പിന്‍മടക്കം
പിന്‍മടക്കം


നേരമേതുമെനിക്കില്ലയമ്മേ, നിന്‍
ചാരെയിത്തിരി നേരമിരിക്കാന്‍!
ചായുവാനാ,മടിത്തട്ടിലൊന്ന്
ചാരുവാനീ ഭാണ്ഡമിതെല്ലാം
ഭാവിഭാസുരച്ചപ്പുചതുപ്പുകള്‍!
കാല്‍കഴയ്ക്കുന്നു പിച്ചവെച്ചമ്മേ!
ഭൂതമില്ലാത്ത വര്‍ത്തമാനത്തി-
ന്നൂഴമെന്നിതവസാനമമ്മേ?
മോഹമഞ്ഞപ്പു,മാത്രമീ ഭൂവില്‍
സ്നേഹമെന്ന വിളിപ്പേരുമിട്ട്
കെട്ടുകാഴ്ചകളെമ്പാടുമിപ്പോള്‍
ഒട്ടു നില്ക്കാത്ത കാഴ്ചകളമ്മേ
ഒന്നുകൂടെന്റെ ബാല്യസ്മൃതികള്‍
വന്നുപോകുന്ന ചിന്താസരിത്തില്‍
എത്ര നിര്‍മ്മലമായിരുന്നമ്മേ
എന്നെ പെറ്റിട്ട ബാല്യമതൊന്ന്!
പിന്നെ കൌമാരക്കിരിമഷി തേച്ചും
യൌവ്വനത്തിന്റെ ചോരപ്പു ചാര്‍ത്തിയും
വര്‍ണ്ണങ്ങളെത്ര വരച്ചു മായിച്ചു!
ഒന്നുമൊക്കില്ല ബാല്യത്തിനോളം
എന്നറിയുന്നതിപ്പഴാണമ്മേ
ചായട്ടെ ഞാനാ മടിത്തട്ടിലൊന്ന്
ചാരട്ടെ ഞാനീ ഭാണ്ഡമിതൊന്ന്!