കുഞ്ഞോൾ
കുഞ്ഞോൾ


ചന്തത്തില്‍ ചുരുള്‍മുടി കെട്ടി
സ്വയം വാലിട്ടു കണ്ണൊന്നെഴുതി
നെറ്റിയില്‍ പൊട്ടൊന്നുകുത്തി
കുഞ്ഞോള്‍ ചിരിയ്ക്കുന്ന കണ്ടാല്‍
ഉണ്ടെന്നു തോന്നില്ല ദെണ്ണം
അക്കൊച്ചുഹൃദയത്തിനുള്ളില്‍
അയലത്തെ വീട്ടിലെ അമ്മു
അപ്പുറത്തുള്ളൊരു ചെക്കന്‍
പമ്മി നടക്കും കുറുഞ്ഞി
നങ്ങേലി പശുവിന്‍ കിടാവ്
കൊക്കരകോ കോഴിക്കിടാവ്
എല്ലാര്‍ക്കുമമ്മയുണ്ടല്ലോ
അമ്മയില്ലാതിവര്‍ക്കാര്‍ക്കും
ആവില്ലൊരുദിനം പോലും
അമ്മ എല്ലാവര്‍ക്കുമെന്നും
നന്മ നിറഞ്ഞൊരോര്‍മ്മ
കുഞ്ഞോള്‍ക്കു മാത്രമാണമ്മ
കണ്ണീരിൻ നനവാര്‍ന്നൊരോര്‍മ്മ
കുഞ്ഞോള്‍ക്കുമാത്രമിതെന്തേ
അമ്മയില്ലാത്തൊരുവീട്
സ്നേഹത്തിന്‍ നനവെങ്ങുമില്ല
ബാല്യം വെറും തടവത്രേ
കാലുറയ്ക്കാതെ വിറച്ചും
തപ്പിത്തടഞ്ഞുമിഴഞ്ഞും
അന്തിമയങ്ങുമ്പോഴച്ഛന്‍
എന്നുമീ കോലായിലെത്തും
അമ്മയെക്കാണുമ്പോളാകെ
അടിമുടി വിറപൂണ്ടുനില്ക്കും
കുലടേ നിനക്കവന്‍ മതിയല്ലേ
പതിവുചോദ്യത്തില്‍ തുടങ്ങും
നെറുകയില്‍ കുത്തിപ്പിടിച്ചേറെ
ഭേദ്യങ്ങളെന്നുമുണ്ടാകും
ഉരിയാടുകില്ലൊന്നുമമ്മ
ദൂരെ മിഴിനട്ടു നില്ക്കും
ഒരു സ്വപ്ന ലോകത്തെപോലെ
കുഞ്ഞോളെ കെട്ടിപ്പിടിയ്ക്കും
നെടുവീര്‍പ്പിന്‍ ചൂടിലാ ഹൃദയം
പിടയ്ക്കുന്നതായിട്ടുതോന്നും
അച്ഛനാണെങ്കിലോ നിത്യം
കുഞ്ഞോളെക്കാണെക്കരയും
നെറുകയില്‍ തൊട്ടെന്നുമോതും
ഇല്ല കുടിയ്ക്കില്ല തെല്ലും
ഇനി പൊന്നുമോളാണേ സത്യം
അന്നൊരു തുലാവര്‍ഷമഴയില്‍
മിന്നല്‍പ്പിണരുകള്‍ക്കിടയില്‍
ഇല്ലിനി വരികയില്ലെന്നോതി
അമ്മയിറങ്ങി നടന്നാ-
മാറ്റാച്ചെറുക്കന്റെ കൂടെ
ഇറയത്തുന്നുച്ചത്തില്‍ തേങ്ങി
കുഞ്ഞൊളന്നെത്ര കരഞ്ഞു
അമ്മയവള്‍ക്കെന്നുമെന്നും
വല്ലാതെ നീറുന്നൊരോര്‍മ്മ
അമ്മയുണ്ടെങ്കില്‍ക്കൂടെ
അമ്മയില്ലാതായാലുള്ള
സങ്കടമെത്ര കഠിനം ഇളം
ചങ്കിനു താങ്ങാത്തതല്ലോ