ഒരു സെൽഫി പ്രശ്നം
ഒരു സെൽഫി പ്രശ്നം


എന്റെ ജീവിതത്തെ
ഒരു ചെറു സെൽഫിക്കൂട്ടിലൊതുക്കിയെടുക്കാൻ
ഒടുങ്ങാത്ത ആവേശമാണെനിക്ക്.
തീരാത്ത തൃഷ്‌ണയും.
ഒരു നിശ്ചല ഛായാചിത്രമായങ്ങിനെ
അതിനെ പല പല മാധ്യമങ്ങളിലൂടെ ഞാൻ
അവതരിപ്പിക്കുമ്പോൾ, പ്രദർശിപ്പിക്കുമ്പോൾ,
ആരാര് കാണുമ്പോഴും,
സത്യമതെന്തെങ്കിലുമാവട്ടെ,
എന്റെ ജീവിതമതിനെ ഞാൻ,
ഉല്ലാസസാന്ദ്രമാക്കി, ഒരു നറുചിരിയാക്കി,
അങ്ങിനെയങ്ങിനെയതിനെ
ഒതുക്കിപ്പിടിക്കുന്നു എന്ന് പുറം ലോകത്തിനു തോന്നണം.
വേണ്ടേ? ചിത്രമതാവണ്ടേ?
ജീവിതത്തെ പെരുപ്പിച്ച്, ഉടുത്തൊരുക്കി നിർത്താം.
അതനായാസമല്ലെ?
സെൽഫിയെടുക്കാനും, ഫോൾഡറിലിട്ടു വെക്കാനും
പ്രദർശനവിഷയമായി അവതരിപ്പിക്കാനും
അസാദ്ധ്യമായ ഒരു വിഷയമുണ്ടെൻ മുന്പിൽ - ചരമം.
ഞാൻ കാത്തിരിക്കുന്നു.
അതിനെ കൂടെ ഒരു പുഞ്ചിരിയാൽമൂടി,
പെരുപ്പിച്ചുകാണിക്കാനും, അലങ്കരിച്ചുവിതാനിക്കാനും,
ചരമശേഷവും, ഭദ്രമായ് വെച്ച ഫോൾഡറിനുള്ളിൽനിന്നെടുത്ത്,
പലേ ഉപാധികളിലും വീണ്ടും വീണ്ടും പ്രകാശിപ്പിക്കാനും.
സത്യം! അതെന്തെങ്കിലും ആയി തുലയട്ടെ!
നിങ്ങളുടെ മനസ്സിൽ ഒരു കുശുമ്പിൻ കുത്തുണ്ടാക്കാൻ
എന്റെ പോസ്റ്റ് ഉതകിയെങ്കിലത് മതിയെനിക്ക്!
അതിനുതകുന്ന രീതിയിൽ
സാങ്കേതികവിദ്യകൾ ഉണ്ടാവട്ടെ.
സാങ്കേതിക വിദ്യ വളരുകയല്ലേ?
ഉണ്ടാവും. തീർച്ചയായും.
അതിനായി കാത്തിരിക്കാം.
എന്നിട്ടു വേണം
എനിക്കെന്റെ ചരമം ആഘോഷിക്കാൻ.
ഭംഗിയായി, സന്തോഷമായി!
സത്യം! അതെന്തെങ്കിലും ആവട്ടെ!