കാബൂളിന്റെ രോദനം
കാബൂളിന്റെ രോദനം


തോക്കുകൾ സദാ തീ തുപ്പുന്നു
ജീവിതം പാഴ്കിനാവായി മാറുന്നു
ദീനരോദനം മാറ്റൊലി കൊള്ളുന്നു
മരണം താണ്ഡവമാടുന്നു
ഭീതിയാൽ വിവർണ്ണമായ വക്ത്രം
ചോര തളംകെട്ടിയ തെരുവുകൾ
പാലായനങ്ങളുടെ ഘോഷയാത്ര
സ്വാതന്ത്ര്യം വെറും മിഥ്യയായി
സൂര്യ കിരണങ്ങൾക്ക് രക്തവർണ്ണം
പട്ടിണി വായ്പിളർത്തി നിൽക്കുന്നു
അന്നത്തിനായുള്ള കിടാങ്ങളുടെ രോദനം
ചുട്ടുപഴുത്ത ലോഹം പോലെ ഹൃദയം തുളയ്ക്കുന്നു
എങ്ങും ശ്മശാന മൂകത മാത്രം...
പക്ഷികളുടെ കൽക്കണ്ടനാദം അന്യമായി
p>
പൂക്കൾ വിടരാൻ മടിയ്ക്കുന്നു... ഭയക്കുന്നു
കബന്ധങ്ങളാൽ തെരുവുകൾ നിറയുന്നു
രക്തപ്പുഴകൾ അണപൊട്ടി ഒഴുകുന്നു
ഭരണകൂട ഭീകരത സംഹാര നൃത്തം ചവുട്ടുന്നു
ശുദ്ധരാം ജനത ആലില പോലെ വിറയ്ക്കുന്നു
സ്വത്തിനും ജീവനും സംരക്ഷണം മരീചികയായി
ഭരണകൂടങ്ങൾ ജനഹിതമാകണം
തത്വസംഹിതകൾ ജനക്ഷേമമാകണം
വസുധൈവ കുടുംബകം മുഖമുദ്രയാകണം
പകയുടെ ബീജങ്ങൾ ചീന്തിയെറിയണം
വിദ്വേഷം സ്‌നേഹമായി ഭവിക്കണം
പാരിടം നന്ദന വനമാകണം
അവനിയിൽ സന്തോഷ താരകം വിടരണം