ആദിത്യന്റെ അഴല്‍...
ആദിത്യന്റെ അഴല്‍...
കർമ്മവീഥികളില,
ത്യുജ്വലപ്രഭതൂകു-
മർക്കനിന്നാദ്യമായ്
വിങ്ങുന്നു സോദരാ
മനുജകർമ്മങ്ങള്‍ക്കു
മൂകനാം സാക്ഷിയാ—
യെത്ര സഹസ്രാബ്‌ധ
മായ് നിന്നിടുന്നു, ഹേ!
സ്വാർത്ഥവും ലോഭമോ,
ഹങ്ങളും ക്രോധവു—
മക്രമവു, മായു
ധങ്ങളായ് മാറ്റിടും,
മാനവ! അന്ധനാം
നിന്നക്ഷികള്‍ക്കു നി—
ന്നൂഴിയെക്കാണ്‍മതി,
ന്നിനിയെന്തിനാണു ഞാന്‍?
ഉദയത്തിനേക്കാളു,
മസ്‌തമയത്തിന്റെ
ചുടുനിണം നിറയും
മുഖം നിനക്കാനന്ദ,
മേകുന്നു, കടലിലേയ്—
ക്കാഴ്‌ന്നുപോം നേരമീ
മിഴികള്‍തന്‍ നനവു,
കണ്ടീടാതെ ഭോഷ, നീ!
ഹരിതാഭയണിയുന്ന
ധരണിയും മൃദുമേഘ
ഹംസങ്ങളൊഴുകിടും
ഗഗനവും കാണ്‍മു നീ!
മനുജ, യെന്‍ കണ്ണിലൂ—
ടാനന്ദമൂട്ടി ഞാ,
നെത്രനാള്‍ നിന്നെ
വളർത്തി, നീയറിയുമോ?
അജ്‌ഞനായ് ഭൂവില്‍
പിറന്നനാള്‍ തന്നില്‍ നി—
ന്നമ്മയെ ക്കാട്ടിഞാ,
നാദ്യമായ് സ്‌നേഹത്തി,
നഗ്‌നികിരണങ്ങളാല്‍
തഴുകി ഞാന്‍, നിന്നുടെ
പൂമേനിയില്‍! അത്‌ഭുത
ത്തോടെ നോക്കി
നീ!
താതനെ, സോദരെ,
പൂർവ്വികർ തന്നുടെ
പൈതൃകത്തെ, നിന്റെ
സഹജരെ, ഗുരുവിനെ
കാണുവാനന്ധകാ
രത്തിന്റെ മറനീക്കി
നിന്നെയു, മെന്നെയും
കാട്ടി, നീയോർക്കുമോ?
നിന്നുടെ പടവുക—
ളിടറാതെ കാക്കുവാ
നെന്നുടെ പ്രഭയേകി
യെന്നു, മെപ്പോഴുമേ!
എങ്കിലും, തമസ്സിനെ
ഞാന്‍ പുല്‍കിടും നേര—
മെന്നും നിനക്കാത്‌മ
ഹർഷമേകീടുമോ?
എന്‍ പേരിലും ധനം
കൈവശമാക്കുവാ
നടരാടിടും, നിന്റെ
ദു:രവസ്‌ഥ കാണ്‍മു ഞാന്‍!
അനുജന്റെ കണ്ണുനീർ
ത്തുള്ളിയില്‍, സൗധങ്ങ
ളുയരുന്നു, കൊല്ലുവാന്‍
പാണികളുയരുന്നു!
ഹാ! കഷ്‌ട, മിന്നു നിന്‍
വെറികള്‍ സഹിച്ചിടാ—
തെന്‍ കണ്ണു പൂട്ടുവാ
നാഗ്രഹിക്കുന്നു ഞാന്‍!
അന്ധ, നിന്നക്ഷികള്‍—
ക്കിത്തിരി വെട്ടമായ്
മാറുവാനാശിച്ചിടുന്നു ഞാന്‍!
അഖിലബാന്ധവനെന്റെ
കണ്ണടയും മുമ്പു
തിരികെ നീ വന്നിടൂ,
സൃഷ്‌ടിതന്‍ മകുടമേ!
അഴലിലു, മുഗ്രതാ
പത്തിന്റെ, യലകളാല്‍
ആദിത്യനുരചെയ്‌വു
ആരാരുമറിയാതെ...!