സ്നേഹം
സ്നേഹം
കടം കൊണ്ട പാത്രങ്ങൾ ഏറെയുണ്ടെന്നിൽ
കിരാതമെൻ ജന്മത്തിൻ ബാക്കിപത്രങ്ങൾ.
കളിവീട് കെട്ടുന്ന പ്രായത്തിൽ കാണുന്ന,
കുടിലിലെ കുഞ്ഞിന്റെ സ്വപ്നങ്ങൾ പോലെ!
കുളിരിട്ട് മൂടുന്ന നർമ്മങ്ങൾ ഇന്നവ,
കോരി നിറച്ചു ഞാൻ പറകൾ പലതും.
കണ്ട് ഞാൻ പണ്ടെന്നോ മോഹിച്ച ജന്മം,
കൊണ്ടിടാൻ ഇന്നും മോഹിക്കും വാഴ്ച!
ചുവരിലെ ചിത്രമായ് മാറാല കേറി,
ചുറ്റിലും പലയിടം വിരുന്നുകാർ എത്തി.
ചാരെ ഇരുന്നവർ ഓരോന്ന് തേടി,
ചേതമോ കാണാതെ വിരുന്നൂട്ടി ഞാനും.
p>
ദിനരാത്രമേറെ മുറിവിട്ട് നീങ്ങി,
ദയനീയമെൻ ജീവ യാത്രകൾ നീങ്ങി,
ദരിദ്രം എൻ സ്വപ്ന വാടിതൻ ഗതിയും,
ദൂളിയിൽ മൂടി സുഗന്ധമാ പൂക്കൾ.
സ്പുരിക്കുന്ന കണ്ണുകൾ സ്നേഹം പറഞ്ഞു,
സ്ഥിതിയിലെ മാറ്റങ്ങൾ തേടി അടുത്തു,
സ്ഥിരം കൊണ്ട ലാഭങ്ങൾ എല്ലാം നിറച്ചു,
സർവ്വം പൊലിഞ്ഞപ്പോൾ ഏകാകി വീണ്ടും.
പകലോന്റെ ശോഭയിൽ പൊരിവെയിൽ കൊണ്ടു,
പാറകൾ താണ്ടി ഞാൻ മേടുകൾ തേടി,
പതിയെ ഞാൻ സത്യത്തിൻ പടിവാതിൽ നിന്നു,
പദവികൾ നൽകുന്ന പട്ടമത്രെ "സ്നേഹം"