ഹരിതാഭ
ഹരിതാഭ


പ്രകൃതി നൽകീടിന പച്ചക്കുട ചൂടി
മനുജനു തണലേകുവാൻ പിറന്നു
മനുജന്റെ ക്രൂര പ്രവൃത്തികളെല്ലാമേ
എല്ലാം സഹിച്ചു സർവംസഹയായി
പ്രകൃതിതൻ ഹരിതാഭ തച്ചുതകർക്കുന്ന
ഉന്മൂല നാശിനിയോ മനുജർ
സസ്യലതാദികളില്ലാത്ത ലോകത്ത്
മർത്യനു ജീവിതം സാധ്യമാണോ
ശുദ്ധമാം വായുവും ശ്യാമള ലോകവും
സുന്ദര വൃന്ദാവനവുമെല്ലാം
സൂര്യന്റെ കാമിനിയേറെ പ്രണയിക്കും
സുന്ദര വിശ്വത്തെ എന്നറിക
മനുജനിൽ അന്ധകാരം നിറയുമ്പോഴും
ദുഃഖത്തിൻ കണ്ണീർ പൊഴിച്ചു ഞങ്ങൾ
മഹിതൻ മക്കളുടെ സൗഭാഗ്യമെപ്പൊഴും
ഞങ്ങൾതൻ സംതൃപ്തി അല്ലോയെന്നും
ദശപുത്രർക്കു തുല്യമായി ഒരു തരു --മതിയെന്ന മുനി വചനമെന്നേ മറന്നു
അണുകീട ശതകങ്ങൾ കൂമനും കാകനും
ഹിംസ്ര ജന്തുക്കൾ ഉരഗ വർഗ്ഗങ്ങൾക്കും
അഭയവും അന്നവുമേകുന്ന വൃക്ഷമേ
സദയം പൊറുക്കുക... സദയം ക്ഷമിക്കുക
പാരിതിൽ മനുജർ കാണിക്കുന്ന ക്രൂരത
കുയിലിന്റെ കല്കണ്ട നാദത്തിനാധാരം
അന്ന ദാതാവായ വൃക്ഷം
തുഞ്ചന്റെ ശാരികയെ കൊഞ്ചിച്ചു ലാളിച്ചു
സുന്ദര കാവ്യത്താൽ കൈരളി പെണ്ണിനെ
താലോലമാട്ടിയ നിധിയാണു വൃക്ഷം
വേടന്റെ ശരമേറ്റു നിപതിച്ച ക്രൗഞ്ചത്തിൻ
രോദനം ഉൾക്കൊണ്ട ആദിമ കാവ്യവും
ശീതളതയേറെ നുകർന്നൊരു വയലാറിൻ
സർഗ്ഗസംഗീതവും കേട്ടു
പ്രാചീന ഭാരത ശാന്തിനികേതങ്ങൾ
വിജ്ഞാന ദീപങ്ങളായി ഭവിച്ചതു
ഹരിതാഭയാർന്ന വൃക്ഷത്തിൻ ചോട്ടിലായി
ഞങ്ങളെ ലാളിക്കൂ... ഞങ്ങളെ സ്നേഹിക്കൂ
ഭൂമിതൻ വരദാനമാണു ഞങ്ങൾ