അമ്മ
അമ്മ
അമ്മ ഒരു യന്ത്രമാണ്
രാവിലെ പ്രാതലും, ഉച്ചയ്ക്ക് ഊണും,
രാത്രി അത്താഴവും ഉണ്ടാക്കുന്ന യന്ത്രം
വീട് വൃത്തിയാക്കുന്ന, പാത്രം മോറുന്ന,
തുണി അലക്കുന്ന യന്ത്രം
കുടുംബം സ്വർഗ്ഗമാണെന്നും,
ചുമതല സന്തോഷമാണെന്നും പറഞ്ഞ്,
ഉപദേശങ്ങൾ തുപ്പി,
ഒടുക്കം പ്രാർത്ഥനയിൽ
ആശ്രയം കണ്ടെത്തുന്ന യന്ത്രം
പക്ഷേ,
യന്ത്രത്തിന്റെ കണ്ണ് കലങ്ങുമോ?
അവ ശോഷിക്കുമോ?
പാരമ്പര്യങ്ങളെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി,
വിധി എന്ന് സ്വയം പറഞ്ഞാശ്വസിക്കുമോ?
അവയ്ക്ക് മനസ്സ് മടുക്കുമോ?
തിരുത്ത് ...
അമ്മ ഒരു മനുഷ്യനെപ്പോലുള്ള യന്ത്രമാണ് !!!
അതോ ...
യന്ത്രം പോലത്തെ മനുഷ്യനോ?!
ഉറപ്പായും മനുഷ്യൻ മാത്രമാവില്ല!!!
മനുഷ്യന് ഇതൊക്കെ ആവുമോ?!!