വീട്ടിലേക്കുള്ള വഴി
വീട്ടിലേക്കുള്ള വഴി


തിരികേ മടങ്ങേണ്ട വഴികൾ
കൊടും കാടു മൂടിക്കിടക്കുന്നു....
കുന്നിനും മുകളിലൊരു കാവിൽ
കൽവിളക്കുകൾ കരി പുരണ്ടു...
കരിയിലകൾക്കും മുകളിൽ
പൂജാമലരുകൾ വീണുറങ്ങുന്നു...
കാത്തിരിപ്പിന്റെ കേന്ദ്രങ്ങൾ
ഇന്നു കാലിടറി വീണിരിക്കുന്നു...
വിശ്രമമില്ലാത്ത പ്രയാണം
ശൗചാലയങ്ങൾ തിരഞ്ഞു...
പലിശക്കു നൽകിയ മുള്ളിൻ
മുനകൾ തിരികെ പതിന്മടങ്ങായി...
വില പേശി വാങ്ങിയ സ്നേഹം
വിരലിലൂടൂർന്നു പോകുന്നു...
നിർത്തുവാൻ സമയമില്ലാതെ
നാം വേഗം കുറക്കാതെ പോ
യി
വേദനകൾ തിന്നു തീർത്തിന്ന്
നിരാലംബരായ് കിതക്കുന്നു...
അടരുന്നു ചില്ലകൾ തോറും
അടിയുറച്ച വിശ്വാസങ്ങൾ...
അദൃശ്യ വലയിൽ പിടഞ്ഞു
അതിനൂതന സങ്കേതമെല്ലാം...
ആകാശച്ചെരുവിലെ ചായം
മിഴികളിൽ വർഷം നിറച്ചു...
വഴിയറിയാതെ തിരഞ്ഞു
നാം വനഭൂമിയേറെക്കടന്നു...
വളവുകൾ തിരിവുകളിലെല്ലാം
തായ്‌വേരു തേടിയലഞ്ഞു...
ഇരുളിൻ പ്രഭാവം പടർന്നു
സൂര്യകിരണങ്ങളെങ്ങോ മറഞ്ഞു...
പുതിയ പ്രഭാതത്തിനായി
പുലർമഞ്ഞു കാതോർത്തു നിന്നു...