നിസ്സംഗം
നിസ്സംഗം
പിച്ച വെയ്ക്കും മുമ്പേ തുടങ്ങണം
പച്ചയായ ജീവിതത്തിന്‍ പടുപണി
നിന്നു തേങ്ങുന്നൊരിന്നിന്റെ മാറില്‍
സ്വപ്നത്തില്‍ കണ്ടൊരിന്നലെകളില്‍
നാളെയെന്നോരോ പൊയ്ക്കിനാക്കളില്‍
നാമറിയാതെ കാലം കടക്കണം
നിസ്സംഗനായി കടന്നു പോകണം
ഉച്ചവെയിലിന്‍ തിളക്കുന്ന ചൂടിലും
കണ്ണു കുത്തുന്നിരുട്ടിന്റെ ചോട്ടിലും
സ്നേഹമെന്ന മുള്ളിലുടക്കി
നോവു പറ്റാതെ നോക്കണം നമ്മള്‍
കരുണയെന്ന ചിതല്‍പ്പുറ്റിനു ചുറ്റിലും
നനവു പറ്റാതെ കാക്കണമെപ്പഴും
വ്യഥകളെ പെറ്റു കൂട്ടുന്ന ലോകത്ത്
പഥികരെപ്പോലെ കാണണമെന്തും
വന്നണയുന്ന സത്രങ്ങളത്രയും
മനസ്സിലേറ്റാതെ തുടരണമീ യാത്ര!
(വിനോദ്)