വൃദ്ധസദനം
വൃദ്ധസദനം
ഇന്നീ വൃദ്ധസദനത്തിൻ വരാന്തയിൽ
ഞാനിരിക്കുന്നേകനായി.
നെഞ്ചിനകത്തോർമകൾ കൂടുകൂട്ടുന്നു.
മറവികളെത്രയനുഗ്രഹം ഓർമകൾ വേദനകൾ.
മനസ്സിനാകുലതകളും,രോഗങ്ങളും സഹചാരികളായരികിലെത്തി.
എനിക്കു കൂട്ടായികൈയിൽ പുസ്തകവും കണ്ണാടിയുമെങ്കിലും വായിച്ചതില്ലൊരു വരിപോലും.
വെയിൽ ചാഞ്ഞു,പുഞ്ചിരിതൂകി
നാലുമണി പൂക്കൾ നടപ്പാതക്കരികിലായി വരിനിൽക്കുന്നു ഭംഗിയോടെ
തൊടിയിലെ ചാരുബെഞ്ചിലന്തേവാസികൾ കഥകൾ പറയുന്നു,പരസ്പരം
കണ്ണീർ തുടക്കുന്നു.
സ്വയമാശ്വസിക്കുന്നു.
തണലേകും നാട്ടുമാവിൻ തുഞ്ചത്തും,
മണൽ വിരിച്ച മുറ്റത്തും
കരിയിലക്കിളികൾ കലപില കൂട്ടി പറക്കുന്നു.
ദൂരെയൊരു പരിചാരകൻ ഫലമേകും വൃക്ഷമൊന്നിന് ജലമേകുന്നു, വളമിടുന്നു,ശിഖരം വെട്ടിയൊതുക്കുന്നു.
സഹനവും ത്യാഗവുംമേറെ സഹിച്ച് ജന്മമേകിവളർത്തിയ തനയർ
തണലും ഫലവുമേകാതെ പോകുവത് കാലദോഷമോ,
കാലഘട്ടത്തിന്നരിവാര്യതയോ.....?
അറിയില്ല; എനിക്കറിയില്ല.
ശുഭം.