അഭിശപ്തത
അഭിശപ്തത
മറവിയുടെ മഞ്ഞു വീഴ്ച്ചയിൽ
നേരം തെറ്റിപ്പൂക്കുന്ന കൊന്നപ്പൂക്കൾ മാഞ്ഞുപോയെങ്കിൽ
വഴിത്താരയിൽ ചുവന്ന ചിത്രങ്ങൾ തീർക്കുന്ന തീ വാകകൾ
തുടച്ചു മാറ്റപ്പെട്ടെങ്കിൽ
ഓർമ്മകളുടെ ഈ പാനപാത്രം എടുത്തു മാറ്റപ്പെട്ടെങ്കിൽ
ആത്മാവിനു മേൽ നീ തീർത്ത വിലങ്ങുകൾ
അറുത്ത മാറ്റപെട്ടുവെങ്കിൽ
രാത്രിയുടെ ഏകാന്ത യാമങ്ങളിൽ ഹൃദയം കാർന്നു തിന്നുവാൻ
നിൻറ്റെ വാക്കുകളുടെ കഴുകന്മാർ പറന്നെത്തുന്നു
അവ കൂർത്ത ചുണ്ടുകളാൽ കൊത്തിപ്പറക്കുന്നതു
എൻ്റെ പ്രജ്ഞയാണ്
പകൽ ഒന്നിച്ചു കൂടുവാൻ നീ ശപിച്ചെറിഞ്ഞ ഹൃദയം
നിൻറ്റെ കാൽക്കൽ അർപ്പിച്ച അർഘ്യമാണ്
ഓരോ രാവും ഉറക്കമില്ലാതെ വേദനിക്കുമ്പോൾ
നീ എൻ്റെ ഏറ്റവും വല്യ തെറ്റാകുന്നു
തെറ്റിനും ശരിക്കുമിടയിൽ ഞാൻ കവിത തളിർക്കുന്ന
പാലമരമാകുന്നു
അതിന്നു ചുവട്ടിൽ കമിതാക്കൾ സ്വയം മറന്നു രമിക്കുന്നു
എഴുത്താണിയിലൂടെ ഉറുന്ന എൻ്റെ രക്ത കണികകളിൽ
നീ മരണമില്ലാത്ത എൻ്റെ അഭിശപ്‌തതയാകുന്നു
നീ എന്തു കൊണ്ടോ എൻ്റെ ഒരേ ഒരു പ്രണയമാകുന്നു

