മരിച്ച ഒരുവൾ
മരിച്ച ഒരുവൾ
മരണത്തെ വേളി കഴിച്ച ഒരുവൾ
എത്ര പേരെയാണാ ചടങ്ങുകൾക്കായി
തന്നരികിലേക്കെത്തിക്കുന്നത്.
ഇഷ്ടങ്ങൾ രുചിച്ചിറക്കിയവരും
അനിഷ്ടങ്ങളെ കാർക്കിച്ചു
തുപ്പിയവരും .....
എത്രയെത്ര മനസ്സുകളിലാണ്
അവൾ മൂകതയുടെ ജാലവിദ്യ
കാണിക്കുന്നത്.
അതിലുമേറെ പേരുടെ
ഹൃദയ ഭൂപടത്തിൽ നിന്നും
ഏതാനും നിമിഷങ്ങൾക്കകം
മാഞ്ഞുപോയേക്കാവുന്ന
കിനാരാജ്യമാണവൾ.
മരിച്ചവളുടെ വീടുകളിൽ
എത്ര പെട്ടെന്നാണ് ഋതുക്കൾ മാറിമറിയുന്നത്.
ഇന്നലെ വസന്തകാലം പൂത്തുലഞ്ഞയിടങ്ങളിൽ
ഇന്ന് കടുത്ത വേനലാണ്.
നാളെ വീണ്ടുമൊരു വസന്തം വന്നെത്തും.
ഇന്നുകളെ ഇന്നലെകളുടെ
ഭരണിയിലവൾ ഉപ്പിലിട്ടുവെക്കും.
നോക്കൂ....,
എന്തൊരത്ഭുതമാണ്,
എന്തൊരതിശയമാണ്.
മരിച്ച ഒരുവൾ
എത്ര ശാന്തമായാണ്
സൗമ്യമായാണ്
തന്നെക്കാണാൻ വരുന്നവരെ കബളിപ്പിക്കുന്നത്
വീട്ടുകാരെയും നാട്ടുകാരെയും
ശത്രുക്കളെയും പോലും ഒന്നിച്ചിരുത്തുന്നത്,
അപരിചിതരെപ്പോലും പരിചിതരെപ്പോലെ
ഒന്നിച്ചിരുത്തി ഊട്ടുന്നത്,
കേറിവരുന്നവരെയെല്ലാം
ഒരേ ചവിട്ടിയിൽ കാല് തുടപ്പിക്കുന്നത്,
തന്നെ പണ്ട് ചവിട്ടി കടന്നു പോയവരെയെല്ലാം
ഒരേ ചവിട്ടിയിൽ സൗമ്യ പാദരായി കടത്തിവിടുന്നത്..
ഒരേ കയറ്റുപായയുടെ
ഇഴകളാക്കുന്നത്.
മരിച്ച ഒരുവളല്ലേ ശരിക്കും
ജനാധിപത്യം വായിപ്പിക്കുന്നവൾ
അവളല്ലേ സർവ്വം സമത്വം
എന്നത് പ്രപഞ്ചത്തിനു
മുന്നിൽ കാട്ടിക്കൊടുക്കുന്നത്.
ജീവിതത്തിൽ കാണാൻ കൊതിച്ച പലതും
കാണാത്ത പലതും
കാണുന്നത് മരിച്ചവളുടെ
പാതിയടഞ്ഞ കണ്ണുകളിലല്ലേ..!