മണ്ഡോദരി
മണ്ഡോദരി
മഴതുള്ളിമുറിയാതെ
പെയ്തു
എന്റെ തേങ്ങല്‍ മഴയുടെ
ആരവങ്ങളില്‍ മുങ്ങി
ഇരുട്ടും മഴയും കരിമ്പടം
പുതച്ച കര്‍ക്കിടകസന്ധ്യ
മുത്തശ്ശിയുടെ രാമനാമം
കൊതിച്ചേറെനേരം
നിന്നു പെയ്തു
തളത്തിലെ ഭസ്മക്കൊട്ട
അതിലെ വന്നുതൊട്ട
കാറ്റിലൂയലാടി
കാലും നീട്ടിയിരുന്നു
പറഞ്ഞു, തന്നകഥകളത്രയും
നുണകഥകളല്ലേ, മുത്തശ്ശീ
രാവണന്റെ കോട്ടയില്‍
തടവിലായ സീത,
സമുദ്രലംഘനം
നടത്താനാവാത്ത രാമനെ
നോക്കിയിരുന്നു...
കണ്ണനൊരിക്കലും
p>
സ്നേഹിക്കാത്ത രാധ,
ചിത്രലേഖയുടെ
ചിത്രത്തിലുണരാത്ത
അനിരുദ്ധന്‍...
മണ്ഡോദരിയാവാനൊരു
ക്കമല്ലാത്ത മനസ്സ്
അവള്‍ക്കു കൈമോശം
വന്നതെവിടെയാണ്?
നികുംഭിലയില്‍ തപസ്സുണരേണ്ട
സ്ത്രീത്വം,
പണയം വെച്ചതെവിടെ?
കെട്ടുകഥകള്‍ പറഞ്ഞു
മോഹിപ്പിക്കാന്‍ മുത്തശ്ശിയെവിടെ?
യുദ്ധഭൂമിയില്‍
വൈതാളിക നടനം മാത്രം
രാമനോ, രാവണനോ
ജയിക്കേണ്ടതെന്നറിയാത്ത
മണ്ഡോദരി...
സ്വപ്നങ്ങളുടെ
കബന്ധങ്ങള്‍ക്കിടയില്‍
പകച്ചുപോയി...