ഓണം
ഓണം


ചിങ്ങമിങ്ങെത്തീ കുഞ്ഞി പെണ്ണേ...
പൂക്കൾ പറിക്കേണം, സദ്യയൊരുക്കേണം, ഊഞ്ഞാലു കെട്ടേണം,
ആർപ്പോ ഇർപ്പോ എന്നോതി വിളിച്ചു മാവേലി തമ്പ്രാനെ വരവേറ്റീടേണം...
സൂര്യനുണരും മുന്നേ ഉറക്കമുണരേണം,
തുമ്പപ്പൂ, കൊന്നപ്പൂ, ചെത്തി, മന്ദാരമൊക്കെ നുള്ളിപ്പറിക്കേണം...
ആ ചെമ്പകപ്പൂവിൻ കൊമ്പൊന്നു താഴ്ത്തെന്റെ കുഞ്ഞി പെണ്ണേ ...
പൂവുകൾ ഓരോന്നായി കുമ്പിളിൽ കോരുമ്പോൾ,
പൂമ്പാറ്റ വന്നാ കുമ്പിളിൻ ചാരത്തു ചേർന്നിരുന്നു...
ഇലയിൽ നിന്നുതിരും മഞ്ഞിൻ കണങ്ങൾ കവിളിൽ ഒലിച്ചു ഇക്കിളി കൂട്ടി...
പൂവുകൾ ഓരോന്നായി കളത്തിലേറീടുന്നു,
ഓണത്തപ്പനോ അരികിലിരുന്നു...
ആമ്പൽ പൂവോ സൂര്യനെ പോലെ പുഞ്ചിരിക്കുന്നു... കോടിയതുടുത്തു കുംകുമം തൊട്ടു,
ഊഞ്ഞാലിൽ ആടുന്ന കുഞ്ഞി പെണ്ണേ...
പായസം പപ്പടം മല്പിടിക്കുമ്പോൾ,
പഴമത് മധ്യസ്ഥനായി നിന്നിടുന്നൂ...
കസവു മുണ്ടണിഞ്ഞു വിളക്കിനു ചുറ്റും നൃത്തമാടീടുന്നു പെൺകിടാങ്ങൾ...
മാവേലി തമ്പ്രാനാ കുടവയറേന്തി,
വീടുകൾ ഓരോന്നായി കേറിയിറങ്ങി...
ഓലക്കുടയും ചൂടിവരുന്നാ ഓണത്തപ്പനേ വരവേൽക്കാൻ,
കുട്ടികൾ തമ്മിൽ മത്സരമായി...
ഏവർക്കും നന്മ വാരി വിതറിയാ ചിങ്ങപ്പുലരി ചിരി തൂകിനിന്നു...