ഒന്നിനുമല്ലാതെ
ഒന്നിനുമല്ലാതെ
1 min
323
ഒന്നിനുമല്ലാതെ പൂക്കുക
ഒരുവേള
ശലഭമൊന്നു വിരുന്നെത്താം
കരിവണ്ടുകളറിയാതെ പോയിടാം...
അലരായ് വെറുതെയിരിക്കുക
അലയും കാറ്റിന്റെ
അരുമയാം കുഞ്ഞിന്റെ
കുസൃതിയിലീ ദളങ്ങൾ പൊഴിയാം,
ദിനകരൻ മറയുവോളം
ചിരി മായാതെ നിന്നിടാം...
ഒരുവേള കണ്ണനു ചാർത്തുന്ന മാലയിൽ
വിൺതാരകം പോൽ
കൺചിമ്മി നിന്നിടാം...
ഒന്നിനുമല്ലാതെ വാടിവീഴുക
മണ്ണിന്റെ ചുടുനെഞ്ചിലിതളുകൾ ചേർക്കുക
അറിവില്ലാതാകാം,
കനിവില്ലാതാകാം,
കഠിനമൊരു പാദം
ചവിട്ടി മെതിക്കാം...
ഹൃദയത്തിൻ തംബുരു
മീട്ടിയൊരു പഥികൻ
അതു വഴി വന്നെത്താം
ഒരു മാത്ര മൗനിയായ്
നെടുവീർപ്പു ചാലിച്ച്
പതിതയാം പൂവെന്ന
കവിതയെഴുതീടാം
ഒന്നിനുമല്ലാതെ...