വിദ്യാലയ സ്മൃതി
വിദ്യാലയ സ്മൃതി


ഓർമ്മമാത്രം ഇനി ഓർമ്മമാത്രം
ആദ്യമായി അക്ഷരം ചൊല്ലിപ്പടിച്ചോരെൻ,
വിദ്യാലയം ഇനി ഓർമ്മമാത്രം.
ഏവരെയും പുഞ്ചിരിച്ചു വരവേൽക്കുമെൻ
വിദ്യാലയ കവാടമിനി ഏറെ ദൂരെയല്ലോ.
ചൂരലിൻ ചൂടിനാൽ പാഠം
ചൊല്ലിത്തന്നൊരെൻ ഗുരുഭൂതരോ
ഇനി കാണാമറയത്ത്.
ഉള്ളിൽ ആദ്യമായ് സൗഹൃദം വിരിയിച്ച
സധീർത്യരേ നാം ഇനി എന്ന് കാണും?
നീറുമെൻ മനസ്സിൻ വേദന മാറ്റിയ
വിദ്യാലയോദ്യാനം ഇനി സ്നേഹസ്മൃതി.
ഒരുമിച്ചിരുന്നായിരം കാര്യങ്ങൾ
പഠിച്ചൊരെൻ ക്‌ളാസ്മുറിയിൽ
ഇനി നാം എന്നിരിക്കും?
ഉച്ചനേരം കൊച്ചുവർത്തമാ-
നത്തിനിടയിലും പങ്കുവെയ്ക്കും
അന്നമിനി ഓർമ്മ മാത്രം.
ഇടവേളയിൽ ഒന്നിച്ചിനി ദൂരെ
ഹരിതപാടങ്ങൾ നോക്കി നിൽക്കാൻ
എന്നിനിയാകും സ്നേഹിതരേ,
ഒരുമിച്ചാർത്തുല്ലസിച്ചാ ചൂരലിൻ ചൂട്
പങ്കുവെക്കുമ്പോൾ വിരിയും പുഞ്ചിരി
ഇനി ഓർമ മാത്രം.
പിരിയലിൻ വേദനയിൽ നാം എഴുതും
പരീക്ഷയൊ ഇനി ഓർമ്മ മാത്രം.
സ്മൃതികളായി കാണുമെൻകൂടെ
ഇനി എൻ വിദ്യാലയം.