നൊമ്പരചുടലകളുടെ കൊറാൻറ്റയിൻ…
നൊമ്പരചുടലകളുടെ കൊറാൻറ്റയിൻ…
പതിനെട്ടാം നിലയിലെ ബാൽക്കണിയിൽ,
തനിച്ചായിപ്പോയ എന്നിലേക്ക്,
കാറ്റ് വരച്ചുചേർത്ത,
ചില ഇടവഴികൾ തെളിയുന്നുണ്ട്.
നിറംമങ്ങിയ ഉടുപ്പുകളിഞ്ഞ, വീടുകൾ നിറഞ്ഞ,
ഗലികൾക്കിരുവശവുമുള്ള വഴികളിൽ,
പലായനത്തെ സ്വപ്നം കാണാത്ത,
കുറെ ദേശാടനപക്ഷികൾ,
കൃത്യമായ അകലം പാലിച്ചു,
ഓർമയിലേക്ക് വരിനിൽക്കുന്നുണ്ട്.
കരളു മുറിച്ച നോവിന്‍റെ വേരുകൾ,
അവരുടെ വിരലുകളെ കാർന്നു തിന്നുമ്പോഴും,
പാതി മറച്ച മുഖവുമായി,
കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ.
ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍,
വെയിലേറ്റു നരച്ച മുഖ ചിഹ്നങ്ങളണിഞ്ഞു,
വരിനിൽക്കുന്ന വഴിയരികുകളിൽ,
മൂടാൻ മറന്നുപോയ മരുഭൂമിയുടെ ഖബറുകളുണ്ട്.
മറന്നു തുടങ്ങിയ എന്റെ ഓർമ്മയിലേക്കുള്ള,
പാതയിൽ ഇനി മറ്റൊരാകാശം കണ്ടെടുക്കാൻ,
എന്നിൽ മൂടി നിൽക്കുന്നയീ മൗനം,
എത്രനാൾ പെയ്തൊഴിയണം.