Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Udayachandran C P

Abstract

4.0  

Udayachandran C P

Abstract

ഒരു തുറന്നെഴുത്ത്

ഒരു തുറന്നെഴുത്ത്

1 min
23.4K


ജീവിതത്തിലെ ദുരിതമോരോന്നും

ഓരോ അശനിപാതമാണ്.

കണക്കോ, കയ്യോ ഇല്ലാത്ത,

നിയമമോ, നീതിയോ തൊടാത്ത,

മയമോ, ദയയോ തൊട്ടുതീണ്ടാത്ത,

ഒരു കടന്നുകയറ്റം. 

ഒറ്റയടിക്ക് എല്ലാം തകർക്കുന്ന ഒരു വെള്ളിടിവെട്ട്‌.


അതറിയണമെങ്കിൽ, ആ ദു:ഖത്തിന്റെ കാഠിന്യമറിയണമെങ്കിൽ, 

ആ ദുരിതത്തിലകപ്പെട്ടു നീ ഞെരിഞ്ഞമരണം. 

ആളിപ്പടരുന്ന ആ തീയിൽ പൊള്ളി എരിയണം.

സർവ്വതിനേയും തന്റെ ആലിംഗനത്തിൽ 

കുരുക്കി മുറുക്കുന്ന പ്രളയത്തിൽ മുങ്ങി,

ശ്വാസം കിട്ടാതെ വലഞ്ഞു, നട്ടം തിരിയണം.

വിശപ്പിന്റെ ഇല്ലായ്മയും വല്ലായ്‌മയും 

നിന്റെ ആമാശയത്തിനുള്ളിൽ ചുഴലിയായി ഉറഞ്ഞുതുള്ളണം.

ശാരീരികവും, മാനസികവുമായ പീഡനത്തിൽ 

പാവം ബലിമൃഗമായ നിന്റെ ഹൃദയഭേദകമായ നിലവിളി 

വനവൃക്ഷങ്ങൾക്കിടയിൽ വഴിയറിയാതെ മരവിച്ചു നിൽക്കണം.


പക്ഷെ,

ചില്ലുകൊട്ടാരത്തിന്റെ ഉയരങ്ങളിൽ ഇരുന്നുകൊണ്ട്,

ദൂരെ ആളുന്ന തീയും,

താഴെയെങ്ങോ, ദംഷ്ട്ര കാണിച്ചലറിയോടുന്ന പെരുവെള്ളവും,

വെറുംവയറ്റിൽ നിന്നുയരുന്ന നെടുവീർപ്പിൻ കൊടുംചൂടും, 

ചുറ്റും കൂടിയ മാംസഭോജികളുടെ 

കൂർത്തപല്ലുകളിലും നഖങ്ങളിലും കുടുങ്ങി 

അടഞ്ഞുപോവുന്ന ശബ്ദത്തിന്റെ ആർത്തനാദവും 

എല്ലാം നിനക്കൊരു കൂത്തോ നാടകമോ പോലെ, 

ഒരു വർണ്ണക്കൂട്ടുള്ള തമാശയായി, 

ഒരു മഴവില്ലിന്റെ മനോഹാരിതയായി മാത്രം അനുഭവപ്പെടുന്നുവെങ്കിൽ, 

അത് നിന്റെ കാഴ്ച്ചയുടെ സവിശേഷത തന്നെ. 

സംശയമേ വേണ്ട.


ചില്ലുകൊട്ടാരം സൃഷ്ടിക്കുന്ന പുത്തൻ മാനമാണത്. 

ചില്ലിന്റെ വർണങ്ങൾ നിന്നെ കീഴ്പെടുത്തിയെങ്കിൽ,

അതിലെങ്ങിനെ നിന്നെ കുറ്റപ്പെടുത്താനാവും?

പ്രളയം പുതിയൊരു സുന്ദരനിർവചനമായി മാറിയെങ്കിൽ, 

അത് നിന്റെ മനസ്സിന്റെ വലുപ്പമായ് ഞങ്ങൾ കാണേണ്ടതായുണ്ട്.

വിശപ്പിനു ഒരു പുത്തൻ മാനം കൊടുക്കുന്നതിൽ നീ വിജയിക്കുന്നു 

എന്നത്, ഒരു പക്ഷെ, പലർക്കും അലോസരമുണ്ടാക്കിയേക്കാം.

ആനന്ദദായകമായും സ്നേഹസാന്ദ്രമായും 

ഉള്ളൊരു അനുഭവമായ് ബലാൽക്കാരം, നിനക്ക് 

പരിവർത്തനം ചെയ്യാൻ കഴിഞ്ഞു എന്നത് 

നമ്മുടെയെല്ലാം ജീവിതത്തിലെ പുതിയൊരു ധാരണയും അറിവുമല്ലേ?


ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു.

നമുക്ക് വേണ്ടത് കൂടുതൽ ചില്ലുകൊട്ടാരങ്ങളാണ്.

വർണാഭമായ ചില്ലുകളെക്കൊണ്ടാവുമ്പോൾ

എല്ലാ ദുരിതങ്ങളും ക്ലേശങ്ങളും വേഷം മാറി 

സവർണ്ണ ചിത്രങ്ങളായി മാറുന്നു.

ജീവിതം ഒരു സുന്ദരസുരഭില സ്വപ്നവും.


*** വിധിയെ ബലാത്സംഗമായി കാണാൻ ശ്രമിക്കുക . ചെറുക്കാൻ ആവില്ലെങ്കിൽ, അതാസ്വദിക്കാൻ പഠിക്കണം" എന്ന ഒരു മാന്യപൊതുപ്രവർത്തകയുടെ ജല്പനത്തിന്നെതിരെയുള്ള പ്രതികരണം.


Rate this content
Log in

Similar malayalam poem from Abstract