ഉണർത്തുപാട്ട്
ഉണർത്തുപാട്ട്


വീണ്ടും വരുന്നു വീണ്ടും വരുന്നു
നന്തുണി പാട്ടുമായി പാണൻ വരുന്നു
ഉരുകുന്ന മാനസം ശാന്തമാക്കീടുവാൻ
പുതു പുതു പാട്ടുകളാൽ പാണൻ വരുന്നു
നേരിന്റെ നേരറിവിന്റെ നന്മയുടെ
നേർ കാഴ്ചകളുമായി പാണൻ വരുന്നു
അസ്ഥികൾ പൂക്കുന്ന താഴ്വരകൾ താണ്ടി
സഹ്യ സാനുക്കൾ തൻ ശീതളത പേറി
മാലേയ ഗന്ധ പൂരിത മനവുമായി
സ്നേഹത്തിൻ പീയൂഷ ഗാഥയുമായി
വന്നണയുന്നു പാണനാർ വീണ്ടും
നന്മയുടെ സ്നേഹത്തിൻ ഗാഥകൾ പാടാൻ
അന്ധകാരത്തിന്റെ അന്തകനായി
പുത്തൻ ഉഷസ്സിന്റെ നന്തുണിയുമായി
പാലഞ്ചും പുഞ്ചിരി തൂകുന്ന നാടിന്റെ
ചേലഞ്ചും കഥയോതാൻ പാണൻ വരുന്നു
അന്ധകാരത്തിൻ കരിമ്പടം മൂടിയ മന്നിൽ
സ്നേഹത്തിൻ പീയൂഷ മാരി ചൊരിയുവാൻ
വിദ്വേഷമാകുന്ന കാർമുകിൽ മേവുന്ന
മാനസ തടങ്ങളിൽ കുളിർ തെന്നലായി
നന്തുണി താളത്തിൻ മധുരിമ വിളമ്പിടാൻ
വെള്ളി കൊലുസിട്ട ചോലതൻ കഥ പറയാൻ
പുതു പുത്തൻ പ്രഭാത ഗീതികളുമായി
പാണൻ വരുന്നു... വീണ്ടും പാണൻ വരുന്നു