പൂജവെപ്പ്
പൂജവെപ്പ്
ഇന്നും ഞാൻ ഓർക്കുന്നു ആ ദുർഗാഷ്ടമി നാൾ,
വിശേഷങ്ങൾ ചൊല്ലി ഞാൻ മുത്തച്ഛനോട്
പുസ്‌തക പൂജവെപ്പിന്റെ;
വാർദ്ധക്യം പ്രതിഫലിക്കുന്ന പല്ലില്ലാത്ത -
മോണകൊണ്ട് മുത്തച്ഛനും
മധുരം കാർന്നുതിന്ന പൊടിപ്പല്ലുകൊണ്ട് ഞാനും
ഊറി ഊറി ചിരിച്ചു; പല ഫലിത സ്‌മൃതിയിൽ.
വിജയദശമി വന്നു,
വെളുക്കും മുൻപെ ഉണർത്തിയ അമ്മയോട്
ദേഷ്യം തോന്നിയോ ? ഓർമ്മയില്ല.
എന്നാൽ, പിന്നീട് ഞാൻ കണ്ടു; എൻ അച്ഛൻ,
ആദ്യമായി മിഴിനീർ തൂകുന്നു.
ഞാൻ ഓടി, മുത്തച്ഛൻ തൻ മുറിയിലേയ്ക്
അവിടെയതാ... എൻ അമ്മ നൽകിയ
ഇളം ചൂടുവെള്ളത്തിൻ ബാക്കി...
ഇപ്പോഴും ചൂടോടെയോ ?