കവിത :- തിരിയുന്ന കാലചക്രം.
രചന :- ബിനു.ആർ
ആകാശമാർഗേ കടന്നുപോകുന്നുണ്ട്
മഴമേഘപ്രാവുകളതിവേഗത്തിൽ
തിരിഞ്ഞൊന്നുപോലും നോക്കീടാതെ
ഭൂമിതൻ പരിദേവനമറിഞ്ഞിടാതെ.
പുലർകാലത്തിൽ കരിയാത്ത രശ്മികൾ
പുത്തനുണർവ്വുപോലും തരാനാകാതെ
കത്തിജ്ജ്വലിക്കുന്നുണ്ട്,മർത്യനുനേരെ,
കാലചക്രത്തിൻ വിഴുപ്പുകളുമേന്തി.
ഹരിതങ്ങൾ ഭൂമിയിൽ നിറയാതെയായ്
ഹരണങ്ങളെല്ലാം തലകീഴെയായ്
സാഗരങ്ങളിൽ വന്നെത്തിയില്ല നീർകണങ്ങൾ
വറ്റിവരണ്ട പുഴയിലൊഴുകുന്നതോ മരീചിക മാത്രം.
കാണാക്കാറ്റിന്റെ നിശ്വാസങ്ങളൊക്കെയും
കാത്തിരുന്നൊരാ മർത്യസ്വപ്നത്തിലൊക്കെയും
സ്വർഗ്ഗനരകങ്ങൾതൻ കൂത്തരങ്ങൊക്കെയും
സ്വല്പമായ് കളിയാടുന്നു മനുജാതിയിലൊക്കെയും.
-0-
ബിനു. ആർ.