ഇത്തിക്കണ്ണികൾ
ഇത്തിക്കണ്ണികൾ
ഇത്തിക്കണ്ണികൾ വളരട്ടെ,
അഭിലാഷങ്ങൾതൻ
നീരുകളൂറ്റിക്കുടിച്ചു
മദോന്മത്തരായ്,
ഞാൻ ചെപ്പുകുടത്തിലാക്കി
സൂക്ഷിച്ചിരിക്കുന്നൂ
ഭാഗ്യവും നിർഭാഗ്യവും,
സ്വന്തം ഇച്ഛാശക്തികൾ
കൊണ്ടു നേടിയതെല്ലാം,
ആത്മവിശ്വാസമാകും
തങ്കപത്രികയിൽ പൊതിഞ്ഞു
സ്വർണ്ണ നൂലുകൾകൊണ്ടുകെട്ടി,
നേട്ടങ്ങളുടെ പട്ടികയെല്ലാം
ആമാടപ്പെട്ടിയിൽ ആകാശം
കാണാതെ സൂക്ഷിപ്പൂ!
ആത്മവിശ്വാസമില്ലാത്ത-
വരാകും ഇത്തിക്കണ്ണികൾ
പൊട്ടിമുളക്കട്ടെ
ആത്മരോഷങ്ങൾക്കടിപ്പെട്ട്,
എല്ലാം ചവിട്ടിപ്പുറകോട്ടു
തള്ളാമെന്ന
വ്യാമോഹങ്ങൾക്കടിപ്പെട്ട്,
അന്യന്റെചിന്തകളെല്ലാം തന്റെ ചിന്തകളാക്കാമെന്ന
വ്യർത്ഥസ്വപ്നങ്ങളിലടിപ്പെട്ട്,
ഒരിക്കലും പൊട്ടിമുളയ്ക്കാത്ത
വിത്തുകൾ വിതച്ച്
കനകം വിളയിക്കാമെന്ന
മലർപ്പൊടിക്കാരന്റെ
ചിന്തകളാൽ ലോകം മുഴുവൻ
വിഡ്ഢികളാക്കപ്പെട്ട്..!
ചിതലിക്കാത്ത ചിന്തകളെല്ലാം
ആത്മാവിൻ
പുസ്തകത്താളുകളിൽ
പകർത്തുവാനാവാതെ,
തൂലികയിൽ നിറഞ്ഞ
മഷികളെല്ലാം മാനത്തൂടെ
വിലയംപ്രാപിക്കുന്നത് കണ്ടു
ഗദ്ഗദചിത്തരായി
ഇരിക്കുന്നവരുടെ അക്കങ്ങൾ
കൂടിവരുമ്പോഴും
വേരുകൾ പോകുന്നിടത്തെല്ലാം
പെരുകുന്നു ഇത്തിക്കണ്ണികൾ !
ബുദ്ധി,കുഴമ്പായതൈലത്തിൽ
മുക്കിവച്ചിട്ടുണ്ടെന്ന
പ്രാപിടിയൻമാരാം വിഡ്ഢികളുടെ
ചിരികൾക്കിടയിൽ,
ഭ്രാന്തൻകല്പനകളിലടിപ്പെട്ടു
ചിന്താശൂന്യരെന്നു
കൽപ്പിക്കപ്പെട്ടവരുടെയിടയിൽ,
വമ്പനെന്നുള്ളിൽ ചിരിക്കുന്നു
ഇളിഭ്യരായ കൊമ്പന്മാരെല്ലാം!
ചൂഷണങ്ങൾ തിരിയാത്തവർ
തിരയനാവാത്ത പാറകൂട്ടങ്ങൾ -
ക്കിടയിൽ ഉരഗത്തെക്കണ്ടു
കൺമിഴിക്കുന്നു, കാലിനടിയിലെ
മണ്ണും മണലും ഊർന്നു -
പോകുന്നതറിയാതെ, വിഷമിപ്പോൾ
വമിക്കുമെന്ന ഭീതിയോടെ,
തീഷ്ണതകളെല്ലാം അഗ്നിയിൽ
എരിഞ്ഞടങ്ങുമെന്ന വ്യഗ്രതയാൽ!
ഇപ്പോഴും ഇത്തിക്കണ്ണികൾ
ചൂടുംചൂരും തിരയുന്നു
ഒന്നല്ലെങ്കിൽ വേറെന്തെങ്കിലു -
മെന്നചിന്തയാൽ,
ഉലയിൽ കാണാത്ത
വൈഡൂര്യപ്പൊട്ടുകളെയെല്ലാം
വീഥിയിൽ വിതറിയിട്ടു
നിന്നു ചിരിക്കുന്നു,
വാനോളം പുകഴ്ത്തും ഒരുകൂട്ടം
ചീന്തേരുകളുടെ ഒളിമാങ്ങാത്ത
മിനുക്കം കണ്ട്
അസത്യവും മിഥ്യയും
പുകച്ചുരുളുൾപോൽ
വിലയം ചെയ്യുന്നതുകണ്ട്!