വാർധക്യസ്‌മൃതികള്‍
വാർധക്യസ്‌മൃതികള്‍
തേനൂറുമോർമ്മകള്‍ പേറിനടന്നയെന്‍
ബാല്യമെന്നെ വിട്ടു നീങ്ങി...
ഹൃദയങ്ങളില്‍ അനുരാഗം വിതറിയ
യൗവനവും മെല്ലെ നീങ്ങി
ഈ വഴിത്താരയില്‍ കൂടെ വന്നെത്രയോ
മിത്രങ്ങള്‍, ബന്ധങ്ങളേറെ
ചോരതന്‍ ചോപ്പുമായ് മായുമീ സന്ധ്യയി—
ലോർപ്പൂ കഴിഞ്ഞകാലങ്ങള്‍...
മിന്നായമെന്ന പോല്‍ പോകുന്നുവോ,യെന്റെ
ജീവിതത്തിന്‍ ദിനമെല്ലാം
എരിയുന്നു കനലായി ദു:ഖവും കണ്ണീരു—
മെല്ലാം മനസ്സിന്റെയുള്ളില്‍
തീർന്നുവോ ആർപ്പുവിളികളും ധീരകൃ—
ത്യങ്ങളും സ്‌ഥാനമാനങ്ങളും...
സ്‌നേഹബന്ധങ്ങളും ആശിസ്സുകള്‍ വിള—
ക്കിച്ചേർത്ത ദാമ്പത്യജീവനും...
സൗഹൃദം തീർത്തമോഹങ്ങളും മാതാ—
പിതാക്കള്‍ തന്നന്ത്യനിമിഷങ്ങളും...
വിധിതന്‍ കടുത്ത വിളയാട്ടവും ചുഴികളില്‍—
പ്പെട്ടുഴലും നിമിഷങ്ങളും...
കുഞ്ഞുചിലമ്പിന്റെ താളവും വെണ്‍മതന്‍
പുഞ്ചിരിപ്പാലിന്നമൃതവും...
മാംഗല്യവും മംഗളങ്ങളും,
മുറിയുമെന്‍
വാക്കും, അനുഗ്രഹവർഷവും...
നിർവൃതിയും, നെടുവീർപ്പുമാ മൂർധാവി—
ലെ ചുംബനത്തിന്റെ ദു:ഖവും...
തള്ളിപ്പറച്ചിലും ഉടയുന്ന ബന്ധവും
ശിഥിലമാകും ജീവിതങ്ങളും
വിങ്ങിക്കരച്ചിലും നെഞ്ചുതകരുന്ന
വേദന തിങ്ങിയ കാലവും
കണ്ടുതളർന്നതും കേട്ടുമുഷിഞ്ഞതു—
മോർക്കുന്നു, ഇന്നലെയെന്നപോല്‍...
സ്‌മൃതിയില്‍ മുഴങ്ങുന്നുവോ, ജീവിതത്തിന്റെ
യൊടുവിലായ് കേള്‍ക്കും ഞരക്കം:
"എന്തിനീ ജീവിതം, അർത്ഥമെന്തുണ്ടിതില്‍?"
എവിടെനിന്നോ കേള്‍പ്പു ശബ്‌ദം...
പല്ലിളിക്കുന്നു, പിശാചുക്കളെന്നപോല്‍
മൂഢസ്വപ്‌നങ്ങളെന്‍ ചുറ്റും...
നാളെ മണ്ണാകുമീ ജന്‍മം, ഒരിക്കലും
പൂർണ്ണത നേടാത്ത ജന്‍മം...
മൂത്തു നരച്ചു നീ, ശാപം! വയോധികാ,
എങ്കിലുമൊന്നു നീ കേള്‍ക്ക:
കാലം തരും നിനക്കർത്ഥമീയൂഴിയില്‍,
തളരാതിരിക്ക, നീയെന്നും...
തളരാതിരിക്ക, നീയെന്നും!!!