പുനരപി
പുനരപി


ദുര മൂത്ത മനുഷ്യന്റെ വെറിയാറ്റുവാനായി
ഒരു നാളില്‍ ക്ഷിതിയും മരിച്ചു വീഴും
പൊരിമണല്‍ക്കൂനകള്‍ മാത്രമായുള്ളൊരു
വെറും മരുപ്പറമ്പാകുമീ ഭൂചത്വരം
നിറയെ കബന്ധങ്ങള്‍ ചിതറിക്കിടക്കിലും
ബാക്കിയാകില്ലൊരു കഴുകന്‍ പോലും
ജീവന്റെ കണികകളൊക്കെയും വറ്റിയ
ജഡമായിത്തീരുമീ ക്ഷിതിയെങ്കിലും
ഉഷ്ണമുറഞ്ഞൊരാ ഊഷരഭൂമിയില്‍
ഉണ്ടാകുമൊരുകാറ്റിന്‍ തേങ്ങല്‍ മാത്രം
വിജനമാതീരത്തൊരശരീരിയെന്നപോല്‍
മഴക്കിളിപ്പാട്ടൊന്നു ബാക്കിനില്ക്കും
അക്കിളിപ്പാട്ടിന്റെ ശ്രുതികേട്ടു നിന്നൊരാ-
ദിക്കുകള്‍ പോലുമുണര്‍ന്നെണീയ്ക്കും
ഒരു സുഖശ്ശീതളസ്വപ്നത്തിലെന്നപോ-
ലിനിയും മഴപ്പുലര്‍ക്കാലം വരും
ഇനിയുമീ പുഴകള്‍ കര കവിയും
അതിരുകള്‍ക്കപ്പുറമപ്പുറത്തും
നേരിന്റെ നനവുപടര്‍ന്നിറങ്ങി
ജീവന്റെ കണികകളുയിര്‍ത്തെണീറ്റ്
വിത്തുകള്‍ പുളകിതഗാത്രരായി
നാമ്പുകള്‍ പുതുതായുയര്‍ന്നുപൊങ്ങി
വേരുകള്‍ മണ്ണിതിലൂര്‍ന്നിറങ്ങി
വാരിധി പച്ച പുതച്ചു നില്ക്കും
വെയിലും നിലവും കണ്‍തുറക്കും
താരകള്‍ വാനിലോ പുഞ്ചിരിയ്ക്കും
ഓരോരോ ജീവകണികയിലും
മുഗ്ദസൌന്ദര്യം വഴിഞ്ഞൊഴുകും
വല്ക്കലമൊക്കെയഴിച്ചുവച്ച്
സ്വാര്‍ത്ഥകവചങ്ങളൂരിയിട്ട്
പെറ്റമ്മയെക്കീറിമുറിച്ചിടുന്ന
വിരസം ഗവേഷണം മാറ്റിനിര്‍ത്തി
മനസ്സിലെ കന്മഷമൊക്കെനീക്കി
മാനുഷാ നീയും പുനര്‍ജ്ജനിയ്ക്കും
മണ്ണില്‍, ദിഗംബരമൊന്നുകൂടെ
അമ്മതന്‍ മാറോടുചേര്‍ന്നുനിന്ന്
സര്‍വ്വജ്ഞനാ, മപ്രകൃതിയെന്ന
ശാസ്ത്രപ്രമുഖന്റെ കാല്‍വണങ്ങി
എളിയ പ്രജയായി നിന്നിടാമോ?
പുണ്യമതെത്രയോ ചെയ്തീടുകില്‍
മണ്ണിലെയീക്കൊച്ചുജന്മമുണ്ടാം?
ദുഷ്ക്കര്‍മ്മമോരോന്നു ചെയ്തുകൂട്ടി
ദുരമൂത്തുതല്ലിത്തകര്‍ത്തിടാമോ
സുകൃതം പോലീ ജന്മകല്ലോലങ്ങള്‍
എന്തിന്നുവേണ്ടിയീ പാച്ചിലെന്ന്
നമ്മള്‍ ക്ഷണനേരമോര്‍ക്കുമെങ്കില്‍
പ്രകൃതിയും ജീവനുമൊത്തിണങ്ങി
ഒരു സ്വപ്നലോകമുയിരെടുക്കും
ഓര്‍ക്കുമ്പോഴേ കുളിര്‍ വന്നുമൂടും
ഒരു സുഖശ്ശീതളസ്വപ്നലോകം!