Binu R

Abstract

4.5  

Binu R

Abstract

മെഴുകുതിരി

മെഴുകുതിരി

1 min
511



ഈ തിരി കത്തിത്തുടങ്ങിയിരിക്കുന്നു 

ഈ തീപ്പെട്ടിക്കൊള്ളിയിൽ നിന്നും 

ഒരു ഉരവിൽ തെളിഞ്ഞ തീയിൽ നിന്നും 

ഒരു തിരി കത്തി ഉരുകിയിറങ്ങുന്നു. 

  

എന്റെ ഈ ജീവിതമാകും തിരി,

മെഴുകുതിരി

പൊട്ടിയും ചീറ്റിയും, പൊട്ടിച്ചീറ്റിയും,

കത്തിയുരുകിത്തുടങ്ങുന്നു. 


കത്തി തീരുവാനുള്ളതിൽ

പകുതിയും കത്തി ഒരു നീർമണി

മുത്തുപോൽ ഉരുകി ഇറങ്ങുന്നുണ്ടോരോ

ശില്പമായ് കൊത്തിയ വിരുതുപോൽ

കലാരൂപമായ്.


ഓരോരോ ജീവത്സ്വരൂപമായ് എൻ

മനസ്സിൽ നിറയും ഞാനറിയാത്ത

ദൈവീകരൂപമായും,

ഗാഗുൽത്താ മലയിലെ

ക്രൂശിത രൂപം പോലെയും.


മെക്കയിൽ മെദീനയിൽ, പിന്നെ

ശ്രീകോവിലിനുള്ളിലും

ഓരോരൂപത്തിൽ ഉരുകിയിറങ്ങുന്നി --

തോട്ടേറെ, പിന്നെ ഉറഞ്ഞു തീരുന്നു.


ഒരു വണ്ടിൻ ശരീരം പിടഞ്ഞുവീഴവേ 

കെട്ടുപോയിരിക്കുന്നൂ ഈ തിരി

എൻ ജീവിതമാകും മെഴുകിൻ -

രൂപമണിഞ്ഞ ഈ തിരി.


ഇരുട്ട് കുറച്ചു പ്രാണികളുടെ ചിറകിൻ

മൂളക്കമായും രോദനമായും

എൻ ചെവിയിൽ പതിക്കുന്നു , 

എൻ കണ്ണിൽ ഇരുട്ട്, ഇരുട്ടു മാത്രം. 

      


Rate this content
Log in