്മിയ്ക്കുവാന്‍ നിനക്കൊന്നുമില്ലാതായ്പ്പോയോ?

പോറ്റമ്മ വന്നപ്പോള്‍ പെറ്റമ്മയന്യയായ്

തോന്നുന്നുവോ?


അമ്മതന്‍ നെഞ്ചിലെ ചൂടും, മുലപ്പാലിന്‍ രുചിയും മറന്നുവോ?

അമ്മ തന്‍ ചുംബനം നല്കിയ സാന്ത്വനം

പാടേ മറന്നുവോ?


പക്ഷേ, ഒന്നും മറന്നിട്ടില്ല ഈ അമ്മയ്ക്കൊന്നും മറക്കുവാനാവതില്ല.

ഈ അമ്മതന്‍ നെഞ്ചിലെരിയുന്ന കനലിന്ടെ ചൂടു നീ

ഒരമ്മയായ് തീരും നാളനുഭവിയ്ക്കും

അന്നു നീ ഈ അമ്മയെ ഒരുവട്ടമെങ്കിലും ഓര്‍ത്തുപോകും.



Rate this content
Log in

Similar malayalam poem from Inspirational