പേര വടി
പേര വടി


ജനലഴികൾക്കിടയിലൂടെ കള്ള ചിരിതൂകി നിന്നവൻ,
തലപൊക്കി തളപ്പിലെ പേരമരം...
കൊഞ്ഞനം കുത്തി ഞാൻ മുഖം തിരിക്കുമ്പോൾ,
ഒരു കുന്നോളം ഓർമകൾ എന്നെ മാടിവിളിച്ചു...
ചൂരലുകൾ, പത്തലുകൾ, മടലുകൾക്കിടയിൽ,
പൊട്ടിച്ചിരിക്കുന്ന പേരതൻ വടിയുടെ അട്ടഹാസം,
ഇന്നുമെൻ കാതിൽ അലയടിക്കുന്നു...
കാണുന്ന മാത്രയിൽ കണ്ണിൽ നിന്നുതിരുന്ന കണ്ണീർ മഴയുടെ നനവ്,
ഇന്നുമെൻ കവിളിൽ ഈറനായ് വിങ്ങുന്നു...
ഓരോ അടി വീഴുമ്പോളും,
അരുതേ എന്നോതുന്ന എൻറെ ശബ്ദം,
ഇടിവെട്ടിനെക്കാൾ അലർച്ചയോടെ ഭൂലോകമാകെ പ്രതിഫലിച്ചു ...
രാവുകൾ പകലുകൾ മിന്നി മറിഞ്ഞപ്പോൾ,
തന്നെ തെറ്റായ പുഴയിൽ നിന്നുയർത്തിയ വടിയിതെന്നറിഞ്ഞപ്പോൾ,
ഞാനാ പേരതൻ വടിയെ സ്നേഹിച്ചു...
മടിയെന്ന വ്യാധിതൻ സിദ്ധൗഷധം ഈ പേരതൻ പൊന്നോമന പുത്രൻ...
നൂറോളം രോഗത്തെ ഇല്ലായ്മ ചെയ്ത ലോകമറിയുന്ന സിദ്ധവൈദ്യൻ...
ഓർമകൾ ഓരോന്നായി അയവിടുമ്പോൾ,
ചിരിതൂകി ഞാനാ പേരതൻ പൈതലേ തലോടി നിന്നു...
നിലയ്ക്കാത്ത ഒഴുക്കുപോൽ ആ ഓർമ്മതൻ നീർച്ചോല,
അപ്പോളും നിലയ്ക്കാതെ ഒളിച്ചുകൊണ്ടിരുന്നു...
ഓർമ്മതൻ നല്ലെണ്ണ മേലാകെ വാരിപുണർന്നാ വടിയെന്നെ നോക്കി മന്ദഹസിച്ചു നിന്നു...