STORYMIRROR

Udayachandran C P

Abstract

4  

Udayachandran C P

Abstract

*ന്യായാംഗനാ ശിലയുടെ ആത്മഗതം!

*ന്യായാംഗനാ ശിലയുടെ ആത്മഗതം!

1 min
222

വൈകിപ്പോയൊരുപാട്. 

ഞാനതറിയുന്നു വാസ്തവം.

നിങ്ങളെ തിരിച്ചറിയാൻ,

നിങ്ങൾ തന്നുള്ളിന്റെ ഉള്ളറിയാൻ!  


ഒരു കുഞ്ഞു തുലാസിൽ മാത്രം  

അളന്നു തൂക്കിയെടുക്കാവുന്ന 

ജീവിതങ്ങളാണോ നമ്മുടെ ചുറ്റും?


അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടാൻ 

മാത്രമറിയുന്ന ഈ കൊച്ചു ത്രാസിനെ,

നിരന്തരം,

പൂട്ടാത്ത മിഴികളിലെ ഒളിയും, 

കൂർപ്പിച്ച കാതുകളിലെ മുഴക്കവും,

അടക്കാത്ത വായിന്റെ ഊക്കും, 

ചൂടണയാ നെഞ്ചിലെ എരിവും, 

കയ്യിലുറപ്പിച്ച വാളിന്റെ തീക്ഷ്‌ണതയും, 

പണമിട കൂടെ വിടാതെ 

നീതി-ന്യായങ്ങളുടെ കൂടെ തൂക്കമായ്,

കൂട്ടിയും കുറച്ചും,

ഏറ്റിയും ഇറക്കിയും, 

സമപ്പെടുത്താൻ ഞാൻ ക്ലേശിക്കുമ്പോൾ, 

കെട്ടിയടച്ചതല്ലേ നിങ്ങളെൻ കണ്ണുകൾ! 

ഒളിയിന്നുയിർ കൊട്ടിയടച്ചന്ധകാരം 

നിങ്ങൾ നിറക്കാൻ മടിച്ചില്ലെൻ മിഴികളിൽ.


കാണരുതല്ലോ ഞാനൊന്നും തന്നെ!

ത്രാസ്സിന്റെ നിലയോ, അസമത്വമോ 

ഒന്നുമൊന്നും എനിക്കറിയാനാവരുതല്ലോ!

ഒട്ടിയ വയറോ, വരളും നാവോ, 

കുഴിഞ്ഞ കണ്ണോ, വിതുമ്പും ചുണ്ടോ, 

നെഞ്ചിലെ അന്തിമശ്വാസത്തിൻ പടപടപ്പോ, 

യാതോന്നുമെൻ മിഴിയിൽ വീഴരുതല്ലോ! 


ഞാൻ ശിലയാണെന്നാലും, 

കല്ലിൽ കൊത്തിയതാണെന്നാലും, 

എൻ മനസ്സിലെ വേവും ചൂടിൽ 

പതം വരുത്തിയെടുക്കും  

നീതിയും, ന്യായാ-ന്യായങ്ങളും,

അസ്വസ്ഥമാക്കുന്നു നിങ്ങളെ 

എന്നറിയാൻ വൈകിപ്പോയോരു 

കോമാളി പ്രതിമ ഞാൻ! 


അറിയുന്നു ഞാൻ, 

എത്രയേറെ യാചിച്ചാൽക്കൂടെ 

നിങ്ങളെൻ കണ്ണഴിക്കില്ല.


മറ്റൊരു യാചനയാണെനിക്കുള്ളതിപ്പോൾ:

കണ്ണിനോടോപ്പം, എന്റെ ചെവികൊട്ടിയടക്കാമോ?

ആർത്തരോദനങ്ങൾ എന്നിലേക്കെത്തില്ലല്ലോ!

ആക്രന്ദനങ്ങൾ എന്നെ തൊടുകയില്ലല്ലോ!

ശിലയെങ്കിലും എന്നുള്ളിലെ തപിക്കും 

ഹൃദയത്തിനൊരു ദയാവധം നൽകി അനുഗ്രഹിക്കാമോ,

എന്നെ വെറുമൊരു കല്ലാക്കി മാറ്റാമോ? 

കരിങ്കല്ലിൽ കൊത്തിയ വെറുമൊരു രൂപമായ് മാറ്റാമോ?  


* “ലേഡി ഓഫ് ജസ്റ്റിസ് ശില”യുടെ കണ്ണുകൾക്ക് പൂട്ട് വീണത്  

16 - )൦ നൂറ്റാണ്ടിലാണ്. അതിനു മുന്നേ ശിലയുടെ കണ്ണ് തുറന്നായിരുന്നു.  


Rate this content
Log in

Similar malayalam poem from Abstract