കവിത :- ബുദ്ധന്റെ ചിരി.
രചന :- ബിനു. ആർ.
ചിന്തകളെല്ലാം ഞാൻ പണയം വച്ചു
ചന്തമാം മുഖമുള്ള ബുദ്ധനിൽ.
ചിത്രാപൗർണ്ണമി രാവിൽ വന്നു
ചൈത്രം ചാലിച്ചുതന്നു, സൗവർണ്ണം
നേദിച്ചു തന്നു.
ആകാശനീലിമയിൽ നോക്കി ഞാനന്നു
കണ്ടു സിദ്ധാർത്ഥനാം ഗൗതമനെ
പറഞ്ഞില്ലയാരും ബോധം നിറയാൻ
ബോധിവൃക്ഷച്ചുവട്ടിലിരിക്കണമെന്നും.
കാലത്തിൻ യൗവ്വനക്കൂട്ടിലെല്ലാമെപ്പോഴും
താളപ്പിഴതൻ മൗനനൊമ്പരക്കഴ്ചകൾ
മാത്രമായിരുന്നു,ലഹരിയും അശ്ലീല-
ചിത്രങ്ങളും സാഹിത്യവും
ചിന്തയുടെ സൗരഭ്യം തകർത്തിരുന്നു.
ഒറ്റമരത്തണലിലിരുന്നവർ പണ്ടേ,നീതിന്യായം
ഒറ്റത്താളിലെഴുതിവച്ചു, മുറിവിന്റെ മരുന്ന്
കാത്തിരുന്നവർക്കെല്ലാം തുള്ളിത്തുള്ളി
നൽകാനായ് ബോധിമരച്ചുവട്ടിൽ കുഴിച്ചിട്ടു.
സമയം പേക്കിനാവായ് തുറിച്ചുനോക്കവേ
സത്യം തിരഞ്ഞുപോയ ഞാൻ കണ്ടതെല്ലാം
അസത്യത്തിൻ രുധിരത്തുള്ളികളായിരുന്നു,
അവയെയെല്ലാം തിന്നുതീർക്കും നിറമുള്ള
ചിതലുകളായിരുന്നു.
എൻനേർക്കാഴ്ചകൾ കണ്ട ബുദ്ധ-
നിപ്പോഴും ചിരിക്കുന്നുണ്ടാകും,
തന്നെത്തേടിയെത്തിയവന്റെ
ചാരിത്ര്യയശുദ്ധിയുടെ കേൾവിയില്ലാ
ജല്പനങ്ങളിൽ,കാറ്റിന്റെ വീശലുകളിൽ, പറന്നകന്നുപോയ ശബ്ദങ്ങളിൽ.
- ബിനു. ആർ.-