വിരുതർ!
വിരുതർ!
അല്ലെ?
അല്ലെങ്കിലും നാം വിരുതരല്ലേ?
വലുപ്പമേറും മരങ്ങൾ തൻ കുഞ്ഞിനെ,
കൂട്ടിലിട്ടും, വളച്ചൊടിച്ചും,
കുഞ്ഞൻ ചെടിയാക്കി മാറ്റിയും,
നാം ബോൺസായ് കളിക്കാറില്ലെ?
അടക്കമില്ലാത്തതികായന്മാരെ,
കാടിളക്കി നടക്കും ഗജവീരന്മാരെ,
മറ്റു മെരുങ്ങാപ്പൂതങ്ങളെ,
മെരുക്കിയൊതുക്കി, കുഴിയാന
സമമാക്കി നടത്താറില്ലെ നമ്മൾ?
അരൂപിയായ ദൈവങ്ങൾ തൻ പേർ ചൊല്ലിയും,
മിഴിയില്ലാ-നെഞ്ചില്ലാ ശിലാരൂപികളാം
പെരുമാളുകളവരിൽ ഊറ്റം കൊണ്ടും,
പോരടിച്ചും, പിന്നെ തല്ലിയും, കൊന്നും,
സർവ്വരെയും ദൈവതുല്യരാക്കി,
മാറ്റാൻ കഴിവുള്ളവർ നമ്മൾ.
പകലൊളിയെ വീണ്ടും ഇരുട്ടാക്കി മാറ്റുവാൻ,
വിഷമമെന്തിന്? നാം പഠിച്ചതേറെ.
കണ്ണുരണ്ടും കൂട്ടിയടച്ചാൽ രാത്രിയായില്ലേ!
നമുക്ക് സ്വയം കാണാൻ പറ്റുന്നതത്രെ ശരി,
സ്വന്തമായ് നാമറിയുന്നതല്ലെ സത്യം!