ഇടയ്ക്കൊക്കെ …
ഇടയ്ക്കൊക്കെ …
തേച്ചുവെടിപ്പാക്കിയ കുപ്പായവും,
അടുക്കിത്തൂത്തിണക്കിയ മുറിയും,
സങ്കല്പങ്ങളിലെ സൗന്ദര്യ ശരീരവും,
കണക്കുകൾ ഒന്നും പിഴക്കാത്ത ദിനങ്ങളും,
ജനനം മുതൽ മരണം വരെ വരച്ച മാപ്പും,
വിജയത്തിന്റെ ആർപ്പുവിളികളും,
അസൂയാർഹമായ അറിവും , നേട്ടങ്ങളും,
അങ്ങനെ എല്ലാ തികവും പരിപൂർണ്ണതയും,
ഒന്നും … ഒന്നും, എല്ലായ്പ്പോഴും കൂടെ വേണ്ടെന്നേ.
ഇടയ്ക്കൊക്കെ സമ്മിശ്രമായ ചിന്തകളാവാം.
ഇടയ്ക്കൊക്കെ കൈകളിൽ ചെളി പുരളണം.
ഇടയ്ക്കൊക്കെ നന്നായി ഒന്ന് വീഴണം.
മനസ്സിലും ശരീരത്തിലും വേദന അറ
ിയണം.
കണക്കുകൾ ഒക്കെ അവിടെയും ഇവിടെയും പിഴക്കണം.
ഒഴുക്കിന്റെ കൂടെയും നീന്താൻ പഠിക്കണം.
ഇടയ്ക്കൊക്കെ അബദ്ധങ്ങളിലും ചിരിക്കണം.
ഇടയ്ക്കൊക്കെ എല്ലാ ക്രമങ്ങളും മറക്കണം.
ഇടയ്ക്കൊക്കെ ഒരുപാട് ചിന്തിച്ചുകൂട്ടണം.
ഒരു കാര്യവുമില്ലാതെ മുഖം വീർപ്പിച്ചിരിക്കണം.
ഇടയ്ക്കൊക്കെ നടക്കാത്ത സ്വപ്നങ്ങൾ കാണണം
ഇടയ്ക്കൊക്കെ നന്നായി ഒന്ന് പൊട്ടിക്കരയണം.
അങ്ങനെ , ഇടയ്ക്കെങ്കിലുമൊക്കെ,
നമുക്ക് നമ്മളാവാൻ ഒരു അവസരം കൊടുക്കണം …