മോക്ഷം
മോക്ഷം
തീവ്രമായ ഒറ്റപ്പെടലിൻ്റെ നരച്ച ദിനങ്ങൾ
പിന്നിൽ കൈവിട്ടു പോന്നത് വസന്തമാണു
ഇതു ഹേമന്തത്തിൻറെ ചുമപ്പും പവിഴവും
ഏറ്റവും മനോഹരമായ കവിത ഓടയയ്ക്കരുകിൽ
കാലഹരണപ്പെട്ട ഓർമ്മയാകുമ്പോൾ
വരികളിൽ നിസ്സംഗത നിർവികാരമായ
നനുത്ത കണ്ണുനീർ കൈ വഴികൾ
നിന്നെ ഒരു ഉപഹാരമായി നൽകുമ്പോൾ
ഇടറാതിരിക്കാൻ ശ്രമിച്ചു
വേച്ചു പോകുന്ന കാലുകളിൽ തളം കെട്ടിയ നീരിൽ
വാനപ്രസ്ഥത്തിൻ്റെ തിളക്കം
നീ എന്ന പ്രണയം ഇനിയും പൂക്കുന്നു
നാടുവിട്ടു വന്നു എനിക്കായ് പൂത്തു തളിർക്കുന്ന
പാരിജാതങ്ങളിൽ
നീ നിറയുന്നു ആകാശത്തിൻ്റെ അപാരത യിൽ
സമുദ്രത്തിൻ്റെ&nb
sp;വ്യാപ്തിയിൽ
ചലനത്തിൽ ,നിശ്ചലതയിൽ
ധ്യാനനിമഗ്‌നമായ കൂമ്പിയ മിഴിയിതളുകളിൽ
ഉർവര പ്രതീക്ഷകളെരിക്കുന്ന കർമകലാഗ്നിയിൽ
നീ ഉതിരുന്ന പഴയ വീഞ്ഞിൽ കുതിർന്ന പുതിയ
വാക്കായി വാക്കിലൊളിച്ചിരിക്കും വരദാനമായി
എന്റ്റെ മോക്ഷത്തിൻ്റെ കവാടമടങ്ങുന്ന വാരാണാസിയുടെ
കല്പടവുകളിൽ ,കാലഭൈരവൻ്റെ കാലടികളിൽ
ബാഷ്‌പീകരിച്ചു പൊഴിയുന്നു ......
നീ എൻറെ ജീവിതവും മരണവും ആയ്
കെട്ടുപിണഞ്ഞു ഉലയുന്ന
കാവിലെ തേവാളപ്പൂക്കൾ പോലെ
കാവിലെ പേരറിയാത്ത കാട്ടു വള്ളികൾ പോലെ
എന്നിട്ടും തളിരിലയിൽ
ഞാൻ കാലത്തിനു കടം നൽകുന്നു
നിന്നെ ....എൻ്റെ ചിരകാല പുണ്യമേ