വിവർത്തനം
വിവർത്തനം


ഭൂതകാലത്തിന്റെ
ഉള്ളറകളിലേക്ക്
കവിതകളെയോ
കഥകളെയോ
വിവർത്തനം
ചെയ്യപ്പെടുമ്പോൾ
വേർതിരിച്ചെടുക്കാൻ
ആവാത്ത വിധം
ഋതുക്കൾ ഓരോന്നായി
എവിടേക്കോ
അകന്നു പോകുന്നു..!
എഴുതി വച്ചിട്ടും
ആരും
വായിക്കപ്പെടാതെയാവണം
ചിലതൊക്കെ
വെള്ളി നൂലുകൾ
പാകി,
ചുക്കിച്ചുളിഞ്ഞു
ഒറ്റപ്പുതപ്പിനുള്ളിൽ
അഭയം പ്രാപിച്ചതും..!
വഴി തേടിവന്ന
ഒരുവന്റെ മുന്നിലെ
പുഞ്ചിരിച്ച കവിതകളിൽ
ഒന്ന് അവൻ സ്വന്തമാക്കിയപ്പോഴാകണം
അവയിൽ നിന്നും
ഒരുപാട് കവിതകൾ
പുനർജനിച്ചതും..!
നിറഞ്ഞ
ശൂന്യതകളിലേക്ക്
കടന്നു പോയത്
കൊണ്ടാവണം
ചിലതൊക്കെ
ഒച്ചയടഞ്ഞ
മുദ്രാവാക്യങ്ങളെപോലെ
പ്രധിധ്വനികളില്ലാതെ
തമ്മിൽ തലതല്ലി
മരിച്ചു വീണതും..!
എന്നിട്ടും
ഞാനെന്റെ
കഥകളെയും
കവിതകളെയും
ഭൂതകാലത്തിന്റെ
ഉള്ളറകളിലേക്ക്
വിവർത്തനം
ചെയ്തു
കൊണ്ടേയിരിക്കുന്നു.. !
വായിക്കാൻ
കഴിയുമെങ്കിൽ
നിങ്ങൾ അത്
വായിക്കുക..!
ഋതുക്കൾ
പടിയിറങ്ങി പോയിട്ടും
വീണ്ടും വസന്തം
നിറഞ്ഞ വരികളാണെന്റെ
കഥകളും കവിതകളും...